ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നതായി റിപ്പോര്‍ട്ട്
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അന്തര്‍വാഹിനി തകര്‍ന്നതെന്ന് അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെനയുടെ പുതിയ ഫസ്റ്റ്-ഇന്‍-ക്ലാസ് ആണവ അന്തര്‍വാഹിനി മെയ്-ജൂണ്‍ കാലയളവില്‍ ഒരു തുറമുഖത്തോട് ചേര്‍ന്ന് തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍വാഹിനി തകരാനുള്ള കാരണം എന്താണെന്നോ ആ സമയത്ത് കപ്പലില്‍ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതിയ തലമുറ ആണവ അന്തര്‍വാഹിനികളുടെ നിര്‍മ്മാണവും ചൈന ആരംഭിച്ചിട്ടുണ്ട്.
ചൈനയില്‍ ആഞ്ഞടിച്ച് യാഗി കൊടുങ്കാറ്റ്; രണ്ട് മരണം
ചൈനയിലെ ഹൈനാനില്‍ ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യുകയും 92 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറില്‍ 234 കിലോമീറ്റര്‍ വേഗതയിലാണ് യാഗി വീശിയത്. ചൈനയുടെ തെക്കേ ഭാഗത്തുള്ള 10 ലക്ഷത്തോളം ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ഹൈനാന്‍ പ്രവിശ്യയിലെ 8,30,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റായി യാഗി മാറി.
ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6A തകര്‍ന്നു
ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് ചൈനയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച് 6A തകര്‍ന്നത്. ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിന്യസിച്ചതിന് ശേഷമാണ് ഭൗമോപരിതലത്തിന് മുകളില്‍ 810 കി.മീ ഉയരത്തില്‍ വെച്ച് റോക്കറ്റ് തകര്‍ന്നതെന്നാണ് വിവരം. റോക്കറ്റ് തകര്‍ന്നതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങള്‍ രൂപപ്പെട്ടതായാണ് വിവരം. തകര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കൈലാസ പര്‍വതം ഇന്ത്യയില്‍ നിന്ന് കാണാനുള്ള അവസരമൊരുങ്ങുന്നു
ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ KMVN ഹട്ട്‌സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള പാത തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നതോടെയാണ് ഇന്ത്യയില്‍ നിന്ന് തന്നെ കൈലാസം കാണാനുള്ള അവസരം ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ ഉത്തരാഖണ്ഡിലെ ലുപുലേഖ് ചുരത്തിലെ വ്യൂ പോയന്റിലൂടെ കൈലാസ പര്‍വതം നേരിട്ട് കാണാന്‍ സാധിക്കും. കൊവിഡ് വ്യാപനത്തോടെ ഇതുവഴി കൈലാസത്തിലേക്കുള്ള പാത അടച്ചിരുന്നു. നിയന്ത്രണങ്ങള്‍ അവസാനിച്ച് വര്‍ഷങ്ങളായിട്ടും ഈ പാത തുറക്കാന്‍ ചൈന തയ്യാറായിട്ടില്ല.
ചന്ദ്രനില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണുമായി ചാങ്ഇ-6 പേടകം തിരിച്ചെത്തി
ചന്ദ്രനില്‍ നിന്ന് കുഴിച്ചെടുത്ത പാറയുടെയും മണ്ണിന്റെയും സാമ്പിളുമായാണ് ഇന്റര്‍ മംഗോളിയന്‍ മേഖലയില്‍ ഇന്ന് ഉച്ചയോടെ പേടകം തിരിച്ചെത്തിയത്. മേയ് മൂന്നിന് വിക്ഷേപിച്ച പേടകം ജൂണ്‍ രണ്ടിന് പുലര്‍ച്ചെയോടെയാണ് ചന്ദ്രനില്‍ ലാന്റ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഐറ്റ്കെനില്‍ നിന്നും ചാങ്ഇ-6 ശേഖരിച്ച സാമ്പിളുകള്‍ ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകള്‍ നല്‍കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ചൈനയില്‍ റോക്കറ്റിന്റെ അവശിഷ്ടം ജനവാസമേഖലയില്‍ തകര്‍ന്ന് വീണു
ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടമാണ് തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ട്. വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു സംഭവം. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ദൗത്യത്തിന് മുന്നോടിയായി ജനങ്ങള്‍ വീടുകള്‍ ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷവാതകങ്ങള്‍ പുറത്തുവരാനും പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആഡംബര ക്രൂസ് ഷിപ്പുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന
കൂടുതല്‍ വിദേശ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് ചൈനയുടെ ഈ തീരുമാനത്തിന്റെ ലക്ഷ്യം. മേയ് 15 മുതലാണ് ഈ സ്‌കീം നിലവില്‍ വരിക. ക്രൂസ് ഷിപ്പുകളില്‍ എത്തുന്നവര്‍ക്ക് 15 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാമെന്ന് നാഷണല്‍ ഇമിഗ്രേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ഷാങ്ഹായ്, ചിങ്ഡാവോ എന്നിവ ഉള്‍പ്പെടുന്ന തിരഞ്ഞെടുത്ത 13 തുറമുഖങ്ങള്‍ വഴിയാണ് വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുക.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന
2023-24 വര്‍ഷകാലയളവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 118. 4 ബില്യണ്‍ US ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 8.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷിയേറ്റീവിന്റെ( GTRI) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. US രണ്ടാം സ്ഥാനത്തും UAE മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന പേടകം വിക്ഷേപിച്ച് ചൈന
ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പരിപാടിയുടെ ഭാഗമായാണ് ചാങ് ഇ-6 വിക്ഷേപിച്ചത്. വെന്‍ചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചന്ദ്രന്റെ വിദൂരഭാഗത്ത് നിന്ന് പാറയുടെയും മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. ഇതോടെ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരിക്കുകയാണ്.
ചൈനയിൽ സാമ്പത്തിക മാന്ദ്യമുളളതായി സമ്മതിച്ച് കമ്യൂണിസ്റ്റ് പാർട്ടി
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിൽ വന്ന കുറവും ആഗോള സാഹചര്യങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ജൂലായിൽ നടക്കുന്ന പ്ലീനത്തില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചർച്ച ചെയ്യും. കഴിഞ്ഞ ഒക്ടോബറിൽ നടക്കേണ്ട പ്ലീനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വൈകിയതെന്ന് കരുതുന്നു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന.