വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍
രാജ്യാന്തര ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. കാണ്‍പൂരില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിര്‍പുരില്‍ നടക്കുന്ന ടെസ്റ്റോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും സുരക്ഷാ കാരണങ്ങളാല്‍ മിര്‍പുരില്‍ കളിക്കാനായില്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരെ നടക്കുന്ന മത്സരം തന്റെ അവസാന മത്സരം ആയിരിക്കുമെന്നും താരം അറിയിച്ചു.
ISL: ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം
ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 63ാം മിനിറ്റില്‍ നോഹ സദൂയി, 88ാം മിനിറ്റില്‍ ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാളിനായി മലയാളി താരം പി.വി. വിഷ്ണുവാണ് ഗോള്‍ നേടിയത്.
ഫിഡെ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ചെസ് ഒളിംപ്യാഡില്‍ ആദ്യമായാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കുന്നത്. പുരുഷ വിഭാഗത്തിലാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഗുകേഷ് ഡി, പ്രഗ്‌നാനന്ദ, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി എന്നിവര്‍ അടങ്ങിയ ടീമാണ് നേട്ടം സ്വന്തമാക്കിയത്. സ്ലോവേനിയയ്ക്ക് എതിരായ മത്സരം സമനിലയിലായതാണ് ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് എത്തിച്ചത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ചെന്നെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് വിജയിച്ചതിന് പിന്നാലെയാണ് ടീം പ്രഖ്യാപിച്ചത്. ഒന്നാം ടെസ്റ്റിലുണ്ടായിരുന്ന അതേ ടീമിനെത്തന്നെയാണ് രണ്ടാം ടെസ്റ്റിലും BCCI നിലനിര്‍ത്തിയത്. സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്. രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍ എന്നിവരാണ് ടീമിലെ അംഗങ്ങൾ. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.
ISL ൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും
ISL ൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മല്‍സരത്തിന് ഇറങ്ങും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇരു ടീമുകളും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ആദ്യകളിയിൽ പഞ്ചാബ് FC യോട് 2-1നായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. അസുഖം കാരണം ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്ക് ഇന്നത്തെ മത്സരവും നഷ്ടമാകും. ലൂണയുടെ അഭാവത്തിൽ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചാകും ഇന്നും ടീമിനെ നയിക്കുക.
ചെന്നൈ ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 280 റൺസിന്റെ വിജയം
ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിവസത്തിന്റെ ആദ്യ സെഷനിൽത്തന്നെ വിജയം കരസ്ഥമാക്കി ഇന്ത്യ. 515 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. സെപ്റ്റംബർ 27ന് കാണ്‍പൂരിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് .
ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ്; ഇന്ത്യയുടെ ലീഡ് 300 കടന്നു
ചെപ്പോക്കില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ രണ്ടാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. 33 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ഒന്നാം ഇന്നിങ്സിൽ 149 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ലീഡ് 308 റൺസായി. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ 4 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് നേടുന്ന ആറാമത്തെ പേസറായി.
ദുലീപ് ട്രോഫി; സെഞ്ച്വറി നേടി സഞ്ജു സാംസണ്‍
ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിലാണ് ഇന്ത്യ ഡിയുടെ താരമായ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയത്. 94 പന്തുകളില്‍നിന്ന് 11 ഫോറുകളും മൂന്നു സിക്‌സറുകളുമുള്‍പ്പെടെയാണ് സഞ്ജു സെഞ്ച്വറിയിലേക്കെത്തിയത്. ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ രണ്ടാം മത്സരമാണിത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജുവിന്റെ സെഞ്ച്വറികളുടെ എണ്ണം 11 ആയി.
ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ്: ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യക്ക് ഭേധപ്പെട്ട സ്കോർ
ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 339 എന്ന നിലയിൽ ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചു. രവീന്ദ്ര ജഡേജയും, രവിചന്ദ്രൻ അശ്വിനും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. രണ്ട് സിക്സും 10 ഫോറും ഉൾപ്പെടെ ജഡേജ 117 പന്തിൽ നിന്ന് 86 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്. അശ്വിൻ 112 പന്തിൽ നിന്ന് 102 റൺസ് എടുത്ത് ക്രീസിൽ തുടരുകയാണ്. ബംഗ്ലാദേശിനായി ഹസൻ മഹ്‌മൂദ് ആണ് നാല് വിക്കറ്റും വീഴ്ത്തിയത്. നഹ്ദി റാണ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ICC പുരുഷ – വനിതാ ലോകകപ്പുകളിൽ സമ്മാനത്തുക തുല്യമാക്കി
പുരുഷ, വനിതാ ലോകകപ്പ് ജേതാക്കള്‍ക്ക് തുല്യമായ സമ്മാനത്തുക പ്രഖ്യാപിച്ച് ICC. അടുത്ത മാസം തുടങ്ങുന്ന വനിതാ ട്വന്റി 20 ലോകകപ്പ് മുതൽ ഇത് പ്രാബല്യത്തില്‍ വരും. 2.34 ലക്ഷം ഡോളറാണ് (ഏകദേശം 20 കോടി രൂപ) കിരീടം നേടുന്ന ടീമിനു സമ്മാനമായി ലഭിക്കുക. 2023 ലെ ലോകകപ്പിനെ അപേക്ഷിച്ച് രണ്ടിരട്ടിയോളം വര്‍ധനവാണ് ICC സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്. നേരത്തെ BCCI പുരുഷ - വനിതാ ടീമുകൾക്ക് തുല്യ വേതനം നൽകുമെന്ന് അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് UAE ലാണ് വനിതാ ടി20 ലോകകപ്പ് ആരംഭിക്കുക.