ഡീപ്പ് ഫേക്കുകള്‍ തിരിച്ചറിയാനുള്ള പുതിയ ടൂളുമായി ഓപ്പണ്‍ AI
ഓപ്പണ്‍ AIയുടെ DALL-E എന്ന ടെക്‌സ്റ്റ് ടു ഇമേജ് ജനറേറ്റര്‍ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പുതിയ ടൂളാണ് അവതരിപ്പിച്ചിരിക്കുന്നത്. DALL-E ഉപയോഗിച്ച് നിര്‍മിച്ച 98 ശതമാനം ചിത്രങ്ങളെയും കണ്ടെത്താനുള്ള ശേഷി ഈ ടൂളിനുണ്ടെന്നാണ് കമ്പനി പറയുന്നത്. ചിത്രങ്ങള്‍ ക്രോപ്പ് ചെയ്താലും, കംപ്രസ് ചെയ്താലും, സാച്ചുറേഷനില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഈ ടൂളിന് കണ്ടെത്താനാവും.
ഡീപ് ഫേക്ക് വീഡിയോയ്‌ക്കെതിരെ പരാതി നൽകി നടൻ രൺവീർ സിംഗ്
രൺവീർ സിംഗ് ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നതായി ഉളള ഡീപ് ഫേക്ക് വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്. വാരണാസി സന്ദർശന വേളയിൽ രൺവീർ നല്‍കിയ അഭിമുഖത്തിന്‍റെ വീഡിയോ യഥാർത്ഥമാണെങ്കിലും AI ഉപയോഗിച്ച് ഓഡിയോ വ്യാജമായി നിര്‍മിച്ചാണ് ഡീപ് ഫേക്ക് സൃഷ്ടിച്ചത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും സംബന്ധിച്ച് പ്രധാനമന്ത്രിയെ രൺവീർ വിമർശിക്കുന്നതാണ് ഡീപ്ഫേക്കിൽ ഉളളത്. നേരത്തെ, സമാനമായ രീതിയില്‍ ഉളള നടൻ ആമിർ ഖാന്‍റെ ഡീപ് ഫേക്ക് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഡീപ് ഫേക്ക് തട്ടിപ്പുകള്‍ തടയേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡീപ് ഫേക്ക് തട്ടിപ്പുകളുടെ ആരംഭ കാലത്തിലൂടെ ആണ് നമ്മൾ കടന്നു പോകുന്നത്. AI ദുരുപയോഗം ചെയ്യാന്‍ സാധ്യതകള്‍ ഏറെയാണ്. AI നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കുന്നത് തട്ടിപ്പുകള്‍ ഒരു പരിധി വരെ തടഞ്ഞേക്കാം എന്നും നരേന്ദ്ര മോദി ബിൽഗേറ്റ്സുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. അതേസമയം AI ഒരു വലിയ അവസരമാണ് എങ്കിലും അതോടൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു.
ഡീപ് ഫേക്ക് വിഡിയോയില്‍ 90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി
ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. മെലോനി പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതിനു മുൻപ് നിര്‍മിച്ചതാണ് ഡീപ് ഫേക്ക് വിഡിയോകള്‍. 2020 ൽ US ലെ ഒരു അശ്ലീല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ വീഡിയോകള്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ഒരാളുടെ മുഖം മറ്റൊരാളുടേതിൽ കൃത്രിമമായി ചേർക്കുകയാണ് ഡീപ് ഫേക്കില്‍ ചെയ്യുന്നത്.
SPB യുടെ ശബ്‌ദം AI ഉപയോഗിച്ച് പുനസൃഷ്ടിച്ചതിനെതിരെ കുടുംബം രംഗത്ത്
അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ ശബ്‌ദം ഡീപ്ഫേക്ക് സാങ്കേതിക വിദ്യയിലൂടെ അനുമതി ഇല്ലാതെ പുനസൃഷ്ടിച്ചതിന് തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിർമ്മാതാക്കൾക്കും സംഗീതസംവിധായകർക്കും SPB യുടെ മകൻ എസ്.പി കല്യാൺ വക്കീൽ നോട്ടീസ് അയച്ചു. അദ്ദേഹത്തിന്റെ ശബ്‌ദം അനശ്വരമായി നിലനിർത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ ഇത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിൽ നിരാശയുണ്ടെന്നും എസ്.പി കല്യാൺ പറഞ്ഞു.
ഡീപ് ഫേക്ക് വീഡിയോ; സച്ചിന്റെ പരാതിയിൽ കേസെടുത്തു
മുംബൈ പോലീസ് ആണ് സച്ചിൻ തെൻഡുൽക്കർ നൽകിയ പരാതിയിൽ FIR രജിസ്റ്റർ ചെയ്തത്. പരസ്യചിത്രം നിർമ്മിച്ച ഗെയിമിംഗ് കമ്പനിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം വീഡിയോ പുറത്തുവിട്ട ഫേസ്ബുക്ക് പേജും സൈബർ സെല്ലിന്റെ അന്വേഷണപരിധിയിൽ വരും.
ഡീപ് ഫേക്ക് തട്ടിപ്പ്; 8 ദിവസത്തിനുള്ളിൽ നിയമ ഭേദഗതിയെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള പലരും ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ സംഭവത്തിലാണ് കേന്ദ്രം നടപടിയെടുക്കാനൊരുങ്ങുന്നത്. പരാതികളിൽ സമൂഹ മാധ്യമ കമ്പനികൾ നടപടി സ്വീകരിക്കണം എന്നാണ് നിലവിലെ ഐടി നിയമത്തിൽ പറയുന്നത്. സാമൂഹിക മാധ്യമ കമ്പനികൾ ഡീപ് ഫേക്ക് തട്ടിപ്പ് തടയുന്നില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്ഫേക്ക് വീഡിയോ പുറത്ത്
ഓൺലൈൻ ഗെയിം പരിചയപ്പെടുത്തുന്ന രീതിയിലാണ് സച്ചിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിക്കുന്നത്. ഇതിനെതിരെ സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. ഇത്തരത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ആശങ്കയുണ്ടെന്നും നടപടിയെടുക്കണമെന്നും താരം ആവശ്യപ്പെട്ടു. ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകൾ റിപ്പോർട്ട് ചെയ്യണമെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.
ഡീപ് ഫേക്ക്: എല്ലാ സാമൂഹിക മാധ്യമങ്ങളും IT നിയമങ്ങൾ പാലിക്കണമെന്ന് കേന്ദ്രം
AI സംബന്ധിച്ച് വിവിധ ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് കേന്ദ്ര IT മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് IT നിയമങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകിയത്. കേന്ദ്ര IT സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മെറ്റ, ഗൂഗിൾ, ടെലിഗ്രാം തുടങ്ങി വിവിധ കമ്പനികളുടെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിനു ശേഷമാണ് നിർദേശം.
ഡീപ്‌ഫേക്ക് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യയിൽ സൃഷ്ടിച്ച വീഡിയോകളും ചിത്രങ്ങളും യഥാർത്ഥമാണെന്ന് തോന്നിപ്പിക്കും വിധമുളളതാണ്. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇവ ദുരുപയോഗം ചെയ്‌താൽ അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.