KSRTC പെന്‍ഷന്‍; ഓണത്തിന് മുമ്പ് തുക നല്‍കണമെന്ന് ഹൈക്കോടതി
KSRTCയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ഈ മാസത്തെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. KSRTC പെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശം പാലിക്കുമെന്നും ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും KSRTC കോടതിയില്‍ അറിയിച്ചു. അതേസമയം KSRTCയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
കൂറുമാറിയ MLAമാര്‍ക്ക് പെന്‍ഷനില്ല; ബില്‍ പാസാക്കി ഹിമാചല്‍ നിയമസഭ
മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറിയ MLAമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് നിര്‍ത്തലാക്കുന്നതിനുളള പുതിയ ബില്‍ പാസാക്കി ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹിമാചല്‍ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി (അംഗങ്ങളുടെ അലവന്‍സുകളും പെന്‍ഷനും) ഭേദഗതി ബില്‍ 2024 എന്ന പേരില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖുവാണ് ബില്‍ അവതരിപ്പിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട MLA മാര്‍ക്ക് പുതിയ ബില്‍ ബാധകമാകും.
ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പായ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, മിനിമം പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന ഏകീകൃത പെന്‍ഷന്‍ സ്‌കീം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനാണ് ഈ പദ്ധതിയിലൂടെ ഉറപ്പ് നല്‍കുന്നത്.
കൊടുത്തു തീര്‍ക്കാനുള്ള ക്ഷേമപെന്‍ഷന്‍ കുറച്ചെങ്കിലും നല്‍കിക്കൂടേയെന്ന് ഹൈക്കോടതി
കൊടുത്തു തീര്‍ക്കാനുള്ള ക്ഷേമപെന്‍ഷന്‍ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പെന്‍ഷന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് കുറച്ചെങ്കിലും പെന്‍ഷന്‍ നല്‍കിക്കൂടേ എന്ന് സര്‍ക്കാരിനോട് ചോദിച്ചത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീര്‍ക്കും: മുഖ്യമന്ത്രി
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ അഞ്ച് മാസത്തെ കുടിശ്ശികയുണ്ട്. അത് മുഴുവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കും. കുടിശ്ശികയിലെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയുള്ള മൂന്ന് ഗഡു കൂടി വിതരണം ചെയ്യുമെന്നും കാരുണ്യ, സപ്ലൈകോ കുടിശ്ശികകളും കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സാമൂഹിക സുരക്ഷ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ മസ്റ്ററിംങ് 25 മുതല്‍
2023 ഡിസംബര്‍ 31വരെ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 വരെയുള്ള വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കില്ല. അക്ഷയ കേന്ദ്രങ്ങളില്‍ അംഗീകൃത സേവനത്തുക നല്‍കി ഗുണഭോക്താക്കള്‍ക്ക് നടപടി പൂര്‍ത്തിയാക്കാവുന്നതാണ്.
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
ക്ഷേമപെന്‍ഷന്‍ വിതരണത്തിനും ഈ മാസം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുമായി സര്‍ക്കാര്‍ ഇന്ന് 3500 കോടി രൂപ കടമെടുക്കും. നാളെ മുതലുള്ള ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 800 കോടിയോളം രൂപ ആവശ്യമാണ്. ഈ മാസവും അടുത്ത മാസവുമായി വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാനായി വേണ്ട 7,500 കോടി രൂപ അടുത്ത മാസം ആദ്യം വീണ്ടും സര്‍ക്കാര്‍ കടമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ രണ്ട് ഗഡു വിതരണം ചെയ്യും
നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനാണ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുന്നത്. 3200 രൂപവീതമാണ് ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ക്ഷേമപെന്‍ഷന്‍ വൈകുന്നതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് നടപടി.
സർവീസ് പെൻഷൻ കുടിശ്ശിക നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 628 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാർക്കും അധ്യാപകർക്കും നല്‍കുന്നതിനുളള പെൻഷൻ കുടിശ്ശികയാണ് അനുവദിച്ചിരിക്കുന്നത്. പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ഇനത്തിലുളള മൂന്നാം ഗഡുവാണ് നല്‍കുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 5.07 ലക്ഷം പേരാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ല; സാങ്കേതിക പ്രശ്‌നമാണുള്ളതെന്ന് ധനമന്ത്രി
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ചില സാങ്കേതിക പ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്നും ഇവ രണ്ടും മുടങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നതായും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ETSB അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധി. ഈ മാസം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 13000 കോടി രൂപ ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.