ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ബാധകം: സുപ്രീംകോടതി
2005ലെ ഗാർഹിക പീഡന സംരക്ഷണ നിയമം മത ഭേദമന്യേ ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്. ജീവനാംശവും, നഷ്ടപരിഹാരവും നൽകുന്നതുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് മതപരമായ ബന്ധമോ, സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും 2005ലെ നിയമം ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
നാഗാലാന്‍ഡിലും അരുണാചലിലും AFSPA ആറ് മാസത്തേക്ക് കൂടി നീട്ടി
നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളും AFSPA (ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) നിയമം നീട്ടി. ആറ് മാസത്തേക്കാണ് പ്രത്യേക അധികാരം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഈ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന നില പരിശോധിച്ച ശേഷമാണ് തീരുമാനം. പ്രശ്‌നബാധിത സ്ഥലങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സായുധ സേനയ്ക്ക് തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാനും അധികാരം നല്‍കുന്ന നിയമമാണ് AFSPA.
ബിഹാറിൽ ജീവിത്പുത്രിക ഉത്സവത്തിനിടെ 43 പേർ മുങ്ങി മരിച്ചു
ജീവിത്പുത്രിക ഉത്സവ ചടങ്ങിന്റെ ഭാഗമായി പുഴയിൽ സ്നാനത്തിനിറങ്ങിയ 43 പേരാണ് മരിച്ചത്. മരിച്ചവരിൽ 37 പേരും കുട്ടികളാണ്. മൂന്നു പേരെ കാണാതായി. ബുധനാഴ്ച നടന്ന ഉത്സവത്തിനിടെ സംസ്ഥാനത്തെ 15 ജില്ലകളിലായാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരച്ചിൽ തുടരുകയാണെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ അഞ്ച് പേര്‍ മരിച്ചു
മഹാരാഷ്ട്രയില്‍ കനത്തമഴ തുടരുന്നു. മുംബൈയിലെ അന്ധേരി ഈസ്റ്റില്‍ തുറന്ന ഓടയില്‍ വീണ് സ്ത്രീ മരിച്ചു. റായ്ഗഡ് സ്വദേശിനിയായ യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിക്കുകയും കല്യാണില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. കനത്ത മഴയെത്തുടര്‍ന്ന് മുംബൈയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ ഇന്നും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ED അറസ്റ്റ് ചെയ്ത തമിഴ്‌നാട് മുന്‍ മന്ത്രി വി. സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. ഗതാഗത മന്ത്രിയായിരുന്ന കാലത്ത് വിവധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരെയുളള കേസ്. ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
18 വയസ് കഴിഞ്ഞ് ആധാറിന് അപേക്ഷിക്കുന്നവര്‍ക്ക് ഫീല്‍ഡ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി
18 വയസ് പൂര്‍ത്തിയായതിന് ശേഷം ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് മാതൃകയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അപേക്ഷകനെ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടാല്‍ മാത്രം അംഗീകാരം നല്‍കിയാല്‍ മതിയെന്ന് തീരുമാനം. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. 18 വയസ് പൂര്‍ത്തിയായവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ തടയുക എന്ന ലക്ഷ്യമിട്ടാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.
വിനേഷ് ഫോഗട്ടിന് ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്
ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ നോട്ടീസ്. നാഡയുടെ ടെസ്റ്റിങ് പൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിനേഷ് പരിശീലന, താമസ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും മുന്‍കൂര്‍ അറിയിപ്പില്ലാതെയും ഉത്തേജക പരിശോധനയ്ക്ക് തയാറാകണമെന്നുമാണ് ചട്ടം. ഇതനുസരിച്ച് ഉത്തേജക പരിശോധന നടത്താനായി എത്തിയപ്പോള്‍ വിനേഷ് ഫോഗട്ട് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിനേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി നില്‍ക്കെയാണ് നാഡയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ലെന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. ഏറ്റവും പുതിയ ഡ്രഗ് അലര്‍ട്ട് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ വിറ്റാമിന്‍ സി, ഡി3ഗുളികള്‍, വിറ്റാമിന്‍ ബി കോംപ്ലക്സ്, വിറ്റാമിന്‍ സി സോഫ്റ്റ്ജെല്‍സ്, ആന്റി ആസിഡ് പാന്‍-ഡി, പാരസെറ്റമോള്‍ ടാബ് ലറ്റ്സ്ഐപി 500എംജി, ആന്റി-ഡയബെറ്റിക് ഡ്രഗ് ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ടെല്‍മിസര്‍ട്ടന്‍ തുടങ്ങി 53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.
അര്‍ജുന്റെ മൃതദേഹം DNA പരിശോധനയില്ലാതെ വിട്ടു നല്‍കുമെന്ന് കാര്‍വാര്‍ ജില്ലാ ഭരണകൂടം
DNA സാമ്പിള്‍ എടുത്തശേഷം അര്‍ജുന്റെ മൃതദേഹം വിട്ട് നല്‍കാനാണ് കാര്‍വാര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അര്‍ജുന്‍ ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തത്.
ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്
മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസില്‍ കര്‍ണാടകയിലെ പ്രത്യേക കോടതിയാണ് സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മൂന്ന് മാസത്തിനകം FIR രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.