ലോറിയില്‍ കണ്ടെത്തിയ മൃതദേഹ ഭാഗം അര്‍ജുന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ DNA പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്റെ വീട്ടില്‍ എത്തിയ തോട്ടത്തില്‍ രവീന്ദ്രനോടാണ് കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടത്. കര്‍ണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സര്‍ക്കാര്‍ വേണ്ട എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും MLA പറഞ്ഞു. മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാന്‍ ഉള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുടുംബം അറിയിച്ചു.
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞ് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
രാമനാട്ടുകര കോളേജ് റോഡ് കണ്ടന്‍കുളത്തില്‍ ഫ്രാങ്ക്‌ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്‌ളിന്‍ (22) ആണ് മരിച്ചത്. അപകടത്തില്‍ അമലിന്റെ സഹോദരന്‍ വിനയ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരെയ്ക്കു സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അമലും സഹോദരനും ബെംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്നു. പരിക്കേറ്റവരെ മൈസൂരു കെആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നിപ രോഗബാധ: സംസ്ഥാനത്ത് വീണ്ടും കേന്ദ്ര സംഘമെത്തും
സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘം പഠനത്തിനായി എത്തുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കുകയും രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ നിരീക്ഷിക്കുകയും ചെയ്യും.
കോഴിക്കോട് പേരാമ്പ്രയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു
കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 200 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും പാലേരി വടക്കുമ്പാട് HSSലെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്നും ജല പരിശോധനയില്‍ ബാക്ടീയ സാന്നിധ്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. രോഗ കാരണത്തിന്റെ സ്രോതസ് ഇതുവരെയും വ്യക്തമായിട്ടില്ല.
ജാഗ്രത; പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി
പേരാമ്പ്ര പൈതോത്ത് പള്ളിത്താഴെ ഭാഗത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് നാട്ടുകാര്‍ കാട്ടാനയെ കണ്ടത്. പുലര്‍ച്ചെ പ്രഭാത സവാരിക്കായി ഇറങ്ങിയവരും ആനയെ കണ്ടതായാണ് പറയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പോലീസും സ്ഥലത്തെത്തി. വനംവകുപ്പ് അധികൃതരും പോലീസുകാരും നാട്ടുകാരും ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു
കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. പത്തുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. മഞ്ഞപ്പിത്തം പടര്‍ന്ന സാഹചര്യത്തില്‍ കൊമ്മേരിയില്‍ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് കൊമ്മേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു
കൊമ്മേരിയില്‍ മൂന്നുപേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 10 പേര്‍ ആശുപത്രി വിടുകയും 32 പേര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതായി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച ഉത്തരവിട്ടു. കേസ് CBI ക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പോലീസ് സംഘവും ശുപാര്‍ശ ചെയ്‌തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നാണ് DGPയുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മാമിയെ കാണാതായത്. ഇതിനിടെ പി.വി അന്‍വര്‍ MLA മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്ന പ്രസ്താവന നടത്തി. തുടര്‍ന്ന് കേസ് CBIക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തുകയായിരുന്നു.
മാമി തിരോധാനക്കേസ്; CBIക്ക് കൈമാറിയേക്കും
കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി ആട്ടൂര്‍ മുഹമ്മദിന്റെ (മാമി) തിരോധാനക്കേസ് CBIക്ക് കൈമാറിയേക്കും. കേസ് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കാണാതായ മാമിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് പി.വി അന്‍വര്‍ MLA മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്ന പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് കേസ് CBIക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്.
കോഴിക്കോട് KSRTCയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട് നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് KSRTC ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിയ KSRTC ഡ്രൈവറെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസും വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 30ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.