ടാറ്റയുടെ അഞ്ചാമത്തെ ഇലക്ട്രിക് വാഹനം കര്‍വ് EV വിപണിയില്‍ അവതരിപ്പിച്ചു. 17.49 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഏഴു മോഡലുകളില്‍ ലഭിക്കുന്ന വാഹനം രണ്ട് ബാറ്ററി പായ്ക്കുകളിലാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇതില്‍ 45 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 502 കിലോമീറ്റര്‍ റേഞ്ചും 55 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 585 കിലോമീറ്റര്‍ റേഞ്ചുമുണ്ടാകും. ഓഗസ്റ്റ് 12 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും.
ജൂണ്‍ മാസത്തെ കാര്‍ വില്‍പ്പനയില്‍ ഒന്നാംസ്ഥാനം നേടി ടാറ്റ പഞ്ച്
ജൂണില്‍ രാജ്യമെമ്പാടും 18,238 ടാറ്റ പഞ്ച് കാറുകളാണ് വിറ്റത്. 16,422 യൂണിറ്റ് വില്‍പ്പനയോടെ മാരുതി സ്വിഫ്റ്റാണ് രണ്ടാം സ്ഥാനത്തുളളത്. മാരുതി സുസുകി സ്വിഫ്റ്റായിരുന്നു മെയ് മാസത്തെ വില്‍പനയില്‍ മുന്നിലുണ്ടായിരുന്നത്. 16,293 കാറുകള്‍ വിറ്റ് ക്രെറ്റയാണ് ജൂണ്‍ മാസ വില്‍പ്പനയില്‍ മൂന്നാമതുളളത്. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആദ്യത്തെ 10 കാറുകളില്‍ ആറും മാരുതി സുസുകിയുടെതാണ്.
വില കുറഞ്ഞ കൂപ്പെ SUVകള്‍ നിരത്തിലെത്താന്‍ ഒരുങ്ങുന്നു
സിട്രോണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ നിര്‍മാതാക്കള്‍ ബഹുജന വിപണിയെ തൃപ്തിപ്പെടുത്തുന്ന കൂപ്പെ SUV മോഡലുകളുടെ പണിപ്പുരയിലാണ്. ടാറ്റ കര്‍വ്വ്, സിട്രോണ്‍ ബസാള്‍ട്ട് SUV, മഹീന്ദ്ര BE.05, മഹീന്ദ്ര XUV.e9 എന്നിവയാണ് വരുന്ന മോഡലുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ഈ വാഹനങ്ങളെല്ലാം നിരത്തിലെത്തുമെന്നാണ് സൂചന.
ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്
സാറ്റലോജിക്കുമായി സഹകരിച്ചാണ് ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടിസാറ്റ്-1Aയെ കമ്പനി ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് ഉപഗ്രഹത്തെ ഉറപ്പിച്ചത്. ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ഒപ്റ്റിക്കല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ടിസാറ്റ്-1A. ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്.
ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നേട്ടം വീണ്ടും TCS ന്
തുടർച്ചയായി ഒമ്പതാം തവണയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് ടോപ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടികയില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യ അടക്കം 55 ലോകരാജ്യങ്ങളിലായി പ്രവർത്തിക്കുന്ന IT കമ്പനിയായ TCS ല്‍ 6,03,305 ജീവനക്കാരാണ് ഉളളത്. 153 രാജ്യങ്ങളില്‍ നിന്നുളള ആളുകള്‍ ഉളള കമ്പനിയില്‍ 35.7 ശതമാനം വനിതകളാണ് ജോലി ചെയ്യുന്നത്.
ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്റെ ഓഹരികളില്‍ 21 ശതമാനം കുതിപ്പ്
നാല് ദിവസത്തിനുള്ളിലാണ് ഓഹരിയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. രണ്ട് പുതിയ സെമികണ്ടകര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ നേട്ടം. ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 8428.40 എന്ന അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ടാറ്റ ഗ്രൂപ്പും തായ്‌വാനിലെ പവര്‍ ചിപ് മാനുഫാക്ചറിങ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്നത്.
ടാറ്റ UK ബ്രിഡ്ജ് വാട്ടറിൽ ഇലക്ട്രിക് കാർ ബാറ്ററി പ്ലാന്‍റ് സ്ഥാപിക്കുന്നു
തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിൽ സ്ഥാപിക്കുന്ന 5 ബില്യൺ ഡോളറിന്‍റെ പ്ലാന്‍റ് ഇന്ത്യക്ക് പുറത്ത് ടാറ്റയുടെ ആദ്യത്തെ ഗിഗാഫാക്‌ടറിയാണ്. ബ്രിഡ്ജ് വാട്ടറിന്‍റെ ഗ്രാവിറ്റി സ്മാർട്ട് കാമ്പസിൽ 40 GWh ഫാക്ടറിയാണ് നിർമ്മിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പിന്‍റെ ബാറ്ററി ബിസിനസ് കമ്പനി അഗ്രതാസ് അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സെൽ നിർമാണ സൈറ്റുകളിലൊന്നായ ഇവിടെ 2026 ൽ ഉൽപ്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണിമൂല്യം 30 ലക്ഷം കോടി കടന്നു
ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ ഗ്രൂപ്പാണ് ടാറ്റ. 21.60 ലക്ഷം കോടി രൂപ വിപണിമൂല്യമുളള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പാണ് രണ്ടാം സ്ഥാനത്ത്. ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും മൂല്യമേറിയ കമ്പനി 15.12 ലക്ഷം കോടി രൂപയുമായി TCS ആണ്. രണ്ടാം സ്ഥാനത്തുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനി 3.43 ലക്ഷം കോടി രൂപ മൂല്യവുമായി ടാറ്റാ മോട്ടോഴ്‌സാണ്.
നിര്‍മ്മാണ പതിപ്പ് അവതരിപ്പിച്ച് ടാറ്റ ഹാരിയര്‍ EV
ഒട്ടേറെ സവിശേഷതകളുള്ള ടാറ്റ ഹാരിയര്‍ EV ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തും. പുതിയ ബ്ലാങ്കഡ്-ഓഫ് ഗ്രില്‍, കോണീയ ക്രീസുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പര്‍, സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ്‌സ് എന്നിവയാണ് ടാറ്റ ഹാരിയറിനെ വേറിട്ടതാക്കുന്നത്. പുതിയ പഞ്ച് ഇവിക്ക് സമാനമായി ഫ്രണ്ട്-വീല്‍ ഡ്രൈവ്, റിയര്‍-വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്ന Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാരിയര്‍ EVയും.
ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്
ആപ്പിളിന്റെ പ്രധാന വിതരണക്കാരായ വിസ്‌ട്രോണിന്റെ 100% ഓഹരികളും ടാറ്റ ഏറ്റെടുക്കും. വിസ്‌ട്രോണിന് ബാംഗ്ലൂരിനടുത്ത് ഐഫോണുകൾ നിർമ്മിക്കുന്ന പ്ലാൻ്റ് ഉണ്ട്. വിസ്‌ട്രോൺ എന്ന തായ്‌വാൻ കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഏറ്റെടുക്കുന്നതോടെ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും.