അണ്ണാമലൈ UKയിലേക്ക്; ഫെലോഷിപ്പിന് പാര്‍ട്ടി അനുമതി നല്‍കി
തമിഴ്നാട് BJP അധ്യക്ഷന്‍ കെ.അണ്ണാമലൈ UKയിലേക്ക്. മൂന്ന് മാസത്തെ ഫെലോഷിപ്പിന് പാര്‍ട്ടി അംഗീകാരം നല്‍കിയതായി അണ്ണാമലൈ അറിയിച്ചു. വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ പ്രധാനമന്ത്രി മോദിയും പാര്‍ട്ടി നേതൃത്വവും അനുമതി നല്‍കി. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി BJP ആളുകളെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാലാണിത്. ഒരു സംസ്ഥാന തലവനാണെങ്കിലും പഠിക്കണമെന്നും തിരികെ വന്ന് ആ അറിവ് ജോലിയില്‍ പ്രയോഗിക്കണമെന്നുമാണ് മോദിയുടെ ചിന്തയെന്നും അണ്ണാമലൈ പറഞ്ഞു.
ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
ബ്രിട്ടണിലെ കുടിയേറ്റ വിരുദ്ധകലാപങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ഷെയ്ഖ് ഹസീന UKയില്‍ അഭയം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്
ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഷെയ്ഖ് ഹസീന എത്തിയത്. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗം സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അതേസമയം ഷെയ്ഖ് ഹസീന ഇനി ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മകന്‍ വ്യക്തമാക്കി.
അടുത്ത മഹാമാരി വരുന്നു; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍
ഒരു മഹാമാരി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനാകില്ലെന്നും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. മഹാമാരിക്കായുള്ള മുന്നൊരുക്കങ്ങള്‍ക്ക് ബ്രീട്ടിഷ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രോഗനിര്‍ണയ പരിശോധനകള്‍, വാക്‌സിനുകള്‍, ചികിത്സകള്‍ എന്നിങ്ങനെയുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരികള്‍ സംബന്ധിച്ചുള്ള WHOയുടെ നിര്‍ദേശങ്ങളെക്കുറിച്ചും വാലന്‍സ് പരാമര്‍ശിച്ചു.Read More
UKയിലും EUവിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് മെറ്റ; പ്രതിഷേധം
വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ല്‍ നിന്ന് 13 ആയി കുറച്ചതിനെതിരെയാണ് UKയിലും യൂറോപ്യന്‍ യൂണിയനിലും(EU) പ്രതിഷേധം ശക്തമാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പ്രഖ്യാപനം ബുധനാഴ്ച മുതലാണ് നിലവില്‍ വന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് എന്ന ക്യാമ്പയ്ന്‍ ഗ്രൂപ്പാണ് മെറ്റയുടെ പുതിയ നീക്കത്തിനെതിരെ രംഗത്തെത്തിയത്. 13 വയസ് മുതല്‍ ആപ്പ് ഉപയോഗിക്കാന്‍ അനുവദിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ഫാമിലി വിസയ്ക്കുളള ശമ്പള പരിധി ഉയര്‍ത്തി UK
ഫാമിലി വിസയില്‍ കുടുംബാംഗത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള
വരുമാന പരിധി ഉയര്‍ത്തി UK. പുതുക്കിയ ശമ്പള പരിധി അനുസരിച്ച് അപേക്ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ വാര്‍ഷിക ശമ്പളം GBP 29,000 (ബ്രിട്ടീഷ് പൗണ്ട്) ഉണ്ടായിരിക്കണം. GBP 18,600 എന്ന മുന്‍ പരിധിയില്‍ നിന്ന് 55 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തേക്കുളള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഗസയില്‍ ആദ്യഘട്ടമായി 10 ടണ്‍ ഭക്ഷ്യവസ്തുകള്‍ എയര്‍ഡ്രോപ്പ് ചെയ്ത് UK
ആദ്യമായാണ് ഗസയില്‍ UK മാനുഷിക സഹായങ്ങള്‍ എയര്‍ഡ്രോപ്പ് ചെയ്യുന്നത്. വെള്ളം, അരി, പാചക എണ്ണ, ഭക്ഷ്യമാവ്, ടിന്‍ സാധനങ്ങള്‍, ബേബി ഫുഡ് എന്നിവ തിങ്കളാഴ്ച റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ ഗസയുടെ വടക്കന്‍ തീരപ്രദേശത്ത് എത്തിച്ചു. സഹായ വസ്തുക്കളുമായി ജോര്‍ദാനിലെ അമ്മാനില്‍ നിന്നാണ് RAF A400M വിമാനം പുറപ്പെട്ടതെന്ന് UK പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന രക്ഷാസമിതി പ്രമേയത്തെയും UK പിന്തുണച്ചു.
ലണ്ടനില്‍ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ PhD വിദ്യാര്‍ത്ഥി മരിച്ചു
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിഹേവിയറല്‍ സയന്‍സില്‍ PhD ചെയ്യുകയായിരുന്ന ചീസ്ത കൊച്ചാറാണ് (33) മരിച്ചത്. നേരത്തെ നീതി ആയോഗില്‍ ജോലി ചെയ്തിരുന്ന ചീസ്ത, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (COAI) ഡയറക്ടര്‍ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡോ എസ്.പി കൊച്ചാറിന്റെ മകളാണ്. മാര്‍ച്ച് 19ന് സൈക്കിളില്‍ വീട്ടിലേക്ക് പോകവെയാണ് ചീസ്ത കൊച്ചാറിനെ ട്രക്ക് ഇടിച്ചത്.
UKയും ഇന്ത്യയും തമ്മിലുള്ള പുതിയ വ്യാപാര കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
രണ്ട് വര്‍ഷമായി സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച് രണ്ട് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്ന കരാറുകള്‍ക്കൊന്നും അന്തിമരൂപം നല്‍കാന്‍ കഴിയില്ലെന്ന വ്യവസ്ഥയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. വോട്ടെടുപ്പിന് ശേഷമെ കരാറുകളില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു.
റഫയില്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് UK
ഗസയിലെ മാനുഷിക ജീവിതം ദുരിതമാകുന്നതിനെ തുടര്‍ന്നാണ് UK ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് റദ്ദാക്കാന്‍ ആലോചിക്കുന്നത്. ഇസ്രായേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് വ്യക്തമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. റഫയിലെ കരയാക്രമണം അവസാനിപ്പിക്കാനായി മറ്റു സഖ്യ കക്ഷികളുമായി ചേര്‍ന്ന് UK ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.