അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

ഈ വർഷത്തെ അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു . തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. tvmwildlife.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുളള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇന്ത്യയുടെയും നേപ്പാളിന്റെയും സാംസ്‌കാരിക പൈതൃകത്തെ അറിയാന്‍ ഈ യാത്ര സഹായിക്കുമെന്നും താമസത്തിനും യാത്രയ്ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും ഇന്ത്യന്‍ റെയില്‍വേ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അയോധ്യ, സീതാമര്‍ഹി, ജനക്പൂര്‍, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാ പാക്കേജ്.

ഓണം അവധിക്ക് ടൂര്‍ പാക്കേജുമായി KSRTC

ബസ്, ബോട്ട്, കപ്പല്‍ എന്നിവയുള്‍പ്പെടുത്തിയുള്ള ഒട്ടേറെ ടൂര്‍ പാക്കേജുകളാണ് എല്ലാ ഡിപ്പോകളിലും KSRTC ക്രമീകരിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 250 ട്രിപ്പുകള്‍ നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ടൂര്‍ പാക്കേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്റെ മുകളിലെ ഡെക്കില്‍ നിന്ന് യാത്ര ചെയ്യാവുന്ന പാക്കേജ്, എറണാകുളത്ത് പുതുതായി പുറത്തിറക്കിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ 'ഇന്ദ്ര'യിലുളള ടൂര്‍ പാക്കേജ് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്.

വിമാന കമ്പനികൾ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

അവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ തുറക്കുന്ന സമയം നോക്കി പതിനായിരക്കണക്കിന് പ്രവാസികൾ മടങ്ങി പോകാൻ തയ്യാറെടുക്കുമ്പോഴാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ മൂന്നു മുതൽ 5 ഇരട്ടി വരെ ഉയർത്തിയത്. സാധാരണ സമയങ്ങളിൽ പതിനായിരം മുതൽ 15,000 വരെ നിരക്കൽ കിട്ടുന്ന ടിക്കറ്റിനിപ്പോൾ 30,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കൊടുക്കണം. ഡിമാൻഡ് കൂടിയതിന് അനുസരിച്ച് കമ്പനികൾ തോന്നിയപോലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു.

വിനോദസഞ്ചാരികള്‍ക്കായി അറബി ഭാഷാ ഹെല്‍പ്പ്ലൈന്‍ ആരംഭിച്ച് ഇന്ത്യ

അറബ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാനും അവരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനുമായാണ് ടൂറിസം മന്ത്രാലയം ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ടോള്‍ ഫ്രീ നമ്പറായ 1800111363 ലൂടെ സഞ്ചാരികള്‍ക്ക് അറബിയില്‍ യാത്രാ വിവരങ്ങളും സേവനങ്ങളും ലഭിക്കും. ഹിന്ദിയ്ക്കും ഇംഗ്ലീഷിനും പുറമെ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ജാപ്പനീസ്, കൊറിയന്‍, മാന്‍ഡാരിന്‍ (ചൈനീസ്), പോര്‍ച്ചുഗീസ്, റഷ്യന്‍ എന്നിവയാണ് ഹെല്‍പ്പ്ലൈനിലുള്ള ഭാഷകള്‍.

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ EV ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു

ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള EV ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റര്‍, മൂന്നാര്‍ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വാഗമണ്‍ സാഹസിക പാര്‍ക്ക്, മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കല്‍മേട്, ഏലപ്പാറ അമിനിറ്റി സെന്റര്‍, ചെറുതോണിയിലെ മഹാറാണി ഹോട്ടല്‍, കുമളിയിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കേണ്ടത്.Read More

കുറ്റാലം, ഐന്തരുവി ഉള്‍പ്പടെയുള്ള വെള്ളച്ചാട്ടങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു

കിഴക്കന്‍ മേഖലയില്‍ മഴ കുറഞ്ഞതോടെയാണ് വെള്ളച്ചാട്ടങ്ങള്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ആര്യങ്കാവ്, പാലരുവി ഇന്ന് മുതല്‍ തുറക്കുമെന്ന് തെന്മല ഡിവിഷന്‍ ഓഫീസര്‍ എ. ഷാനവാസ് അറിയിച്ചു. പ്രധാന വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തായിരിക്കും സഞ്ചാരികള്‍ക്ക് കുളിക്കാന്‍ അനുവാദം നല്‍കാനുള്ള സാധ്യത. തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പോകാം.

ബാലിയിലേക്ക് ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വെ

അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലിസ്ഫുള്‍ ബാലി എന്ന് പേരിട്ടിരിക്കുന്ന ഈ പാക്കേജ് ഓഗസ്റ്റ് 28 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ആകെ 35 സീറ്റുകളുളള യാത്രയില്‍ 91000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

കൈലാസ പര്‍വതം ഇന്ത്യയില്‍ നിന്ന് കാണാനുള്ള അവസരമൊരുങ്ങുന്നു

ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ KMVN ഹട്ട്‌സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള പാത തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നതോടെയാണ് ഇന്ത്യയില്‍ നിന്ന് തന്നെ കൈലാസം കാണാനുള്ള അവസരം ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ ഉത്തരാഖണ്ഡിലെ ലുപുലേഖ് ചുരത്തിലെ വ്യൂ പോയന്റിലൂടെ കൈലാസ പര്‍വതം നേരിട്ട് കാണാന്‍ സാധിക്കും. കൊവിഡ് വ്യാപനത്തോടെ ഇതുവഴി കൈലാസത്തിലേക്കുള്ള പാത അടച്ചിരുന്നു. നിയന്ത്രണങ്ങള്‍ അവസാനിച്ച് വര്‍ഷങ്ങളായിട്ടും ഈ പാത തുറക്കാന്‍ ചൈന തയ്യാറായിട്ടില്ല.

നാടുകാണിച്ചുരത്തില്‍ പ്ലാസ്റ്റിക്കുമായി എത്തിയാല്‍ പിഴ ഈടാക്കാന്‍ തീരുമാനം

ഇതിനായി ജൂലൈ ആദ്യ ആഴ്ചയില്‍ ഇവിടെ ചെക്പോസ്റ്റ് സ്ഥാപിക്കും. നാടുകാണിച്ചുരം പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാരില്‍ നിന്ന് പ്ലാസ്റ്റിക് പിടിച്ചെടുത്ത് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചെക്‌പോസ്റ്റിലെ ജോലികള്‍ക്കായി ഹരിതകര്‍മ സേനാംഗങ്ങളെ ചുമതലപ്പെടുത്തും. അതേസമയം സഞ്ചാരികള്‍ ചുരത്തില്‍ ഭക്ഷണം കഴിക്കുന്നതിന് വിലക്കില്ല. എന്നാല്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇതിനായി ഈ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്യാമറകള്‍ സ്ഥാപിക്കും.