സ്വാതന്ത്ര്യദിനം: പ്രത്യേക ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വെ
സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണ് ദക്ഷിണ റെയില്‍വെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത്. ആഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ കൊച്ചുവേളിയിലെത്തും. ആഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിന്‍ സര്‍വീസുണ്ടാകും.
എറണാകുളത്ത് റെയില്‍വെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്കാണ് സ്വകാര്യ വ്യക്തിയുടെ കേസില്‍ പെട്ടു കിടക്കുന്ന ഭൂമിയിലെ മരം പൊട്ടി വീണത്. റെയില്‍വെയുടെ വൈദ്യുതി ലൈനില്‍ തട്ടി മരത്തിന് തീപിടിക്കുകയും ചെയ്തു. അപായമൊന്നും ഉണ്ടായിട്ടില്ല. ഇതോടെ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വേണാട്, മംഗള എക്‌സ്പ്രസുകള്‍ പിടിച്ചിട്ടിട്ടുണ്ട്.
കൊല്ലം-തിരുപ്പതി ദ്വൈവാര എക്സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും
ബുധന്‍, ശനി ദിവസങ്ങളിലാണ് കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്ക് സര്‍വീസ് ഉണ്ടാകുക. തിരുപ്പതി-കൊല്ലം സര്‍വീസ് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നടത്തുക. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് തിരിക്കുന്ന എക്സ്പ്രസ് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്ത് നിന്ന് രാവിലെ 10.45ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ വരുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ആദ്യ വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും BEML നിര്‍മിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ വയര്‍ലെസ് നിയന്ത്രണ സംവിധാനമടക്കം ഉള്ളവയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 160 കി.മീ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 11 AC 3 ടയര്‍ കോച്ചുകളും 4 AC 2 ടയര്‍ കോച്ചുകളും, ഒരു AC ഒന്നാം കോച്ചും ഉണ്ടാകും.
ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവത്തിൽ റെയിൽവേ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു
കശ്മീർ മുതൽ പഞ്ചാബ് വരെ 84 കിലോമീറ്റർ ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ ഓടിയ സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോർട്ട് തേടി. പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് മന്ത്രിക്ക് കൈമാറും. നിർത്തിയിട്ടിരുന്ന ട്രെയിൻ ഹാൻഡ് ബ്രേക്ക് ചെയ്യാതെ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണ് സംഭവത്തിന് കാരണമായത്.
ജമ്മു കശ്മീരില്‍ ചരക്കു ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ഓടി
ലോക്കോ പൈലറ്റ് ഇല്ലാതെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ഓടിയത്. കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അവിചാരിതമായി തനിയെ നീങ്ങുകയായിരുന്നു. നിര്‍ത്തി ഇട്ടിരുന്നതിന് മുന്നിലായി ഉളള ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങി ട്രെയിൻ വേഗത ആര്‍ജിച്ചു. സംഭവത്തില്‍ വൻ ദുരന്തമാണ് ഒഴിവായത്.
ശിവരാത്രിയോട് അനുബന്ധിച്ച് ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുമായി റെയില്‍വെ
ശിവരാത്രി ചടങ്ങുകള്‍ക്ക് പോകുന്നവരുടെ സൗകര്യാര്‍ഥം മാര്‍ച്ച് എട്ടിന് 16325 നിലമ്പൂര്‍ - കോട്ടയം എക്സ്പ്രസ്സ് ഷൊര്‍ണൂര്‍ മുതല്‍ ആലുവ വരെയുള്ള സാധാരണ സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിലും നിര്‍ത്തുമെന്ന് റെയില്‍വെ അറിയിച്ചു. അന്ന് രാത്രി 06461 ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ എക്സ്പ്രസ്സ് സ്പെഷ്യല്‍ ആലുവ വരെ പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വര്‍ക്ഷോപ്പുകളിലുമായി 2860 പേരുടെ ഒഴിവാണ് വന്നിരിക്കുന്നത്. ITIക്കാര്‍ക്ക് തിരുവനന്തപുരം ഡിവിഷനിലും പാലക്കാട് ഡിവിഷനിലുമായി 415 ഒഴിവുകളുണ്ട്. www.apprenticeshipindia.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം അപേക്ഷകര്‍. വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും sr.indianrailways.gov.inല്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്.
ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കുമെന്ന് റെയിൽവേ മന്ത്രി
ബെംഗളൂരു-മംഗളൂരു-കണ്ണൂര്‍ സർവീസ് നടത്തുന്ന എക്സ്‌പ്രസ് കോഴിക്കോട് വരെ നീട്ടുന്നതിനാണ് റെയിൽവേ ബോർഡ് തീരുമാനിച്ചത്. ഇതിനായി നടപടി തുടങ്ങിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട് വരെ നീട്ടുമെന്നും മന്ത്രി പറഞ്ഞു.
അതിവേഗ ട്രെയിനുകൾക്കായി മലപ്പുറം ജില്ലയിൽ പുതിയ ഇരട്ട പാത നിര്‍മിക്കുന്നു
പാലക്കാട് ജില്ലാ അതിർത്തിയിലെ കരിയന്നൂർ റെയിൽവേ പാലത്തിനും പേരശ്ശനൂർ അഞ്ചുകന്ന് പാലത്തിനും ഇടയില്‍ നിര്‍മിക്കുന്ന ട്രാക്കിന് ചെല്ലൂർ കുന്നിന് അടിയിലൂടെ തുരങ്കപ്പാതയും ഉണ്ടാകും. ഷൊർണൂർ–മംഗളൂരു പാതയില്‍ കുറ്റിപ്പുറത്തുള്ള ‘റ’ വളവ് ഒഴിവാക്കുകയാണ് പുതിയ ഇരട്ട പാതയുടെ പ്രധാന ഉദ്ദേശം.