ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ ‘എമര്‍ജന്‍സി’ റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ്
സമിതി നിര്‍ദേശിക്കുന്ന ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ കങ്കണ റണാവത്തിന്റെ 'എമര്‍ജന്‍സി' ചിത്രം റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് 'എമര്‍ജന്‍സി'യുടെ സഹനിര്‍മ്മാതാവായ സീ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികരണം. നേരത്തെ സെപ്തംബര്‍ 6 നാണ് ചിത്രത്തിന്റെ റിലീസ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ സിനിമയില്‍ തങ്ങളുടെ സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സിഖ് സംഘടനകള്‍ പ്രതിഷേധം നടത്തിയതോടെയാണ് എമര്‍ജന്‍സ് റിലീസ് അനിശ്ചിതത്വത്തിലായത്.
സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക്ക
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ നടപടി. 8590599946 എന്ന ടോള്‍ ഫ്രീ നമ്പറിലെ സേവനം 24 മണിക്കൂറും ലഭ്യമാകും. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ തന്നെയാകും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുകയെന്നും ഇന്ന് വൈകുന്നേരം മുതല്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം 50 കോടി ക്ലബില്‍
ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്. ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് കിഷ്‌കിന്ധാ കാണ്ഡത്തിന്. റിലീസ് ചെയ്ത് 12 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’
97ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഇന്ത്യയുടെ എന്‍ട്രിയായി ഹിന്ദി ചിത്രം 'ലാപത്താ ലേഡീസ്' മത്സരിക്കും. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടത്. കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം എന്നീ ചിത്രങ്ങള്‍ ഇതിനായി പരിഗണിച്ചിരുന്നു.
സിനിമയില്‍ സേവന, വേതന കരാര്‍ നിര്‍ബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
സിനിമയില്‍ സേവന, വേതന കരാര്‍ നിര്‍ബന്ധമാക്കിയത് സംബന്ധിച്ച് നിര്‍മാതാക്കള്‍ ചേര്‍ന്ന് AMMAയ്ക്കും ഫെഫ്കയ്ക്കും കത്ത് അയച്ചു. അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ സേവന, വേതന കരാര്‍ ഒപ്പിട്ടശേഷമേ സിനിമയുടെ ഭാഗമാകാന്‍ പാടുളളൂവെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കണമെന്നും കത്തില്‍ പറയുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ മുദ്രപത്രത്തില്‍ തയാറാക്കുന്ന കരാറില്‍ ഒപ്പിടണമെന്നും കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
‘വാഴ’ സെപ്റ്റംബര്‍ 23 ന് OTTയിലെത്തും
ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ് OTTയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 23 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ഹാഷിര്‍ എന്നിവരെക്കൂടാതെ ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘എമര്‍ജന്‍സി’ റിലീസ്; കങ്കണ റണാവത്തിന് കോടതി നോട്ടീസ്
BJP എംപിയും നടിയുമായ കങ്കണാ റണാവത്തിന് ഛണ്ഡീഗഡിലെ ജില്ലാ കോടതി നോട്ടീസ് അയച്ചു. കങ്കണയുടെ 'എമര്‍ജന്‍സി' എന്ന സിനിമയില്‍ സിഖുകാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. അഭിഭാഷകനായ രവീന്ദര്‍ സിങ് ബസ്സിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡിസംബര്‍ അഞ്ചിനകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം. അതേസമയം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തില്‍ തുടരുകയാണ്.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിന്റെ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താന്‍ യോജിക്കുന്നുവെന്നും എന്നാല്‍ താന്‍ നിലവില്‍ അതിന്റെ ഭാഗമല്ലെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്നും അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
സിനിമ മേഖലയിലെ പുതിയ സംഘടനയ്ക്ക് പിന്തുണയുമായി സംവിധായകന്‍ വിനയന്‍
സിനിമ മേഖലയിലെ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സില്‍ ചേരുമെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കള്‍ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആവണം. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗമാണ്. സംവിധായകനെന്ന നിലയില്‍ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ടൊവിനോ തോമസ്
പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്ന് ടൊവിനോ തോമസ് പറഞ്ഞു. പുതിയ സംഘടനയുടെ ചര്‍ച്ചയില്‍ ഇതുവരെ താന്‍ ഭാഗമല്ലെന്നും സിനിമയുടെ പ്രൊമോഷനിലായിരുന്നു ഇതുവരെയെന്നും അദ്ദേഹം പറഞ്ഞു. പ്രൊഗസ്സീവായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചെങ്കിലും താനിപ്പോഴും അമ്മ സംഘടനയില്‍ അംഗമാണ്. മറ്റേത് സംഘടനയാണെങ്കിലും അതാണ് നല്ലത് എന്നുണ്ടെങ്കില്‍ താന്‍ അതിന്റെ ഭാഗമാകണമെന്നും അത്തരം സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ടൊവിനോ പറഞ്ഞു.Read More