വ്യാജ ബോംബ് ഭീഷണി: വിസ്താര വിമാനം അടിയന്തരമായി തുർക്കിയിലിറക്കി
മുംബൈയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുകയായിരുന്ന വിസ്താര വിമാനമാണ് വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് തുർക്കിയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. തുർക്കിയിലെ എൻസുറം വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഭീഷണി സന്ദേശം എഴുതിയ കത്ത് കണ്ടെത്തിയത്. തുടർന്നാണ് വിസ്താരയുടെ UK27 എന്ന വിമാനം തുർക്കിയിൽ അടിയന്തരമായി ഇറക്കിയത്. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനത്തിൽ നടത്തിയ പരിശോധനയിൽ സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല.
വിമാനങ്ങളില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം സീറ്റ് നല്‍കണമെന്ന് നിര്‍ദേശം
കുട്ടികൾക്ക് ഒരേ PNR ൽ യാത്ര ചെയ്യുന്ന അവരുടെ മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേയോ സമീപമായി സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് എയർലൈനുകൾ ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കാത്ത ഒട്ടേറെ കേസുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് DGCA യുടെ നിര്‍ദേശം. വെബ് ചെക്ക്-ഇൻ ചെയ്ത ഒരു സീറ്റും തിരഞ്ഞെടുക്കാത്ത യാത്രക്കാർക്ക് ഓട്ടോ സീറ്റ് അസൈൻമെന്‍റിനുളള വ്യവസ്ഥ ഉളളതായും DGCA അറിയിച്ചു.
വിമാന ടിക്കറ്റുകളുടെ നിരക്കുകൾ കുതിച്ചുയരുന്നു
അവധിക്കാലവും പൊതുതിരഞ്ഞെടുപ്പും മൂലം യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് നിരക്കുകൾ കൂടാന്‍ കാരണമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് ബെംഗളൂരു, കൊച്ചി, ഗോവ, ജമ്മു തുടങ്ങിയ നഗരങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകളിൽ 25 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. പൈലറ്റുമാരുടെ സമരത്തില്‍ കഴിഞ്ഞ ദിവസങ്ങളിൽ ദിവസവും മുപ്പത് സർവീസുകൾ വരെയാണ് വിസ്താര റദ്ദാക്കിയത്.Read More
5000 രൂപയ്ക്ക് കോഴിക്കോട്-അഗത്തി വിമാന സർവീസുമായി ഇൻഡിഗോ
ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസ് ആരംഭിക്കുന്നത് ആദ്യമായാണ്. മേയ് ഒന്നിന് തുടങ്ങുന്ന ഇൻഡിഗോ വിമാന സർവീസിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 78 പേർക്കു സഞ്ചരിക്കാവുന്ന ATR വിമാനം എല്ലാ ദിവസവും സർവീസ് നടത്തുന്നതാണ്. കരിപ്പൂരിൽ നിന്ന് രാവിലെ 10.20 ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയിൽ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
IBS സോഫ്റ്റ് വെയറുമായി സഹകരണത്തില്‍ ഏര്‍പ്പെട്ട് ഫ്‌ളൈ 91 എയര്‍ലൈന്‍
പ്രാദേശിക എയർലൈൻ കാരിയറായ ഗോവ ആസ്ഥാനമായുള്ള ഫ്‌ളൈ 91 കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ റിസർവേഷൻ അനുഭവം പ്രദാനം ചെയ്യുന്ന IBSന്‍റെ iFly കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നടപ്പാക്കുന്നതിനാണ് സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും ചെലവ് കുറഞ്ഞ നിരക്കുകൾ ലഭിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നതാണ്. ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിക്കാനും വിമാന സര്‍വീസുകള്‍ കുറഞ്ഞ ഉൾപ്രദേശങ്ങളിലേക്ക് സേവനങ്ങള്‍ ലഭ്യമാക്കാനും ഫ്‌ളൈ 91 നെ ഈ പ്ലാറ്റ് ഫോം സഹായിക്കും.
