റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുൽ ഗാന്ധി
സ്വാതന്ത്ര്യ സമര സ്വപ്നങ്ങളെ ഒന്നിപ്പിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആത്മാവാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ സംരക്ഷണവും അവയോടുള്ള വിശ്വസ്തതയുമാണ് സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള യഥാർത്ഥ ആദരവെന്നും റിപ്പബ്ലിക് ദിന ആശംസ നേര്‍ന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
റിപ്പബ്ലിക് ദിന പരേഡ്: ഇത്തവണ അണിനിരന്നവരില്‍ 80 ശതമാനവും വനിതകള്‍
ഡൽഹി കർത്തവ്യ പഥിൽ നടന്ന പരേഡ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ 100 വനിതകൾ ചേർന്ന് ഒരുക്കിയ ശംഖു നാദത്തോടെയാണ് ആരംഭിച്ചത്. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ആദ്യമായി ഒന്നിച്ച് പരേഡിൽ മാർച്ച് ചെയ്തു. CRPF, SSB, ITBP എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി.
ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍
2030 ഓടെ ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന് മാക്രോണ്‍ എക്സില്‍ കുറിച്ചു. രാജ്യത്തെ സർവകലാശാലകളിൽ പഠിക്കുന്നതിന് ഫ്രഞ്ച് ഭാഷ നിർബന്ധമാകാത്ത രീതിയിൽ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡിലെ മുഖ്യാഥിതിയായാണ് മാക്രോണ്‍ ഇന്ത്യയിലെത്തിയത്.
റിപ്പബ്ലിക്ദിന ആഘോഷ നിറവില്‍ രാജ്യം
ഇന്ത്യ ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു ഡൽഹിയിലെ കർത്തവ്യപഥിൽ എത്തി ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ചടങ്ങിലെ മുഖ്യാഥിതി. “ഇന്ത്യ - ജനാധിപത്യത്തിന്റെ മാതാവ്”, “വികസിത് ഭാരത്” എന്നിവയാണ് ഇത്തവണത്തെ പരേഡിന്റെ തീം.
സംസ്ഥാനത്ത് 75–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി
തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തിയതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സന്നിഹിതനായി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, NCC, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു.
2024 ലെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സൈനിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 6 സൈനികർക്ക് കീർത്തി ചക്രയും 8 പേർക്ക് ശൗര്യ ചക്രയും ലഭിച്ചു. നാല് മലയാളികൾ ഉൾപ്പെടെ 22 സൈനികർ പരം വിശിഷ്ട സേവാ മെഡലിനും 4 പേർ യുദ്ധ് സേവാ മെഡലിനും അർഹരായി.
പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
75-ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി 2024ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 34 പേർക്ക് പത്മശ്രീ ലഭിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ചവർ.
എല്ലാ പൗരന്മാരും രാജ്യപുരോഗതിക്ക് വേണ്ടി പ്രയത്നിക്കണം: രാഷ്ട്രപതി
രാജ്യം പരിവർത്തനത്തിന്റെ പാതയിലാണെന്നും എല്ലാ പൗരന്മാരും രാജ്യ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കണമെന്നും 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റും റോഡ് ഷോ നടത്തി
ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ജയ്‌പ്പൂരിൽ റോഡ് ഷോ നടത്തി. ഇത് മൂന്നാം തവണയാണ് മാക്രോൺ ഇന്ത്യ സന്ദർശിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി
റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേർന്ന് സ്വീകരിച്ചു. രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിച്ച ശേഷം മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജയ്‌പൂരിൽ റോഡ് ഷോ നടത്തും.