കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു
ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ സ്ഥാപിക്കാനൊരുങ്ങുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകൾക്ക് റഡാർ കൊണ്ട് പ്രയോജനമുണ്ടാവും. റഡാർ കോഴിക്കോട്ട് സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ വയനാട്ടിൽ മഴ കൃത്യമായി അളക്കേണ്ടതിന്റെ ആവശ്യകതയുള്ളതിനാലാണ് റഡാർ വയനാട്ടിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. 150 കിലോമീറ്റർ വരെ പരിധിയിൽ സിഗ്നൽ ലഭിക്കാൻ ശേഷിയുള്ള എസ് ബാൻഡ് റഡറാണ് സ്ഥാപിക്കുക. ഇതിനായി സ്ഥലം കണ്ടെത്തി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വയനാട്ടില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി രംഗത്ത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവമെന്നും യുവതി പറഞ്ഞു. പരാതിയില്‍ നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. അതേസമയം വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
മുണ്ടക്കൈ-ചൂരല്‍മലയിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായേക്കാമെന്ന് ഗവേഷകര്‍
തുലാമഴ അതിശക്തമായാല്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ പാറകളും മണ്ണുകളും കുത്തിയൊലിച്ചേക്കാമെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടല്‍ ഉണ്ടായേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അവശിഷ്ടങ്ങള്‍ പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി ഡാമിങ് ഇഫ്ക്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍. ഇത് മുന്നില്‍ കണ്ട് മതിയായ മുന്‍കരുതല്‍ എടുക്കണം എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ തുടങ്ങും
ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ GLP സ്‌കൂള്‍ മേപ്പാടി കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തനം തുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ ക്ലാസുകളാരംഭിക്കും. മേപ്പാടി GHSSലാണ് വെള്ളാര്‍മല സ്‌കൂള്‍ ഒരുക്കുന്നത്. വെള്ളാര്‍മല GVHSS, മുണ്ടക്കൈ LP സ്‌കൂള്‍ എന്നിവ പുനക്രമീകരിച്ചു. സെപ്റ്റംബര്‍ രണ്ട് മുതലാണ് ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍; ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ചു
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി. തൃശൂര്‍ ആസ്ഥാനമായുള്ള ട്രാന്‍സിഷന്‍ സ്റ്റഡീസ് കേരളയുമായി ചേര്‍ന്നാണ് വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പഠന സംഘത്തെ നിയോഗിച്ചത്. ദുരന്ത പൂര്‍വ്വ ഘട്ടങ്ങളിലെ തയാറെടുപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് പഠനം.
ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള ബാങ്കുകളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്ന് ലോണ്‍ തിരിച്ചുപിടിച്ച ബാങ്കുകളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതരോട് ബാങ്കുകൾ അനുകമ്പ കാണിക്കണമെന്നും സർക്കാർ സഹായത്തിൽ നിന്ന് EMI പിടിക്കരുതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ പരാമർശം.
ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് EMI പിടിച്ച തുക തിരികെ നല്‍കി ബാങ്കുകള്‍
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് EMI ആയി പിടിച്ച പണം തിരികെ നല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പണം തിരികെ നല്‍കി തുടങ്ങിയത്. അടിയന്തര ദുരിതാശ്വാസ ഫണ്ട് EMI അടയ്ക്കാനുള്ളതല്ലെന്ന് വയനാട് കളക്ടര്‍ മേഘശ്രീ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ 10,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയപ്പോഴേക്കും ബാങ്കുകള്‍ EMIകള്‍ ഡെബിറ്റ് ചെയ്യുകയായിരുന്നു.
വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ ഇന്ന് തീരുമാനം
വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികള്‍ യോഗത്തില്‍ പങ്കെടുക്കും. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം.
ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ ധനസഹായത്തില്‍നിന്ന് EMI പിടിച്ചു; തിരികെ നല്‍കാന്‍ നിര്‍ദേശിച്ച് ജില്ലാ ഭരണകൂടം
മുണ്ടക്കൈ-ചൂരല്‍മല മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് അടിയന്തര സഹായമായി ലഭിച്ച തുകയില്‍ നിന്ന് ബാങ്കുകള്‍ EMI പിടിച്ചുവെന്ന് ദുരിതബാധിതര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ പിടിച്ച EMI തുക ഉടന്‍ തിരികെ നല്‍കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി CEO കൂടിയായ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച നടക്കുന്ന ബാങ്കിങ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
മുണ്ടക്കൈ, ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകും: മന്ത്രി വി. ശിവൻകുട്ടി
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ കുട്ടികൾക്ക് ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും കുട്ടികളുടെ മനോനില സാധാരണ നിലയിലാകുന്നത് വരെ കൗൺസിലിംഗ് നൽകുമെന്നും കളികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകർക്കും കൗൺസിലിങ്ങിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ രണ്ട് സ്കൂളുകൾക്കാണ് കാര്യമായ നാശനഷ്ടമുണ്ടായത്. ഇതിൽ അടിയന്തര പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങൾ നഷ്‌ടമായ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.