നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
നിപ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളിലും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണവും, മാസ്‌ക് നിർബന്ധമാക്കിയതടക്കം എല്ലാ നിയന്ത്രണങ്ങളും ജില്ലാ ഭരണകൂടം പിൻവലിച്ചു. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയെന്നും ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.
12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരവും ഒരു ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷനുമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതോടെ 187 ആശുപത്രികൾക്ക് NQAS സര്‍ട്ടിഫിക്കേഷൻ ലഭിച്ചു. ലക്ഷ്യ സര്‍ട്ടിഫിക്കേഷൻ ലഭിച്ച ആശുപത്രികളുടെ എണ്ണം പന്ത്രണ്ടുമായി.
ഇന്ത്യയില്‍ ജീവിതശൈലി രോഗങ്ങളാണ് പ്രധാന മരണ കാരണമെന്ന് WHO
ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ അമിതഭാരവും ജീവിതശൈലി രോഗങ്ങളും വര്‍ധിക്കുന്നുവെന്ന് WHO വ്യക്തമാക്കി. ഇന്ത്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മാലദ്വീപ്, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, എന്നിവിടങ്ങളില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 20 ലക്ഷം പേര്‍ അമിത ഭാരമുള്ളവരാണ്. 5 മുതല്‍ 19 വയസപവരെയുള്ളവരില്‍ 37.3 ദശലക്ഷം പേര്‍ക്ക് പൊണ്ണത്തടിയുണ്ടെന്നും WHOയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊണ്ണത്തടിയും ജീവിതശൈലി രോഗങ്ങളും കാരണം ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയം പുനക്രമീകരിക്കണമെന്നും WHO ആവശ്യപ്പെട്ടു.
മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിന്റെ പുതിയ വകഭേദം
മലപ്പുറത്തെ യുവാവിന് സ്ഥിരീകരിച്ച് എംപോക്സിന്റെ പുതിയ വകഭേദമായ ക്ലേഡ് 1 ബി ആണെന്ന് പരിശോധനാ റിപ്പോർട്ട്. രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1 ബി സ്ഥിരീകരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നാണ് വിവരം. UAE ൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഹരിയാന സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നെങ്കിലും അത് ക്ലേഡ് 2 വകഭേദമായിരുന്നു.
ആലപ്പുഴ സ്വദേശിയുടെ എംപോക്സ് പരിശോധനാ ഫലം നെഗറ്റീവ്
ആലപ്പുഴയിൽ എംപോക്സ് ലക്ഷണങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയുടെ എംപോക്സ് പരിശോധനാ ഫലം നെഗറ്റീവായി. ബഹ്റൈനിൽ നിന്നെത്തിയ യുവാവിനെയാണ് എംപോക്സ് സംശയത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബം ഉൾപ്പെടെ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ആരോഗ്യവകുപ്പ് സമ്പർക്കപ്പട്ടികയും തയ്യാറാക്കിയിരുന്നു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതോടെ ആലപ്പുഴയിലെ എംപോക്സ് ആശങ്ക ഒഴിഞ്ഞു.
നിപ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 79 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍, രക്തത്തിലെ അണുബാധകള്‍, ന്യുമോണിയ, ടൈഫോയ്ഡ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ സാധാരണയായുളള ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ്‌വര്‍ക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ന്യുമോണിയ, സെപ്സിസ്, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, വയറിളക്കം തുടങ്ങിയ അണുബാധകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ കേന്ദ്രീകരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.Read More
ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം
വിദേശത്തു നിന്നെത്തിയ ആൾക്കാണ് രോഗലക്ഷണങ്ങൾ. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്. അതേസമയം കണ്ണൂരിൽ എംപോക്സ് രോഗ ലക്ഷണങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവായി.
നിപ: 6 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ള ആറു പേരുടെ കൂടി ശ്രവ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. ഇതോടെ 74 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 267 പേരാണ് നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്.
കണ്ണൂരിൽ ഒരാൾക്ക് എം പോക്സ് രോഗ ലക്ഷണം
സംസ്ഥാനത്ത് വീണ്ടും എം പോക്‌സെന്ന് സംശയം. വിദേശത്ത് നിന്ന് വന്നയാൾക്കാണ് രോഗ ലക്ഷണങ്ങൾ ഉള്ളത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ ചികിത്സയിൽ കഴിയുകയാണ്. വിദഗ്ധ പരിശോധനയ്ക്കായി ഇയാളുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ പരിശോധനാ ഫലം ലഭിക്കും. നേരത്തെ മലപ്പുറത്ത് ദുബായില്‍ നിന്നും നാട്ടിലെത്തിയ യുവാവിന് എം പോക്സ് സ്ഥിരീകരിച്ചിരുന്നു.