ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 16 സീരീസും മറ്റ് ഗാഡ്ജറ്റുകളും ഇന്ന് പുറത്തിറങ്ങും. ഐഫോണ്‍ 16, 16 പ്ലസ്,16 പ്രോ, 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാകും ഇന്ന് അവതരിപ്പിക്കുക. എ 18 ചിപ്പിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെല്ലാം എത്തുക. കാലിഫോര്‍ണിയയിലെ ആപ്പിള്‍ കുപര്‍റ്റീനോ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ലോഞ്ചിങ്. ആപ്പിളിന്റെ സ്വന്തം AI ആയ ആപ്പിള്‍ ഇന്റലിജന്‍സിന്റെ വിശദാംശങ്ങളും ചടങ്ങില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.
പുതിയ സീരീസ് ഐഫോണ്‍ സെപ്റ്റംബര്‍ 9ന് എത്തും
സെപ്റ്റംബര്‍ 9ന് കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിലാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്. ഇതിനു പുറമെ പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചും ഉണ്ടാകും. പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട റോഡ്മാപ്പും പരിപാടിയില്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ഐഫോണ്‍ 16 സിരീസ് മോഡലുകള്‍ക്ക് വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്
ഐഫോണ്‍ 16 പ്രോ സിരീസുകളുടെ നിര്‍മാണം തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ തുടങ്ങാന്‍ പോകുന്നതിനെ തുടര്‍ന്നാണ് ഫോണിന് വില കുറഞ്ഞേക്കുമെന്ന സൂചന വന്നിരിക്കുന്നത്. ആഗോള ലോഞ്ചിന് പിന്നാലെ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയുടെ നിര്‍മാണം തമിഴ്നാട്ടിലെ പ്ലാന്റില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ 22 ശതമാനത്തില്‍ നിന്ന് 17 ആയി കുറച്ചതും വില കുറയാന്‍ ഇടയാക്കിയേക്കും. നിലവിലെ ഐഫോണ്‍ മോഡലുകള്‍ക്ക് 5,900 രൂപ വരെ വിലക്കുറവ് സംഭവിച്ചിട്ടുണ്ട്.
ആപ്പിള്‍ ഈ വര്‍ഷം ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
അത്യാധുനിക m4, m4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ അവതരിപ്പിക്കാനായി ആപ്പിള്‍ പദ്ധതിയിടുന്നതയാണ് റിപ്പോര്‍ട്ട്. 1.4 ഇഞ്ചുള്ള ആപ്പിള്‍ ടിവിയുടെ സമാന വലുപ്പമായിരിക്കും മാക് മിനിക്കെന്നാണ് സൂചന. ആപ്പിള്‍ ടിവിയേക്കാള്‍ അല്‍പ്പം ഉയരം കൂടാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.
വിവോ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി ടാറ്റ ഗ്രൂപ്പ്
ആപ്പിള്‍ എതിര്‍ത്തതോടെയാണ് ടാറ്റാ ഗ്രൂപ്പിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരുവിലെ ടാറ്റയുടെ ഫാക്ടറിയിലാണ് ആപ്പിള്‍ ഐഫോണുകളുടെ ഉല്‍പ്പാദനം നടക്കുന്നത്. അതുപോലെ സ്മാര്‍ട്ട്്ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ എതിരാളികളില്‍ ഒരാളാണ് വിവോ. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനിയെ ഭാരതീയവത്കരിക്കുക എന്ന ലക്ഷ്യത്തോടെ 51 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു വിവോ ഇന്ത്യ.
