സെലന്‍സ്‌കിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
US സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോദി ആവര്‍ത്തിച്ച് ഉറപ്പു നല്‍കി.
പാലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുഎസില്‍ നടക്കുന്ന യുഎന്‍ജിഎ സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഗസയിലെ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും പാലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സിലൂടെ അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവും ശക്തമായ ബ്രാന്‍ഡ് അംബാസഡര്‍മാര്‍; യുഎസിലെ ഇന്ത്യക്കാരോട് മോദി
യുഎസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ രാഷ്ട്രദൂതര്‍ എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു. ഡസന്‍ കണക്കിന് ഭാഷകളും ലോകത്തിലെ എല്ലാ വിശ്വാസങ്ങളും മതങ്ങളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഞങ്ങള്‍ ഐക്യത്തോടെ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസിലേക്ക് പുറപ്പെടും. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുള്‍പ്പെടെ വിവധ ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിനെ മോദി സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. 24ന് വൈകിട്ട് മോദി തിരിച്ചെത്തും.
വന്ദേ മെട്രോ ട്രെയിന്‍ ഇനി ‘നമോ ഭാരത് റാപിഡ് റെയില്‍’
ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിന്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പേരുമാറ്റി. ‘നമോ ഭാരത് റാപിഡ് റെയില്‍’ എന്ന പേരിലായിരിക്കും ഇനി വന്ദേ മെട്രോ അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് ട്രെയിനിന്റെ ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേര് മാറ്റം നടത്തിയത്. ബുധനാഴ്ച മുതലാണ് ട്രെയിന്‍ സ്ഥിര സര്‍വീസ് ആരംഭിക്കുക.
ജമ്മു കശ്മീരില്‍ തീവ്രവാദം അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്ന് നരേന്ദ്ര മോദി
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ജമ്മു കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറിയെന്നും കുടുംബരാഷ്ട്രീയം ഈ പ്രദേശത്തെ പൊള്ളയാക്കിയെന്നും മോദി ബിജെപി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. വിദ്വേഷത്തിന്റെ കട നടത്തുന്ന ആളുകള്‍ സ്നേഹത്തിന്റെ കട എന്ന ബോര്‍ഡിന് പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ദൈവത്തോട് സംസാരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന; മാനസിക തകര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി
ദൈവത്തോട് സംസാരിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന മാനസിക തകര്‍ച്ചയുടെയും ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന്റെയും സൂചനയാണെന്ന് കോണ്‍ഗ്രസ് MP രാഹുല്‍ ഗാന്ധി പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ലക്ഷ്യത്തിനായി ദൈവം തന്നെ തിരഞ്ഞെടുത്തുവെന്നും ദൈവത്തോട് താന്‍ നേരിട്ട് സംസാരിക്കുന്നുവെന്നും ദൈവം തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. സെപ്റ്റംബര്‍ 8 നാണ് കിരീടാവകാശി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.
സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോംഗും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും നാല് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യ, സെമികണ്ടക്ടര്‍, ആരോഗ്യം, മരുന്നുകള്‍, വിദ്യാഭ്യാസ സഹകരണം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏകദേശം 160 ബില്യണ്‍ US ഡോളറിന്റെ നിക്ഷേപമുള്ള സിംഗപ്പൂര്‍ ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രി സിംഗപ്പൂരില്‍; ഉജ്ജ്വല സ്വീകരണം
സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവേശോജ്വല സ്വീകരണം നല്‍കി ഇന്ത്യന്‍ പ്രവാസികള്‍. ബ്രൂണെയില്‍ നിന്നെത്തിയ മോദിയെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശില്‍പക് ആംബുലെയും ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ്ങും ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്ത്യാ-സിംഗപ്പൂര്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.