കീം മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു

എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു. സംവരണ തത്വം പാലിക്കാതെയാണ് പട്ടിക ഇറക്കിയത് എന്ന വ്യാപക പരാതിയെ തുടർന്നാണ് ഇന്നലെ പുറത്തിറക്കിയ മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചത്. മൂന്നാംഘട്ട അലോട്ട്മെന്റിന് മുമ്പ് പുതിയ ഓപ്ഷൻ കാണിച്ചതും വിവാദമായിരുന്നു. പരാതികൾ പരിഹരിച്ച് പുതിയ പട്ടിക ഉടൻ പുറത്തിറക്കുമെന്ന് പ്രവേശന പരീക്ഷ കമ്മിഷണർ അറിയിച്ചു.

സ്വാശ്രയ കോളേജുകളിലെ MBBS പ്രവേശനഫീസ് വര്‍ധിപ്പിച്ചു

നിലവിലെ ഫീസിന്റെ അഞ്ചുശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ ഫീസ് 7.71 ലക്ഷം മുതല്‍ 8.86 ലക്ഷം വരെയാകും. NRI സീറ്റുകളിലും ഫീസ് കൂട്ടിയിട്ടുണ്ട്. ഇതില്‍ 21.65 ലക്ഷം രൂപവരെയാകും വാര്‍ഷികഫീസ്. ജസ്റ്റിസ്(റിട്ട.) കെ.കെ. ദിനേശന്‍ കമ്മിറ്റിയാണ് ഫീസ് നിര്‍ണയിച്ചത്. അതേസമയം ഹോസ്റ്റല്‍ മെസ് ഫീസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

നാലു വര്‍ഷ ബിരുദ കോഴ്‌സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം: ആര്‍. ബിന്ദു

രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അധ്യാപകര്‍ക്ക് അധികഭാരം ഉണ്ടാവില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പറഞ്ഞു. അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ ക്യാമ്പസിലുണ്ടാവണം. ഒരു സെമസ്റ്ററില്‍ നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ക്ക് പകരമുളള പ്രവൃത്തിദിനങ്ങള്‍ അതത് സെമസ്റ്ററുകളില്‍ തന്നെ ഉറപ്പാക്കണമെന്നും സമയ ക്രമീകരണത്തിന് ക്യാമ്പസുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണപ്പരീക്ഷ സെപ്റ്റംബര്‍ 3 മുതല്‍ 12 വരെ; സമയക്രമം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്ത് മുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ നടത്തുക. അതേസമയം വെള്ളിയാഴ്ച്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഓണാവധിക്കായി സ്‌കൂളുകള്‍ 13 ന് അടച്ച് 23ന് വീണ്ടും തുറക്കും.

വയനാട് ദുരന്തം; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് MG സര്‍വകലാശാല

പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗത്തിലാണ് സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാന്‍ അവസരം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കും. വയനാട് ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുടെ സഹകരണം ഉണ്ടാകുമെന്നും സിന്‍ഡിക്കേറ്റ് യോഗം വ്യക്തമാക്കി.

ശനിയാഴ്ചകളില്‍ പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ചകളില്‍ പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിഷയത്തില്‍ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ചകളില്‍ ക്ലാസ് ഉണ്ടാകില്ല. ശനിയാഴ്ച്ചകളില്‍ പ്രവര്‍ത്തിദിനമാക്കുന്നതിനെതിരെ അധ്യാപകസംഘടനകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

സംസ്ഥാനത്തെ ഓണപ്പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷയുടെ (ഓണപ്പരീക്ഷ) തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 03 മുതല്‍ 12 വരെയാകും പരീക്ഷകള്‍ നടത്തുക. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച വയനാട്ടിലെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ മാറ്റിവെച്ചു. അവ പിന്നീട് നടത്തും.

എട്ടാം ക്ലാസില്‍ ഇനി മുതല്‍ ഓള്‍ പാസ് ഇല്ല

എട്ടാം ക്ലാസ് ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നതായി ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

പ്ലസ് വണ്‍ പ്രവേശനം, നാളെ വൈകിട്ട് വരെ അപേക്ഷിക്കാം

ഇതുവരെ പ്ലസ് വണ്‍ പ്രവേശനത്തിനുളള അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കും നിലവിലുള്ള ഒഴിവുകളില്‍ പ്രവേശനം നേടുന്നതിന് ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. www.hscap.kerala.gov.in എന്ന സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ് സീറ്റ്സ് എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതേസമയം നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.

UGC നെറ്റ് പരീക്ഷ; പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4വരെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്‍കുന്ന എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ അഡ്മിറ്റ് കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 18ന് എഴുത്തുപരീക്ഷയായി നടത്തിയ നെറ്റ് എക്‌സാം ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ പരീക്ഷയാണ് വീണ്ടും നടത്തുന്നത്. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കാവുന്നതാണ്.