കേന്ദ്ര ബജറ്റിന് പിന്നാലെ ഫോണിന് വിലകുറച്ച് ആപ്പിള്‍
2024 ബജറ്റില്‍ സ്മാര്‍ട്ട്ഫോണുകളുടെ കസ്റ്റംസ് തീരുവ 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചതിന് പിന്നാലെ ഇന്ത്യയില്‍ ഐഫോണിന് വില കുറഞ്ഞു. 1,34,900 രൂപയുണ്ടായിരുന്ന ഐഫോണ്‍ 15 പ്രോയ്ക്ക് 5100 രൂപ കുറഞ്ഞ് 1,29,800 രൂപയായി. അതുപോലെ 1,59,900 രൂപയായിരുന്ന ഐഫോണ്‍ 15 പ്രോ മാക്‌സിന് 5900 രൂപ കുറഞ്ഞ് 1,54,000 രൂപയായി. ഐഫോണ്‍ ശ്രേണിയിലെ മറ്റു ചില ഫോണുകള്‍ക്ക് 300 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ആപ്പിള്‍ മാപ്പ് ഇനി മുതല്‍ വെബ് വേര്‍ഷനിലും
കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ മാപ്പിന്റെ ബീറ്റ വേര്‍ഷന്‍ കമ്പനി അവതരിപ്പിച്ചത്. മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ഇനി വെബ് വേര്‍ഷനിലും ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന ബ്രൗസറില്‍ നിന്ന് beta.maps.Apple.com എന്ന URL സന്ദര്‍ശിച്ചാല്‍ ആപ്പിള്‍ മാപ്പിലെത്താനാകും. മാക്കിലാണെങ്കില്‍ സഫാരി, ക്രോം ബ്രൗസറുകളിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കാണെങ്കില്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളിലൂടെയും ആപ്പിള്‍ മാപ്പ് ഉപയോഗിക്കാം.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം കരസ്ഥമാക്കി ആപ്പിള്‍
ആപ്പിളിന്റെ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്ന് 211.75 ഡോളറിലെത്തി. മൈക്രോസോഫ്റ്റിനെ പിന്തള്ളിയാണ് ആപ്പിള്‍ ഒന്നാമതെത്തിയത്. ആപ്പിളിന്റെ വിപണി മൂല്യം 3.25 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3.24 ലക്ഷം കോടി ഡോളറാണ്. അഞ്ച് മാസത്തിനിടെ ആദ്യമായാണ് ആപ്പിള്‍ മൈക്രോസോഫ്റ്റിനെ പിന്തള്ളുന്നത്. AI കൂടുതലായി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ആപ്പിളിനെ തുണച്ചത്.
ആപ്പ് ഐക്കണ്‍ കസ്റ്റമൈസേഷന്‍ സൗകര്യം; പുതിയ ഫീച്ചറുകളുമായി iOS 18
ഈ വര്‍ഷം ജൂണ്‍ പത്തിന് നടക്കാനിരിക്കുന്ന ആപ്പിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ സുപ്രധാനമായ നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. AI ഉപയോഗിച്ച് കസ്റ്റം ഇമോജികള്‍ നിര്‍മിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണ്‍ കസ്റ്റമൈസേഷന്‍, iOS 18ലെ മെസേജിങ് സംവിധാനത്തില്‍ AI ഫീച്ചറുകളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഗ്രിഡ് രീതിയില്‍ നിന്ന് മാറി ആപ്പ് ഐക്കണുകള്‍ സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും വെയ്ക്കാന്‍ ഉപഭോക്താവിന് കഴിയുന്ന തരത്തിലുള്ള അപ്ഗ്രേഡുകള്‍ iOS 18 ലെ ഹോം സ്‌ക്രീനിലും വരുന്നുണ്ട്.
ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ അവതരണ പരിപാടി ഇന്ന്
'ലെറ്റ് ലൂസ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകീട്ട് 7.30 നാണ് നടക്കുക. സുപ്രധാനമായ പല പ്രഖ്യാപനങ്ങളും ഈ പരിപാടിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. പുതിയ M4 ചിപ്പ്, ആപ്പിള്‍ ഐപാഡുകള്‍, പുതിയ മാജിക് കീബോര്‍ഡ് തുടങ്ങിയവയെല്ലാം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. IOS 18, ഐഫോണ്‍ 16 സീരീസ് തുടങ്ങിയവയുടെ അവതരണത്തിന്റെ സൂചനകള്‍ പങ്കുവെച്ചേക്കാമെന്നും കരുതുന്നുണ്ട്.