നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ. വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് ജില്ലാ കളക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജില്ലയിലെ MP മാർ, MLA മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും, സാംസ്‌കാരിക ഘോഷയാത്രയും, വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു. ഒമ്പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. വള്ളംകളിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി. വി. അന്‍വര്‍

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെയാണ് മറുപടിയുമായി പി. വി. അന്‍വര്‍ രംഗത്തെത്തിയത്. പാര്‍ട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.

പി. വി. അന്‍വറുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും CPM സെക്രട്ടറി എം. വി. ഗോവിന്ദന്‍

CPMനെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും അന്‍വറുമായുള്ള ബന്ധം CPM അവസാനിപ്പിച്ചുവെന്നും CPM പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്‍. LDFമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം അന്‍വര്‍ ഉപേക്ഷിച്ചിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അന്‍വറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. LDF പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ MLAയായി തിരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൃതദേഹം അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് DNA ഫലം

ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് DNA ഫലം. കണ്ടെടുത്ത ശരീരത്തിലെ DNAയും അര്‍ജുന്റെ സഹോദരന്റെ DNAയും തമ്മിലാണ് ഒത്തുനോക്കിയത്. സ്ഥിരീകരണം വന്നതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഇനി സാങ്കേതിക നടപടികള്‍ മാത്രമെ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന്‍ അറിയിച്ചു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാലാണ് DNA പരിശോധന നടത്തി ഉറപ്പിച്ചത്.

കൊല്ലം പൂയപ്പിള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരു വിദ്യാര്‍ത്ഥികളെയും കാണാതായത്. മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു.

നടന്‍ സിദ്ദീഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്

യുവ നടിയെ പീഡിപ്പിച്ച കേസില്‍ കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദീഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. സിദ്ദീഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ (9497996991), റേഞ്ച് DIG (9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ (9497990002), മ്യൂസിയം പോലീസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്.

തൃശൂരില്‍ ATM കൊള്ളയടിച്ച സംഘത്തെ പിടികൂടി

തൃശൂരില്‍ മൂന്നിടങ്ങളില്‍ ATM കൊള്ളയടിച്ച ഹരിയാനക്കാരായ സംഘത്തെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ വെച്ചാണ് പിടികൂടിയത്. തമിഴ്‌നാട് പോലീസാണ് ഇവരെ പിടികൂടിയത്. അതേസമയം ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്‌നാട് പോലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ അതേ സംഘമാണ് ഇതെന്ന് പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ തുറന്നടിച്ച് പി. വി. അന്‍വര്‍

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ അന്‍വര്‍ തന്നെ എന്തിനാണ് വഞ്ചിച്ചതെന്ന് ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ ഭരണത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. തനിക്ക് ഇനിയും കാര്യങ്ങള്‍ പറയാനുണ്ടെന്നും ഞായറാഴ്ച വീണ്ടും മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

പി. വി. അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

LDFനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പി. വി. അന്‍വറിന്റെ ആരോപണങ്ങളെന്നും ഇത് പൂര്‍ണമായി തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. മുന്‍നിശ്ചയിച്ച പ്രകാരം അന്വേഷണം തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല LDFന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞതെന്നും ഉദ്ദേശം വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകള്‍ മറികടക്കരുതെന്ന് KSRTC

മിന്നല്‍, സൂപ്പര്‍ ഫാസ്റ്റ് അടക്കമുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകള്‍ ഒരു കാരണവശാലും മറികടക്കരുതെന്നാണ് KSRTC അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ഹോണ്‍ മുഴക്കിയാല്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ വഴികൊടുക്കണമെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതിവേഗം സുരക്ഷിതമായി നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എത്തുന്നതിനാണ് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കി യാത്രക്കാര്‍ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ട ബസുകളെ തെരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാര്‍ മറക്കരുതെന്നും അതുകൊണ്ടു റോഡില്‍ അനാവശ്യ മത്സരം വേണ്ടെന്നും ഉത്തരവില്‍ പറയുന്നു.