കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക്
രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP. സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർത്ഥികളുടെ പേരും BJP പ്രഖ്യാപിച്ചു. അസമില്‍ നിന്ന് രഞ്ജന്‍ ദാസും രാമേശ്വര്‍ തേലിയും മത്സരിക്കും. ബിഹാറില്‍ മനൻ കുമാര്‍ മിശ്ര, മഹാരാഷ്ട്രയില്‍ ധൈര്യശീൽ പട്ടേല്‍, രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ഹരിയാനയില്‍ കിരണ്‍ ചൗധരി, ത്രിപുരയില്‍ രജീബ് ഭട്ടാചാരി, ഒഡീഷയില്‍ മമത മൊഹന്ത എന്നിവരാണ് BJP സ്ഥാനാര്‍ത്ഥികൾ.
ജോസ് കെ. മാണി, പി.പി. സുനീര്‍, ഹാരിസ് ബീരാൻ രാജ്യസഭയിലേക്ക്: വിജയം എതിരില്ലാതെ
രാജ്യസഭയിലേക്ക് സംസ്ഥാനത്ത് നിന്ന് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്ക് LDFൽ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും CPI നേതാവ് പി.പി സുനീറും UDFല്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിച്ച സാഹചര്യത്തിൽ മറ്റാരും പത്രിക നല്‍കാത്തതിനെ തുടർന്ന് ഇവരെ മൂന്നുപേരെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന UDF സ്ഥാനാർത്ഥി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, UDF നേതാക്കളായ രമേശ് ചെന്നിത്തല, ഡോ.എം.കെ. മുനീർ, പി.സി. വിഷ്ണുനാഥ്, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.
കേരളത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25ന്
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ രാജ്യസഭാ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നതിനെ തുടർന്ന് ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 13 വരെ പത്രിക സമർപ്പിക്കാം. ജൂൺ 18 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി; രാജി അഭ്യൂഹങ്ങള്‍ തള്ളി മുഖ്യമന്ത്രി
താന്‍ രാജിവെച്ചിട്ടില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ഞങ്ങള്‍ പോരാളികളാണെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ BJP സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നാരോപിച്ച് BJP വിശ്വാസവോട്ടെടുപ്പിന് ആവശ്യപ്പെട്ടത്.
ഹിമാചൽ പ്രദേശിലെ ഏക രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി BJP യുടെ സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചു. കോൺഗ്രസിന്റെ മനു അഭിഷേക് സിങ്‌വിയെയാണ് പരാജയപ്പെടുത്തിയത്. ആറ് കോൺഗ്രസ് MLA മാരും മൂന്ന് സ്വതന്ത്രരും കൂറുമാറി BJP സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർത്ഥികൾക്കും തുല്യ വോട്ടായി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് BJP സ്ഥാനാർത്ഥി വിജയിച്ചത്.
15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്
ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയില്‍ 10 രാജ്യസഭാ സീറ്റുകളിലേക്കും കര്‍ണാടകയില്‍ നാല് സീറ്റുകളിലേക്കും ഹിമാചലില്‍ ഒരു സീറ്റിലേക്കുമാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ വോട്ടെണ്ണല്‍ നടക്കും.
രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് സോണിയ ഗാന്ധി
രാജസ്ഥാനില്‍ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. BJP യുടെ ചുന്നിലാല്‍ ഗദാസിയ, മദന്‍ റാത്തോഡ് എന്നിവരും രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഗുജറാത്തില്‍ നിന്ന് ജെ.പി നദ്ദ രാജ്യസഭയിലേക്ക് മത്സരിക്കും
BJP ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഗുജറാത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും. ഗുജറാത്തില്‍ നദ്ദയെ കൂടാതെ ഗോവിന്ദ് ഭായ് ധോലാകിയ, മായങ്ക്ഭായ് നായക്, ഡോ. ജസ്വന്ത് സലേം സിംഗ് പാര്‍മര്‍ എന്നിവരും മഹാരാഷ്ട്രയില്‍ നിന്ന് മേഥാ കുല്‍ക്കര്‍ണിയും ഡോ. അജിത് ഗോപ്ചഡെയുമാണ് ഉള്ളത്.
രാജ്യസഭാ തിരഞ്ഞെടുപ്പ്: സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
രാജസ്ഥാനില്‍ നിന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര എന്നിവരും സോണിയാ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. രാജസ്ഥാനില്‍ 10 രാജ്യസഭാ സീറ്റുകളാണുള്ളത്.