ISROയുടെ വമ്പന്‍ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി
ചന്ദ്രയാന്‍ 4, ശുക്രനിലേക്കുള്ള വീനസ് ഓര്‍ബിറ്റര്‍ എന്നീ ദൗത്യങ്ങളടക്കമുള്ള വമ്പന്‍ പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യങ്ങളുടെ അടുത്ത ഘട്ടത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ചന്ദ്രയാന്‍ 4 തുടങ്ങിയ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും തിരികെ ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാന്‍ 4ന്റെ ലക്ഷ്യം.
ചന്ദ്രയാന്‍ 4,5 ദൗത്യങ്ങളുടെ രൂപകല്പന പൂര്‍ത്തിയായി
സര്‍ക്കാര്‍ അനുമതി തേടുന്ന പ്രക്രിയ നടക്കുകയാണെന്ന് ISRO ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ചന്ദ്രയാന്‍-3ന്റെ ദൗത്യം അവസാനിച്ചു. ചന്ദ്രയാന്‍-4 ദൗത്യവിക്ഷേപണം 2028-ല്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുശേഷം ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരുക, ചന്ദ്രന്റെ ഭ്രമണപഥത്തിലെ ബഹിരാകാശത്ത് നിലയുറപ്പിക്കല്‍ പരീക്ഷണം നടത്തുക എന്നിവയാണ് ചന്ദ്രയാന്‍-4ന്റെ ദൗത്യം.
SSLV-D3 വിക്ഷേപണം വിജയകരമെന്ന് ISRO
ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹവുമായി പറന്നുയര്‍ന്ന ISROയുടെ SSLV-D3 വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-08നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ISRO അറിയിച്ചു. 500 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കുന്ന, അതിവേഗം വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായാണ് വിക്ഷേപണ വാഹനമായ SSLV വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന 34 മീറ്റര്‍ നീളമുള്ള റോക്കറ്റാണ് വികസിപ്പിച്ചെടുത്തത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മലയാളിയുള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തില്‍ ഈ ആഴ്ച പരിശീലനം നേടുന്നത്. ശുഭാന്‍ശുവിനെയാണു ഒക്ടോബറിനുശേഷമുള്ള ആക്സിയം-4 ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍; 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 1,550 മീറ്റര്‍ ഉയരത്തിലാണ്. 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി. മലവെള്ളത്തോടൊപ്പം പാറക്കല്ലുകളും അവശിഷ്ടങ്ങളും എട്ട് കിലോമീറ്ററോളം താഴേക്ക് ഒഴുകി. ISROയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ടിങ് സെന്‍സിങ് സെന്റര്‍ പുറത്തുവിട്ട ചൂരല്‍മലയുടെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ISRO
ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ISRO വ്യക്തമാക്കി. അപകടകാരിയായ അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രില്‍ 13നും വീണ്ടും 2036ലും ഭൂമിക്ക് തൊട്ടടുത്ത് എത്തുമെന്ന് ISRO ചെയര്‍മാന്‍ വ്യക്തമാക്കി. ഭൂമിയില്‍ ഇടിച്ചാല്‍ വംശനാശം വരെ സംഭവിക്കാമെന്ന് ISRO ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തില്‍ ഇന്ത്യയും പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു. ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 72 ശതമാനം സാധ്യതയുണ്ടെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചന്ദ്രയാന്‍ 4ന് ഇരട്ട വിക്ഷേപണം ആയിരിക്കുമെന്ന് ISRO മേധാവി
ചന്ദ്രയാന്‍ 4 പേടകം രണ്ട് ഭാഗങ്ങളായാണ് വിക്ഷേപിക്കുന്നതെന്നും ബഹിരാകാശത്ത് വെച്ച് ഈ ഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യുമെന്ന് ISRO മേധാവി എസ്. സോമനാഥ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ISRO ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റുകള്‍ക്ക് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഭാരം ചന്ദ്രയാന്‍ 4 ദൗത്യത്തിനുണ്ടാകും എന്നതിനാലാണ് ISRO ഇരട്ട വിക്ഷേപണം എന്ന ആശയത്തിലെത്തിയത്.
RLVയുടെ മൂന്നാം ലാന്‍ഡിംഗ് പരീക്ഷണം വിജയകരം
ISROയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് RLV. ഇന്ന് രാവിലെ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ DRDO എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ച് നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുഷ്പക് എന്ന് പേരിട്ട RLV പേടകത്തെ പൊക്കിയെടുത്ത് നാലരക്കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ടാണ് പരീക്ഷണം നടത്തിയത്.
അഗ്നികുൽ കോസ്മോസിന്റെ റോക്കറ്റ് വിക്ഷേപണം വിജയകരം
ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനിയായ അഗ്നികുൽ കോസ്‌മോസ് നിർമിച്ച റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചിരിക്കുന്ന അഗ്നിബാൻ SOrTeD എന്ന റോക്കറ്റിന്റെ വിക്ഷേപണമാണ് നടത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു റോക്കറ്റ് സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച് നിർമിച്ചത്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി റോക്കറ്റ് വിക്ഷേപണം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. വിക്ഷേപണ വിജയത്തെ ISRO അഭിനന്ദിച്ചു.
ഹിമാലയന്‍ മലനിരകളിലെ മഞ്ഞുരുകലിന്റെ തീവ്രത കൂടുന്നുവെന്ന് ISRO
ISRO ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഹിമാനികളുരുകി രൂപപ്പെടുന്ന തടാകങ്ങളുടെ വലിപ്പം വര്‍ധിക്കുന്നതായി കണ്ടെത്തിയത്. 1984 മുതല്‍ 2023 വരെയുള്ള ഉപഗ്രഹചിത്രങ്ങളിലൂടെ ഹിമതടാകങ്ങളില്‍ 27 ശതമാനത്തിലധികം മാറ്റങ്ങള്‍ വന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിമാലയന്‍ നദികളുടെ പ്രധാന ജലസ്രോതസ്സാണ് ഹിമാനികള്‍. എന്നാല്‍ മഞ്ഞുരുകി കൂടുതല്‍ ജലം തടാകങ്ങളിലേക്ക് എത്തുന്നത് തടാകങ്ങള്‍ തകര്‍ന്ന് പ്രളയമുണ്ടാകാന്‍ കാരണമാകും.