ഗൂഗിള്‍ ജെമിനി കരുത്തുപകരുന്ന നിരവധി അത്യാധുനിക AI ഫീച്ചറുകളാണ് പിക്‌സല്‍ 9 സീരീസുകളില്‍. പുതിയ തലമുറ ടെന്‍സര്‍ ചിപ്സെറ്റോട് കൂടിയാണ് ഫോണുകള്‍ എത്തുന്നത്. പിക്സല്‍ 9, പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ എക്സ് എല്‍, ഫോള്‍ഡബിള്‍ ആയിട്ടുള്ള പിക്സല്‍ 9 പ്രോ ഫോള്‍ഡ് എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു; ഗൂഗിളിനെതിരെ US കോടതി
ഓണ്‍ലൈന്‍ സെര്‍ച്ചിലും അനുബന്ധ പരസ്യങ്ങളിലും തങ്ങളുടെ കുത്തക നിലനിര്‍ത്തുന്നതിനായി ഗൂഗിള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് US കോടതി. ഇതിലൂടെ കമ്പനി USലെ ആന്റി ട്രസ്റ്റ് നിയമം ലംഘിച്ചുവെന്നും കോടതി വ്യക്തമാക്കി. പുതിയ മൊബൈല്‍ ഫോണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വന്‍ തുക ഗൂഗിള്‍ മുടക്കിയെന്നാണ് കണ്ടെത്തല്‍. പൊതുവായ സെര്‍ച്ച് സേവനങ്ങളില്‍ 89.2 ശതമാനം വിപണി വിഹിതവും ഗൂഗിളിനാണ്. മൊബൈല്‍ ഫോണുകളില്‍ ഇത് 94.9 ശതമാനമാണെന്നും കോടതി വിധിയില്‍ പറയുന്നു.
ഗൂഗിളിന് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്
US പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെങ്കില്‍ വലിയ പ്രശ്‌നം നേരിടേണ്ടി വരുമെന്നാണ് ഗൂഗിളിന് ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡക്ക് എന്ന നിര്‍ദേശം വരുന്നുവെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന സെര്‍ച്ചിന് ഗൂഗിളില്‍ വിലക്കുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിലെ ഇടപെടല്‍ അല്ലേ എന്നും മസ്‌ക് വിമര്‍ശിച്ചു. ട്രംപ് അധികാരത്തിലെത്തിയാല്‍ ഉപദേശക സ്ഥാനം വരെ മസ്‌കിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് കമ്പനികള്‍; ജൂണില്‍ ജോലി നഷ്ടമായത് 1400ലേറെ പേര്‍ക്ക്
ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ടെക് കമ്പനികളില്‍ നിന്നായി ജൂണ്‍ മാസത്തെ ആദ്യ ആഴ്ചയില്‍ 1400ലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോളോ ലെന്‍സ്, അഷ്വര്‍ മൂണ്‍ഷോട്സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച 1000 പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ക്ലൗഡ് യൂണിറ്റില്‍ നിന്നുള്ള 100 ലധികം ആളുകളെയാണ് ഗൂഗിള്‍ പിരിച്ചുവിടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏഴോളം കമ്പനികളാണ് ഇത്തരത്തില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.
