മൂന്നാറില്‍ ഭീതി പരത്തി കാട്ടാനകളായ പടയപ്പയും ഒറ്റക്കൊമ്പനും
മാട്ടുപ്പട്ടി, കുണ്ടള, കന്നിമല, കടലാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പടയപ്പ സാധാരണ ഇറങ്ങാറുള്ളത്. അടുത്തകാലത്താണ് ഒറ്റക്കൊമ്പന്‍ മൂന്നാറിലെത്തിയത്. ലക്ഷ്മി എസ്റ്റേറ്റ് പ്രദേശത്ത് ആന പട്ടാപ്പകല്‍ പോലും തൊഴിലാളി ലയങ്ങള്‍ക്ക് സമീപത്തെത്തുന്നത് പതിവാണ്. ആനകളെ RRT സംഘം തുരത്തിയോടിച്ചെങ്കിലും വീണ്ടും തിരിച്ചെത്തി മേഖലയില്‍ ശല്യം തുടരുകയാണ്. വനം വകുപ്പ് ആനകളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.
മധ്യപ്രദേശില്‍ ചെന്നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
മധ്യപ്രദേശിലെ ഖണ്ട്വയില്‍ വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന അഞ്ച് പേര്‍ക്ക് ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ച ചെന്നായയെ ഗ്രാമവാസികള്‍ പിടികൂടി കെട്ടിയിട്ടു. ചെന്നായയുടെ ആക്രമണം മേഖലയിലെ 35 ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ചെന്നായയുടെ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ മധ്യപ്രദേശിലും ചെന്നായ ആക്രമണം ഉണ്ടായിരിക്കുന്നത്.
കോതമംഗലത്ത് ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു
മനുഷ്യ-വന്യജീവി സംഘര്‍ഷം: പദ്ധതികള്‍ തയ്യാറാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം
കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പുകള്‍ സംയുക്തമായി മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ ദേദഗതിയും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും. പ്രശ്നക്കാരായ ആനകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക അന്തര്‍ സംസ്ഥാന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനും അതീവ പ്രശ്നക്കാരായ ആനകളെ പിടികൂടാന്‍ ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍ തയ്യാറാക്കാനും തീരുമാനമായി. മനുഷ്യ-ആന സംഘര്‍ഷ പരിപാലനം സംബന്ധിച്ച് ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മന്ത്രിതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
പെരിങ്ങല്‍കുത്ത് പള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
പെരിങ്ങല്‍കുത്ത് പുളിയിലപാറ ക്രിസ്തുരാജ പള്ളിയിലാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും ഫാന്‍, മൈക്ക്, സ്പീക്കര്‍, കസേരകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. രാവിലെ പ്രദേശത്ത് കന്നുകാലികളെ മേയ്ക്കാന്‍ പോയവരാണ് സംഭവം കണ്ടത്. നേരത്തെയും കാട്ടാനക്കൂട്ടം പള്ളി ആക്രമിച്ചിട്ടുണ്ട്.
പീരുമേട്ടിലെ ജനവാസ മേഖലയില്‍ കരടി ഇറങ്ങി
പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. പീരുമേട് ടൗണില്‍ അഗ്നിരക്ഷാ നിലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന പുത്തന്‍പറമ്പില്‍ രാജന്റെ വീട്ടുമുറ്റത്താണ് കരടിയെത്തിയത്. കരടിയുടെ മുമ്പില്‍ അകപ്പെട്ട രാജന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കരടി കൃഷിയിടത്തില്‍ ഒളിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി.
രാജ്യത്ത് 5 വര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 2853 പേര്‍
കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് രാജ്യസഭയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2019ല്‍ 587, 2020ല്‍ 471, 2021ല്‍ 557, 2022ല്‍ 610, 2023ല്‍ 628 പേരും കൊല്ലപ്പെട്ടു. ഇതില്‍ ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. 624 പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 124 പേരാണ് ആനയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്.
വന്യജീവി ആക്രമണം; 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 486 പേര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ 486 പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതില്‍ 124 പേരും മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണ്. കടുവയുടെ ആക്രമണത്തില്‍ 6 പേര്‍ മരിച്ചു. രാജ്യസഭയില്‍ വി. ശിവദാസന്‍, ഹാരിസ് ബീരാന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് വന്യജീവി ആക്രമണത്തിന് ഇരയായി മരിച്ചവരുടെ കണക്ക് പുറത്തുവിട്ടത്.
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
വയനാട് നൂല്‍പ്പുഴ കല്ലൂര്‍ മാറോട് ഊരിലെ രാജുവാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച എട്ടേമുക്കാലോടെ വയലില്‍ നിന്ന് പണി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.
തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
വിതുര ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ വീടിന് മുറ്റത്ത് ഇറങ്ങിയപ്പോഴാണ് ഇയാളെ രണ്ട് കരടികള്‍ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിടുകയും ഇടതുകാലിന്റെ മുട്ടിലും വലതു കൈയുടെ മുട്ടിലും കടിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഇയാളുടെ നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോള്‍ കരടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.