കോഴിക്കോട് നിന്ന് 6,000 രൂപയ്ക്ക് മലേഷ്യയിലേക്ക് യാത്ര ചെയ്യാവുന്ന ഓഫറുമായി എയർ ഏഷ്യ
ക്വലാലംപുരിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസ് വീതം ആണ് ആദ്യഘട്ടത്തിൽ കോഴിക്കോട് വിമാന താവളത്തില്‍ നിന്ന് ഉണ്ടാകുക. ഏപ്രിൽ പകുതിയോടെ ബുക്കിംഗ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 180 പേർക്ക് സഞ്ചരിക്കാവുന്ന A320 വിമാനമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് മലേഷ്യ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലാത്തതിനാൽ മലബാര്‍ മേഖലയില്‍ നിന്ന് ഈ റൂട്ടില്‍ തിരക്ക് ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ അറേബ്യയും സലാം എയറും സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു
റാസല്‍ ഖൈമ -കോഴിക്കോട് സര്‍വീസ് ആഴ്ചയില്‍ അഞ്ചാക്കിയാണ് എയര്‍ അറേബ്യ ഉയര്‍ത്തിയത്. ഏപ്രില്‍ 19 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അബുദാബിയിലേക്ക് എയര്‍ അറേബ്യയുടെ മൂന്നുവീതം സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ 15 ഓടെ ദമാമിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സലാം എയര്‍ അറിയിച്ചു. സര്‍വീസുകളുടെ എണ്ണവും സമയക്രമവും സലാം എയര്‍ ഉടന്‍ പുറത്തിറക്കും.
ഇന്ത്യയില്‍ വിമാന കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു
ഫെബ്രുവരിയിൽ വിമാന സർവീസുകൾ റദ്ദാകുകയും വൈകുകയും ചെയ്തതിനാൽ 15.5 ലക്ഷം വിമാന യാത്രക്കാരെ ബാധിച്ചതായി ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്‍ അറിയിച്ചു. സർവീസുകൾ തുടർച്ചയായി റദ്ദാക്കിയതിനാല്‍ വിമാന യാത്രക്കാരുടെ എണ്ണം ജനുവരി മാസത്തേക്കാള്‍ 3.8 ശതമാനം കുറഞ്ഞ് 1.26 കോടിയിലെത്തി. 60.1 ശതമാനം വിപണി വിഹിതം നേടിയ ഇൻഡിഗോ എയര്‍ലൈന്‍സില്‍ ആണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത്.
ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടുന്നു
ഈ സാമ്പത്തിക വർഷം ഇതിനോടകം തന്നെ 15 കോടിയിലധികം ആഭ്യന്തര യാത്രക്കാര്‍ വിമാനത്തിൽ സഞ്ചരിച്ചതായി കൺസൾട്ടൻസി സേവന കമ്പനിയായ ICRA പറഞ്ഞു. കോവിഡിന് മുമ്പ് 14 കോടി ആളുകളാണ് ആഭ്യന്തരമായി സഞ്ചരിച്ചിരുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ വിദേശ യാത്രക്കാരുടെ എണ്ണം 2.7 കോടിയിലെത്തുമെന്നാണ് കരുതുന്നത്. കോവിഡിന് മുമ്പ് വിദേശ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 2.5 കോടി എന്ന നിരക്കില്‍ ആയിരുന്നു.
മലയാളിയുടെ നേതൃത്വത്തിലുള്ള വിമാന കമ്പനിക്ക് AOC അനുമതി
തൃശൂർ സ്വദേശിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന വിമാന കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്തുന്നതിന് DGCA എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റ് (AOC) അനുവദിച്ചു. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻസാകും ഫ്ലൈ 91. കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതിക്ക് കീഴിൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഫ്ലൈ 91 ലക്ഷ്യമിടുന്നത്.