സ്വന്തമായി സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പാക്കാനൊരുങ്ങി ഓപ്പണ്‍ AI
ബിങ് സെര്‍ച്ച് എഞ്ചിന്റെ പിന്‍ബലത്തില്‍ ഗൂഗിള്‍ സെര്‍ച്ചിന് പകരം വെയ്ക്കാന്‍ സാധിക്കുന്ന വെബ് സെര്‍ച്ച് എഞ്ചിന്‍ ഓപ്പണ്‍ AI അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സെര്‍ച്ചില്‍ AI ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം വിവരങ്ങള്‍ കണ്ടെത്തുന്നതിനും മറ്റും കൂടുതല്‍ മാര്‍ഗങ്ങളും കമ്പനി അവതരിപ്പിച്ചേക്കും. മേയ് 14ന് ഗൂഗിളിന്റെ സമ്മേളനം നടക്കുന്നതിന് മുന്നോടിയായി സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
AI, മെഷീന്‍ ലേണിങ് മേഖലയിലേക്ക് ഗൂഗിളില്‍ നിന്നുള്ള വിദഗ്ധരെ ആപ്പിള്‍ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്
പുതിയ AI, മെഷീന്‍ ലേണിങ് വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായാണ് കമ്പനിയുടെ ഈ നീക്കം. 2018ല്‍ കമ്പനിയുടെ AI മേധാവിയായി ജോണ്‍ ജ്യാനന്ദ്രേയെ നിയമിച്ചതിന് ശേഷം ഗൂഗിളില്‍ നിന്ന് 36 ഓളം പേര്‍ ആപ്പിളിലെത്തിയിട്ടുണ്ട്. സൂറിക്കില്‍ AI മോഡലുകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലും സിയാറ്റിലിലുമാണ് ആപ്പിളിന്റെ വലിയ AI ടീം പ്രവര്‍ത്തിക്കുന്നത്.
ആപ്പ് ജനപ്രിയമല്ല; ഗൂഗിള്‍ പോഡ്കാസ്റ്റ് നിര്‍ത്തലാക്കുന്നതായി കമ്പനി
2024 ജൂണ്‍ 23ന് ഗൂഗിള്‍ പോഡ്കാസ്റ്റ് ഷട്ട് ഡൗണ്‍ ചെയ്യാന്‍ പോവുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2018ല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തിയ ആപ്പിന് 750,000 യൂസര്‍മാരും 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഉണ്ടായിട്ടുണ്ട്. പോഡ്കാസ്റ്റ് ശ്രോതാക്കളോട് യൂട്യൂബ് മ്യൂസിക് ആപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോഡ്കാസ്റ്റ് സബ്‌സ്‌ക്രൈബ് ചെയ്ത യൂസര്‍മാര്‍ക്ക് അത് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റുവാനുള്ള സൗകര്യവും കമ്പനി സജ്ജമാക്കിയിട്ടുണ്ട്.
മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യും; പുതിയ മാറ്റവുമായി ഗൂഗിള്‍ ജെമിനി
ആന്‍ഡ്രോയിഡില്‍ മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ് ആയി പ്രവര്‍ത്തിക്കാനുള്ള മാറ്റമാണ് ഗൂഗിള്‍ AI ചാറ്റ്‌ബോട്ടായ ജെമിനിയില്‍ വരുത്തിയിരിക്കുന്നത്. ഇതിനായി ജെമിനി ആപ്പിലെ സെറ്റിങ്സ് ഓപ്ഷനില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ മ്യൂസിക് ആപ്പുകളില്‍ ജെമിനി ചാട്ട്ബോട്ട് വഴി പാട്ട് പ്ലേ ചെയ്യാന്‍ സാധിക്കും.
ഗൂഗിള്‍ മാപ്പിലും സെര്‍ച്ചിലും പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ചാര്‍ജിങ് പോയിന്റുകള്‍ മാപ്പിലൂടെ കണ്ടുപിടിക്കാനുള്ള ഫീച്ചറുകളുള്‍പ്പടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ റിവ്യൂ അടിസ്ഥാനമാക്കി AIയുടെ സഹായത്തോടെ നിര്‍മിച്ച ചാര്‍ജിങ് സ്റ്റേഷന്റെ കൃത്യമായ ലൊക്കേഷനെ കുറിച്ചുള്ള വിശദമായ കുറിപ്പ് മാപ്പില്‍ ലഭ്യമാകുമെന്നാണ് പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി ചാര്‍ജ് നിരക്കിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍ദേശിക്കുന്ന ഫീച്ചറും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ വാലറ്റ് താമസിയാതെ ഇന്ത്യയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. SBI, എയര്‍ഇന്ത്യ, PVR ഇനോക്സ് എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റ് പിന്തുണയ്ക്കുമെന്നാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യക്തമാക്കുന്നത്. UPI സേവനമായ ഗൂഗിള്‍ പേയുമായി ചേര്‍ന്നായിരിക്കാം ഗൂഗിള്‍ വാലറ്റിന്റെയും പ്രവര്‍ത്തനം.