കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന കേദാര്‍നാഥ് റൂട്ടില്‍ അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 133 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കേദാര്‍നാഥ്, ലിഞ്ചോളി, ഭീംബലി, ഗൗരികുണ്ഡ് തുടങ്ങിയ യാത്രാ റൂട്ടുകളിലകപ്പെട്ട 10,374 പേരെ രക്ഷപ്പെടുത്തിയതായി ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാര്‍ സുമന്‍ പറഞ്ഞു. ജൂലൈ 31നുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെയാണ് കേദാര്‍നാഥ്, ലിഞ്ചോളി, ഭീംബാലി, ഘോരപദവ്, റംബദ എന്നിവയുള്‍പ്പെടെയുളള സ്ഥലങ്ങളിലെ റോഡുകള്‍ ഒലിച്ചുപോയത്.
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി
കഴിഞ്ഞ ദിവസം രുദ്രപ്രയാഗില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റൂട്ടില്‍ കുടുങ്ങിയ 9,000ത്തിലധികം തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. കേദാര്‍നാഥ്, ഗൗരികുണ്ഡ്, സോന്‍പ്രയാഗ് മേഖലകളില്‍ നിന്ന് ഇനിയും ആയിരത്തോളം തീര്‍ത്ഥാടകരെ ഒഴിപ്പിക്കാനുണ്ട്. അതേസമയം ഓഗസ്റ്റ് 8 വരെ ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം
ഉത്തരാഖണ്ഡ് ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടം. ശക്തമായ മഴയിൽ ഇതുവഴി ഒഴുകുന്ന ബാലഗംഗ, ധരംഗംഗ നദികളിലെ വെള്ളം കരകവിഞ്ഞൊഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറുകയും സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോവുകയും ചെയ്തു. ശാരദാ കുടീരത്തെയും ശിവാനന്ദാശ്രമത്തെയും ഗംഗോത്രിയിലെ വെള്ളപ്പൊക്കം ബാധിച്ചു. തീരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം ആളുകളെ കാണാതായതായി ഇതുവരെ വിവരമില്ല.
കേദാര്‍നാഥില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ത്ഥാടകര്‍ മരിച്ചു
ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് പാതയിലെ രുദ്രപ്രയാഗിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി കിഷോര്‍ അരുണ്‍ പരാട്ടെ (31) ജല്‍ന സ്വദേശി സുനില്‍ മഹാദേവ് കാലെ (24) രുദ്രപ്രയാഗ് സ്വദേശി അനുരാഗ് ബിഷ്ത് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കൈലാസ പര്‍വതം ഇന്ത്യയില്‍ നിന്ന് കാണാനുള്ള അവസരമൊരുങ്ങുന്നു
ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ KMVN ഹട്ട്‌സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള പാത തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നതോടെയാണ് ഇന്ത്യയില്‍ നിന്ന് തന്നെ കൈലാസം കാണാനുള്ള അവസരം ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ ഉത്തരാഖണ്ഡിലെ ലുപുലേഖ് ചുരത്തിലെ വ്യൂ പോയന്റിലൂടെ കൈലാസ പര്‍വതം നേരിട്ട് കാണാന്‍ സാധിക്കും. കൊവിഡ് വ്യാപനത്തോടെ ഇതുവഴി കൈലാസത്തിലേക്കുള്ള പാത അടച്ചിരുന്നു. നിയന്ത്രണങ്ങള്‍ അവസാനിച്ച് വര്‍ഷങ്ങളായിട്ടും ഈ പാത തുറക്കാന്‍ ചൈന തയ്യാറായിട്ടില്ല.
ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു
ഗംഗോത്രിക്ക് സമീപം തീര്‍ത്ഥാടകര്‍ക്കായി നിര്‍മിച്ച താല്‍ക്കാലിക പാലം തകര്‍ന്ന് രണ്ട് പേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. 40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുകയാണ്. 16 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഹരിദ്വാറിൽ കനത്ത മഴ: കാറുകൾ ഒഴുകിപ്പോയി
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ സുഖി നദി തീരത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകൾ ഒഴുകിപ്പോയി. ഹരിദ്വാറിലെ നിരവധി വീടുകളിലും വെള്ളം കയറി. നദിയിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രദേശവാസികളും തീർത്ഥാടകരും നദിയിലിറങ്ങരുതെന്നും പ്രദേശത്തുനിന്ന് അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഉത്തരാഖണ്ഡില്‍ കാട്ടുതീ; ഡല്‍ഹിയില്‍ നിന്നുള്ള പ്രധാന ഹൈവേ അടച്ചു
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ തണ്ട വനത്തിലും ഭക്ര റേഞ്ചിലും തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ഹല്‍ദ്വാനിയിലേക്കുള്ള ഡല്‍ഹി ഹൈവേ അധികൃതര്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ റൂട്ട് സ്വീകരിക്കണമെന്നും അധികൃകര്‍ അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ട് മരണം
രുദ്രപ്രയാഗ് ജില്ലയിലെ റൈതോലിക്ക് സമീപം ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലാണ് അപകടമുണ്ടായത്. 23 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ മരണപ്പെട്ടതായും ഏഴ് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കാട്ടുതീ; ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
ഉത്തരാഖണ്ഡില്‍ ഉണ്ടാകുന്ന കാട്ടുതീ നിയന്ത്രിക്കുന്നതിലും നാശനഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വിമുഖത കാണിക്കുന്നതിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. നവംബര്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,000-ല്‍ അധികം തീപിടിത്തങ്ങളില്‍ 1,100 ഹെക്ടറില്‍ കൂടുതല്‍ പ്രദേശങ്ങളാണ് നശിച്ചത്. ഈ സാഹചര്യത്തില്‍ ഗാര്‍ഡുകളെ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിച്ചതിനെയും കോടതി ചോദ്യം ചെയ്തു.