സർവകലാശാലകളിൽ വർഷത്തിൽ രണ്ട് തവണ പ്രവേശനം: പുതിയ മാറ്റവുമായി UGC
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഷത്തിൽ രണ്ട് തവണ പ്രവേശനം നടത്താൻ UGC യുടെ അനുമതി. UGC ചെയര്‍മാന്‍ ജഗ്ദീഷ് കുമാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ജനുവരി - ഫെബ്രുവരി, ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ കോളേജുകളിൽ അഡ്മിഷൻ എടുക്കാനാകും. വിദേശ സർവകലാശാലകളുടെ പ്രവേശന നടപടികൾ മാതൃകയാക്കിയാണ് പുതിയ മാറ്റം എന്ന് UGC അറിയിച്ചു.
UGC നെറ്റ് പരീക്ഷ; അപേക്ഷാ തീയതി നീട്ടി
CSIR യുജിസി നെറ്റ് പരീക്ഷയ്ക്ക് മെയ് 27 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് അടയ്ക്കുന്നതിനുള്ള തീയതിയും 27 വെര നീട്ടിയിട്ടുണ്ട്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെ വരെയും ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 23 വരെയുമായിരുന്നു. ജൂണ്‍ 25 മുതല്‍ 27 വരെയാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് csirnet.nta.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
UGC നെറ്റ് പരീക്ഷ നീട്ടിവെച്ചു
ജൂണ്‍ 16ന് നടത്താനിരുന്ന പരീക്ഷ 18ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ജൂണ്‍ 16ന് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ വരുന്നതിനാണ് ഈ മാറ്റം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് പരീക്ഷയും എഴുതാന്‍ അവസരം ഒരുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള ഫീഡ്ബാക്കും കണക്കിലെടുത്താണ് പരീക്ഷാ തീയതി നീട്ടിയതെന്ന് UGC ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ എക്‌സിലൂടെ അറിയിച്ചു. പരീക്ഷ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടന്‍ ഇറക്കും.
25 ശതമാനം അധികസീറ്റ്; വിദേശ വിദ്യാര്‍ത്ഥികളുടെ ബിരുദപ്രവേശന മാര്‍ഗരേഖ പുറത്തിറക്കി
നിലവില്‍ അനുവദിച്ച സീറ്റുകള്‍ക്ക് പുറമെയാണ് ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ അഡ്മിഷനെടുക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് UGC അറിയിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് അധിക സീറ്റ് അനുവദിക്കുന്നതിനുള്ള തീരുമാനം സ്ഥാപനങ്ങളില്‍ അധിഷ്ഠിതമാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വിശദവിവരങ്ങള്‍ക്ക് ugc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
UGC നെറ്റ് പരീക്ഷയ്ക്ക് മെയ് 10 വരെ അപേക്ഷിക്കാം
UGC നെറ്റ് ജൂണ്‍ 2024ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. https://ugcnet.nta.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ മെയ് 10 രാത്രി 11.50 വരെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷകളില്‍ മേയ് 13 മുതല്‍ 15 വരെ തിരുത്തലുകള്‍ സാധ്യമാണ്. ജൂണ്‍ 16നാണ് പരീക്ഷ. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും (JRF) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയാണ് UGC നെറ്റ്.
PhD പ്രവേശനം: യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് UGC
2024-25 അധ്യയന വർഷം മുതൽ NET സ്കോർ ഉള്ളവർക്ക് വിവിധ സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ എഴുതാതെ PhD പ്രവേശനം നേടാനാകും. മുമ്പ് NET ന് പുറമെ JRF കൂടി ഉള്ളവർ മാത്രമേ നേരിട്ട് PhD പ്രവേശനത്തിന് യോഗ്യത നേടിയിരുന്നുള്ളു. JRF ഇല്ലാത്തവർക്ക് എൻട്രൻസ് പരീക്ഷ പാസായാൽ മാത്രമാണ് PhD പ്രവേശനം ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ NET പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്നവർക്ക് നേരിട്ട് PhD പ്രവേശനം ലഭിക്കും. പുതിയ നയം എല്ലാ സർവകലാശാലകളും പാലിക്കണമെന്ന് UGC ഉത്തരവിൽ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പ്; കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ തീയതി മാറ്റുമെന്ന് UGC
മേയ് 15 മുതല്‍ 31 വരെ CUET-UG 2024 പരീക്ഷ നടത്തുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പരീക്ഷ തീയതി മാറ്റുമെന്നും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ശേഷം പരീക്ഷാ തീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും UGC ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി. മാര്‍ച്ച് 26 ആണ് CUET-UG 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി.
മലേഷ്യയിലെ ലിങ്കൺ സർവകലാശാല ഹൈദരാബാദിൽ ക്യാമ്പസ് സ്ഥാപിക്കാൻ അനുമതി തേടി
ഇതിനായി UGC ക്ക് സർവകലാശാല അപേക്ഷ നൽകി. UGC യുടെ പുതിയ നയപ്രകാരം ഇന്ത്യയിൽ വിദേശ സർവകലാശാല ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനായി അപേക്ഷിക്കുന്ന ആദ്യത്തെ വിദേശ സർവകലാശാലയാണ് മലേഷ്യയിലെ ലിങ്കൺ സർവകലാശാല. ഇതിന് അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ UGC അഞ്ചംഗ സമിതിയെ നിയോഗിച്ചു.
അധ്യാപക നിയമനം; സംവരണ തസ്തികകളിൽ അർഹരായവരില്ലെങ്കിൽ തസ്തിക ജനറലിലേക്ക് മാറ്റില്ലെന്ന് കേന്ദ്രം
സംവരണ തസ്തികകൾ സംവരണേതര തസ്തികയാക്കാനുള്ള UGCയുടെ കരട് മാർഗനിർദേശം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. 2019ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന നിയമം അനുസരിച്ച് എല്ലാ തസ്തികകൾക്കും സംവരണം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ നിയമം അനുസരിച്ച് ഒഴിവുകൾ നികത്താൻ നിർദേശം നൽകിയിട്ടുണ്ട്.
എംഫിൽ ബിരുദം നിർത്തലാക്കിയത്: അഡ്മിഷൻ എടുക്കരുതെന്ന് UGC
എംഫിൽ കോഴ്സിന്റെ അംഗീകാരം റദ്ദാക്കിയതാണെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ചുള്ള നിർദേശം നൽകിയിരുന്നതാണെന്നും UGC അറിയിച്ചു. ചില സർവകലാശാലകൾ അടുത്ത അധ്യയന വർഷത്തേക്ക് പുതിയ അപേക്ഷകൾ ക്ഷണിച്ച സാഹചര്യത്തിലാണ് UGC യുടെ സർക്കുലർ.