650 CC എന്‍ജിനില്‍ ഒരുങ്ങിയിട്ടുള്ള ഗോള്‍ഡ്സ്റ്റാര്‍ എന്ന വാഹനം എത്തിച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ കമ്പനിയായിരുന്ന BSIയുടെ തിരിച്ചു വരവ്. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ബൈക്കിന്റെ വില 2.99 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്സ് കമ്പനിയാണ് BSIയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
വയനാട്ടിലേക്ക് അനാവശ്യമായി ഒരു വാഹനവും കടത്തിവിടില്ലെന്ന് അറിയിപ്പ്
വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും സൈന്യത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈങ്ങാപ്പുഴയില്‍ വാഹന പരിശോധനയ്ക്കായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെസ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി DFSP പി. പ്രമോദിനെ +91 94979 90122 നേരിട്ട് വിളിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ്
ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ട് വിച്ഛേദിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് മോട്ടോര്‍വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. പിഴ അടച്ചതുകൊണ്ട് മാത്രം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടു നല്‍കില്ല. സ്പീഡ് ഗവര്‍ണര്‍ വീണ്ടും പിടിപ്പിച്ചാലേ വാഹനം വിട്ടുകൊടുക്കൂ. കൂടാതെ വാഹനങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും നിയമലംഘകര്‍ക്കെതിരേ നടപടിയെടുക്കാനും ഉന്നതലയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
പുതിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കിയ മോട്ടോഴ്സ്
ഫുള്‍ 11 സീറ്റര്‍ കിയ കാര്‍ണിവല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ഈ വാഹനമെത്തുമെന്നാണ് പ്രതീക്ഷ. കിയ കാര്‍ണിവല്‍ ആഗോളതലത്തില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. 3.5 ലിറ്റര്‍ ഗ്യാസോലിന്‍ ഢ6, 1.6 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ്, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണവ. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷ.
ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസറിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി കമ്പനി
ടെന്‍ത്ത് വിക്ടറി എഡിഷന്‍ എന്ന പേരിലാണ് ലാന്‍ഡ് ക്രൂയിസറിന്റെ പ്രത്യേക പതിപ്പ് എത്തിച്ചിരിക്കുന്നത്. ഈ വാഹനം യു.എ.ഇയില്‍ മാത്രമായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ട്. 3,19,900 ദിര്‍ഹമാണ് ഈ വാഹനത്തിന്റെ യു.എ.ഇയിലെ എക്സ്ഷോറൂം വില. ലാന്‍ഡ് ക്രൂയിസര്‍ ബ്ലാക്ക് എഡിഷനെ അടിസ്ഥാനമാക്കിയാണ് ടെന്‍ത്ത് വിക്ടറി എഡിഷനും ഒരുക്കിയിട്ടുള്ളത്. ഡാക്കര്‍ റാലിയിലെ ടൊയോട്ടയുടെ പത്താം വിജയത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മെയ്ബയുടെ മുഖംമിനുക്കിയ പതിപ്പുമായി മെഴ്സിഡീസ്
മുന്‍ മോഡലിനെക്കാള്‍ 39 ലക്ഷം രൂപ വില വര്‍ധിപ്പിച്ച് 3.35 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലുക്കില്‍ മാറ്റങ്ങള്‍ വരുത്തിയതിനൊപ്പം ഏതാനും ഫീച്ചറുകള്‍ ഇന്റീരിയറിലും നല്‍കിയിട്ടുണ്ട്. ബ്ലാക്ക്, സില്‍വര്‍ മെറ്റാലിക്, പോളാര്‍ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ വാഹനം നിരത്തിലെത്തുക. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എന്‍ജിനാണ് മെയ്ബ GLS600-ന് കരുത്തേകുന്നത്.
സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി
ആറ് വേരിയന്റുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത്. ഈ വാഹനത്തിന്റെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 7.79 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. പുതിയ സ്വിഫ്റ്റ് നിര്‍മിക്കുന്നത് ഗുജറാത്തിലെ പ്ലാന്റിലാണ്. ലുക്കിലും ഫീച്ചറുകളിലും ഒപ്പം മെക്കാനിക്കലായും മാറ്റങ്ങളോടെയാണ് സ്വിഫ്റ്റിന്റെ ഈ വരവ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വിറ്റത് 2.45 കോടി വാഹനങ്ങള്‍
മുൻ വർഷത്തേക്കാൾ 10 ശതമാനം വർധനയാണ് വില്‍പ്പനയിൽ ഉണ്ടായിരിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. മുചക്ര വാഹനങ്ങളുടെ വില്‍പ്പനയാണ് ഏറ്റവും അധികം വര്‍ധിച്ചത്. മുൻ വർഷത്തേക്കാൾ 49 ശതമാനം അധികം മുചക്ര വാഹനങ്ങള്‍ 2023 ൽ കമ്പനികൾ വിറ്റഴിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ വില കൂടുന്നതിനാല്‍ ഉപഭോക്താക്കൾ പുതിയ ഇന്ധനങ്ങളുടെ സാധ്യതകളിലേക്ക് തിരിയുന്ന പ്രവണതയും വര്‍ധിക്കുകയാണ്. കഴിഞ്ഞ വർഷം 39 ലക്ഷം യാത്രാ വാഹനങ്ങളുടെ വില്‍പ്പനയാണ് ഉണ്ടായത്.
നിസാന്‍റെ മാഗ്‌നൈറ്റ് SUV യുടെ വില്‍പ്പന 30,000 യൂണിറ്റ് കടന്നു
തുടർച്ചയായ മൂന്നാം വർഷമാണ് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാഗ്‌നൈറ്റ് ഈ നാഴികക്കല്ല് കടക്കുന്നത്. 2020 ലാണ് മാഗ്‌നൈറ്റ് വിപണിയിൽ കമ്പനി അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് ഇതിനോടകം വിറ്റഴിച്ചത്. 30,000 യൂണിറ്റുകൾ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്തു. ഇന്ത്യയിലെ ബിസിനസ് SUV വിഭാഗത്തിലെ ഏറ്റവും പ്രിയപ്പെട്ട വാഹനമായി മാറാന്‍ മാഗ്‌നൈറ്റിന് സാധിച്ചതായി നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.
വെയിലത്ത് വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ഉയര്‍ന്ന ചൂട് കുട്ടികളില്‍ നിര്‍ജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ്. ACയുള്ള വാഹനങ്ങളാണെങ്കിലും കുറച്ചുനേരം മാത്രമേ കുട്ടികളെ അകത്തിരുത്തി പോകാവൂ എന്നും ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. വളര്‍ത്തുമൃഗങ്ങളെയും പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തിപ്പോകരുത്.