മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ തുറന്നടിച്ച് പി. വി. അന്‍വര്‍
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ അന്‍വര്‍ തന്നെ എന്തിനാണ് വഞ്ചിച്ചതെന്ന് ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ ഭരണത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. തനിക്ക് ഇനിയും കാര്യങ്ങള്‍ പറയാനുണ്ടെന്നും ഞായറാഴ്ച വീണ്ടും മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
പി. വി. അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
LDFനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പി. വി. അന്‍വറിന്റെ ആരോപണങ്ങളെന്നും ഇത് പൂര്‍ണമായി തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. മുന്‍നിശ്ചയിച്ച പ്രകാരം അന്വേഷണം തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല LDFന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞതെന്നും ഉദ്ദേശം വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും വീണ്ടും വിമർശനവുമായി പി.വി. അൻവർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും, ADGP എം.ആർ. അജിത് കുമാറിനുമെതിരെയും ആരോപണങ്ങൾ കടുപ്പിച്ച് പി.വി. അൻവർ MLA. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്ത അൻവർ പി. ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ വിമർശിച്ചു. തന്റെ പരാതികളിൽ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും പാർട്ടി നൽകിയ ഉറപ്പ് ലംഘിക്കുകയാണെന്നും പറഞ്ഞ അൻവർ തന്റെ പരാതികളിൽ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. CPM പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും പി.വി. അൻവർ പറഞ്ഞു.
എഡിജിപി RSS നേതാവിനെ കാണാന്‍ പോയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് തൃശൂര്‍ പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതന്‍ ആയിട്ടല്ല പോയതെങ്കില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്തിന് പൂഴ്ത്തിയെന്നും സതീശന്‍ ചോദിച്ചു. പൂരം കലക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയും BJP ക്ക് ജയിക്കാന്‍ അന്തരീക്ഷം ഒരുക്കി കൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പി. ശശിക്കെതിരായ പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹത്തിന് നിയമപ്രകാരമുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ പറ്റൂ. നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വാഭാവികമായി ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്തതിനുള്ള വിരോധം വെച്ച് വിളിച്ച് പറഞ്ഞാല്‍ അതിന്റെ പേരില്‍ ആരെയും മാറ്റില്ലെന്നും ഇക്കാര്യത്തില്‍ ഒരു പരിശോധനയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരിതാശ്വാസ കണക്ക് വിവാദം; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി
പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങള്‍ കണക്കുകള്‍ അവതരിപ്പിച്ചത്. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. അനര്‍ഹമായ സഹായം നേടിയെടുക്കാന്‍ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ഒരു വിഭാഗം ജനം വിശ്വസിച്ചതാണ് ഇതിന്റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സര്‍ക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണെന്നും ഇത്തരം വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജണ്ട സമൂഹത്തിന് ആപത്താണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ BJP തയ്യാറല്ല എന്നുവേണം ഇതില്‍ നിന്നു മനസിലാക്കാന്‍. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തകര്‍ക്കാനായാണ് 'ഒറ്റ തെരഞ്ഞെടുപ്പ്' മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പുറത്ത് വന്നത് ചെലവഴിച്ച തുകയുടെ കണക്കല്ല; മുഖ്യമന്ത്രി
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ആ വിവരങ്ങളാണ് ചെലവഴിച്ച തുക എന്ന രീതിയിൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇ.പി. ജയരാജന്‍
ഡല്‍ഹി കേരള ഹൗസില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇ.പി. ജയരാജന്റെയും കൂടിക്കാഴ്ച്ച. CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കാനാണ് ഇരുവരും ഇന്നലെ ഡല്‍ഹിയിലെത്തിയത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എല്ലാം മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വെയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു കൂടിക്കാഴ്ചയെ കുറിച്ച് ഇപിയുടെ പ്രതികരണം. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയാം. ഇപ്പോള്‍ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ADGP എം. ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ല; അന്വേഷണം കഴിയട്ടെയെന്ന് മുഖ്യമന്ത്രി
LDF യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ADGP എം. ആര്‍. അജിത് കുമാര്‍ RSS നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി. സി. ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടെങ്കിലും ADGPയെ മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.