ഇടുക്കി മറയൂര്‍ കാന്തല്ലൂരില്‍ ഇന്ന് രാവിലെ ഏഴോടെയാണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തില്‍ പാമ്പന്‍മല സ്വദേശി തോമസിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തോമസിന്റെ ഭാര്യ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് പരിഭ്രാന്തിയിലായ ആന പിന്മാറുകയായിരുന്നു.
തൊടുപുഴയില്‍ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
അന്തര്‍ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിന്‍ ജോബി (19), ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി.എസ്. ആല്‍ബര്‍ട്ട് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു.
ഇടുക്കിയില്‍ ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍
കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയതായി പരാതി നല്‍കിയിരിക്കുന്നത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ മൂവരും ഛര്‍ദിച്ചു. പിന്നാലെ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ മൂവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.
ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് 7 ലക്ഷം രൂപ പിഴ
ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ കാലാവധി കഴിഞ്ഞ കേരശക്തി വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിനെതിരെ നടപടി. സ്ഥാപനത്തിന്റെ ഉടമ ഷിജാസില്‍ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഊരിലേക്കുളള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉള്‍പ്പെടുത്തിയത്.
ഇത് ഉപയോഗിച്ച ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡീന്‍ കുര്യാക്കോസ്
മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇടുക്കി MP ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണം. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യെണമെന്നും ഡീന്‍ കുര്യാക്കോസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.
ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ EV ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു
ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള EV ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റര്‍, മൂന്നാര്‍ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വാഗമണ്‍ സാഹസിക പാര്‍ക്ക്, മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കല്‍മേട്, ഏലപ്പാറ അമിനിറ്റി സെന്റര്‍, ചെറുതോണിയിലെ മഹാറാണി ഹോട്ടല്‍, കുമളിയിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കേണ്ടത്.Read More
കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു
കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാറിൽ ഉണ്ടായിരുന്നയാൾ മരിച്ചു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി 66-ാം മൈലിന് സമീപമാണ് സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ ആളുള്ളതായി വ്യക്തമായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
ഇടുക്കി ചിന്നക്കനാലിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോട് കൂടിയാണ് സംഭവം. ടാങ്ക്കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കണ്ണനെ ആന തട്ടിയിട്ട ശേഷം ചവിട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ഇടുക്കി മലപ്പുറം ജില്ലകളിലെ ചില ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെയും ചിന്നക്കനാൽ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ കാരണം യാത്ര നിരോധനം തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്. മലപ്പുറം ജില്ലയിൽ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ നാളെ അവധി നൽകിയത്.
ശക്തമായ മഴയിൽ ഇടുക്കിയിൽ വ്യാപക നാശനഷ്ടം
ഇടുക്കി ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും മണ്ണിടിഞ്ഞും മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് മലങ്കര, കല്ലാർകുട്ടി, പാംബ്ല, കല്ലാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ, മുതിരപ്പുഴയാർ, തൊടുപുഴയാർ, മൂവാറ്റുപുഴയാർ, കല്ലാർ തുടങ്ങിയ നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.