മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജല കമ്മീഷന്റെ അനുമതി
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് നേട്ടം. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു. 13 വർഷത്തിനുശേഷമാണ് മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തുന്നത്. 2021 ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026 ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കേന്ദ്ര ജല കമ്മീഷന്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത്. 12 മാസത്തിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുമെന്ന് ഡീൻ കുര്യാക്കോസ് MP
മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഒക്ടോബറോടെ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ഇടുക്കി MP ഡീൻ കുര്യാക്കോസ്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാന് മുല്ലപ്പെരിയാർ ഡാമിനെപ്പറ്റി നിലനിൽക്കുന്ന ആശങ്കകൾ വിശദീകരിച്ച് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുന്നതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ മാറ്റമുണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് MP വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡീന്‍ കുര്യാക്കോസ്
മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇടുക്കി MP ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണം. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യെണമെന്നും ഡീന്‍ കുര്യാക്കോസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിൽ അടക്കം 9 പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ ഉൾപ്പെടെ സംസ്ഥാനത്ത് പുതുതായി 9 ഡാമുകൾ കൂടി നിർമിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ മുൻനിർത്തിയാണ് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ഇതിനായി DPR തയാറാക്കി എന്നും പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ അനുമതിക്ക് വേണ്ടി ശ്രമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിൻറെ നയം എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. Read More
മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി പരിശോധന തുടങ്ങി
കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എഞ്ചിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ചംഗ സമതി ആണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. എല്ലാ വര്‍ഷവും ഡാമില്‍ പരിശോധന നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പില്‍ വേ, ഗാലറികള്‍, വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡ് എന്നിവയൊക്കെ സമിതി പരിശോധിക്കും.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു
ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട യോഗമാണ് മാറ്റിവെച്ചത്. യോഗം മാറ്റിവെച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതിന് പിന്നാലെയാണ് യോഗം മാറ്റിയിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന് തമിഴ്നാട്
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഓരോ വശങ്ങളും പരിശോധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
മുല്ലപ്പെരിയാറിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം; സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് കേരളത്തിന് അനൂകുലം
സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പാട്ട ഭൂമിക്ക് പുറത്താണ് നിര്‍മാണമെന്നാണ്. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്‌നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സര്‍വേ ഓഫ് ഇന്ത്യ അധികൃതരോട് റിപ്പോര്‍ട്ട് തേടിയത്. അടുത്ത മാസം 24ന് സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കും. അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം.
മുല്ലപ്പെരിയാർ; കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രിം കോടതിയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ രാജ്യാന്തര വിദഗ്ധ സമിതി സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സുരക്ഷാ പരിശോധന നടത്താനുള്ള അവകാശം തമിഴ്നാടിന് ആണെന്നും സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള അനുവാദം കേരളം നൽകുന്നില്ലെന്നും തമിഴ്നാട് കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാർ അണകെട്ട് ബലപ്പെടുത്തണമെന്ന് തമിഴ്നാട് സുപ്രീംകോടതിയില്‍
അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതി അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് പരിശോധിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം നിരസിക്കണമെന്നും തമിഴ്നാട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറഞ്ഞു. അണക്കെട്ടിന് താഴെയുളള പ്രദേശങ്ങളിലെ അഞ്ചു ലക്ഷത്തിലേറെ ആളുകളുടെ സുരക്ഷയിലുളള ആശങ്കയാണ് കേരളം കോടതിയില്‍ ഉന്നയിച്ചത്.