പാലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുഎസില്‍ നടക്കുന്ന യുഎന്‍ജിഎ സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഗസയിലെ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും പാലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സിലൂടെ അറിയിച്ചു.
ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണം; പ്രമേയം പാസാക്കി UN
ഒരു വര്‍ഷത്തിനകം പാലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന് പ്രമേയമാണ് പാസാക്കിയത്. 14നെതിരെ 124 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇന്ത്യ ഉള്‍പ്പടെ 43 രാജ്യങ്ങളാണ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത്. ഇസ്രായേല്‍, US തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഗസയില്‍ 24 മണിക്കൂറിനിടെയുണ്ടാ ആക്രമണത്തില്‍ 20 പാലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു.
ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു
ഖാന്‍ യൂനിസിലെ അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്. ക്യാമ്പില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അല്‍-മവാസി മേഖലയിലെ 20 ഓളം ടെന്റുകള്‍ തകരുകയും ക്യാമ്പിനുള്ളില്‍ 30 അടി താഴ്ചയുള്ള വന്‍ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.
ഹമാസിന്റെ പുതിയ മേധാവിയായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ചു
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്നാണ് പുതിയ മേധാവിയായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ചത്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് കാരണമായ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് യഹ്യ. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സദ്ദീന്‍ അല്‍ ഖസം തലവനായിരുന്ന 61കാരനായ സിന്‍വര്‍ 23 വര്‍ഷം ഇസ്രായേലില്‍ ജയിലിലായിരുന്നു.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഡ്രോണാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെം നഗരത്തിനടുത്തുള്ള സെയ്തയില്‍ കാറിന് നേരെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായത്. ഖാന്‍ യൂനിസിനടുത്ത് നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളുമടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ഖാന്‍ യൂനുസില്‍ ആക്രമണം നടത്തിയതെന്നും മധ്യ ഗസയില്‍ നിന്ന് തുടര്‍ച്ചയായി ഉഗ്രസ്‌ഫോടന ശബ്ദം ഉയര്‍ന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു.
പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് അര്‍മേനിയ
വെള്ളിയാഴ്ചയാണ് പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു കൊണ്ട് അര്‍മേനിയ പ്രസ്താവന പുറത്തിറക്കുന്നത്. ഇതോടെ പാലസ്തീനെ അംഗീകരിക്കുന്ന 149ാംമത്തെ രാജ്യമായി അര്‍മേനിയ മാറി. സിവിലയന്‍മാര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ അര്‍മേനിയ അംഗീകരിക്കുന്നില്ലെന്നും ബന്ദികളെ നിരുപാധികം വിട്ടയക്കാന്‍ ലോകരാജ്യങ്ങള്‍ ആഹ്വാനം ചെയ്യണമെന്നും അര്‍മേനിയ പ്രസ്താവനയിലൂടെ അറിയിച്ചു.
നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം
ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഫയുടെ കേന്ദ്ര ഭാഗത്ത് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. അതേസമയം ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്കും റോക്കറ്റ് ആക്രമണമുണ്ടായി. 250 ദിവസം പിന്നിട്ട ആക്രമണത്തില്‍ ഇതുവരെ 37,232 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; ആറ് പാലസ്തീനികള്‍ കൊല്ലപ്പെട്ടു
വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന് വടക്ക് പടിഞ്ഞാറ് കാഫ്ര്‍ ദാന്‍ ഗ്രാമത്തിലേക്ക് ഇസ്രായേല്‍ സേന അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. സായുധരായ നാലു പേരെയാണ് സൈന്യം വധിച്ചതെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം നടന്ന ജെനിന്‍ പ്രദേശത്ത് നാല് തോക്കുകള്‍ കണ്ടെത്തിയതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.
ഇസ്രായേലില്‍ നിന്ന് അംബാസഡറെ പിന്‍വലിച്ച് ബ്രസീല്‍
ബ്രസീല്‍ അംബാസഡറെ പിന്‍വലിച്ചതില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. രണ്ടാംലോക യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ എന്താണോ ജൂതന്‍മാരോട് ചെയ്തത് അതുതന്നെയാണ് ഇസ്രായേല്‍ ഗസയില്‍ പാലസ്തീനികളോട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഫയിലെ ടെന്റുകള്‍ക്ക് നേരെ വീണ്ടും ഇസ്രായേലിന്റെ ആക്രമണം
പാലസ്തീനികളെ താമസിപ്പിച്ചിരുന്ന ടെന്റുകള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ടെന്റിന് സമീപത്തുള്ള കെട്ടിട സമുച്ചയത്തിനും തീപിടിച്ചു. ഇതോടെ ഗസ്സയിലെ ആകെ മരണം 36,050 ആയി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പാലസ്തീനികളെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്യുന്നതും തുടരുകയാണ്.