ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം
ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം. ഗോള്‍രഹിതമായ മൂന്നുക്വാര്‍ട്ടറുകള്‍ക്ക് ശേഷം നാലാം ക്വാര്‍ട്ടറിലാണ് ഇന്ത്യ വിജയഗോള്‍ നേടിയത്. ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയുടെ അഞ്ചാം കിരീട നേട്ടമാണിത്.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ഇന്ത്യ സെമി ഫൈനലില്‍
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്കായി രണ്ട് ഗോളുകളും നേടിയത്. 13, 19 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇതിനകം തന്നെ ഇന്ത്യ, പാകിസ്താന്‍, കൊറിയ ടീമുകള്‍ പ്രവേശിച്ചിട്ടുണ്ട്.
പി. ആര്‍. ശ്രീജേഷിന് രാജ്യത്തിന്റെ ആദരം; ഇനി 16ാം നമ്പര്‍ ജഴ്സി മറ്റാര്‍ക്കുമില്ല
പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍. ശ്രീജേഷ് ധരിച്ചിരുന്ന ജഴ്സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് 16-ാം നമ്പര്‍ ജഴ്സി ധരിച്ചാണ് രണ്ട് പതിറ്റാണ്ടോളം കളിച്ചത്. പാരിസിലും ടോക്കിയോയിലും നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയായിരുന്നു ശ്രീജേഷ്. പി. ആര്‍. ശ്രീജേഷ് ദേശീയ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ് അറിയിച്ചു.
പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ സ്വന്തമാക്കി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യയുടെ തിരിച്ച് വരവ്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലും ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്.
ഒളിമ്പിക്‌സ് ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി
പാരിസ് ഒളിമ്പിക്‌സ് ഹോക്കി സെമിയില്‍ ജര്‍മനിയോട് പൊരുതി തോറ്റ് ഇന്ത്യന്‍ പുരുഷ ടീം. ഇന്ത്യയെ 3-2ന് മറികടന്നാണ് ജര്‍മനി ഫൈനലിലെത്തിയത്. നെതര്‍ലന്‍ഡ്സാണ് ഫൈനലില്‍ ജര്‍മനിയുടെ എതിരാളികള്‍. അതേസമയം ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം. ഇതിനായി ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്പെയിനെ നേരിടും.
ബ്രിട്ടണെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമിയില്‍
പാരീസ് ഒളിമ്പിക്സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടണെതിരെ ഇന്ത്യക്ക് ജയം. ഇതോടെ ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമിയിലെത്തി. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയിച്ചത്. ഷൂട്ടൗട്ടില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ മികച്ച സേവുകളാണ് ഇന്ത്യയ്ക്ക് 4-2ന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ, രാജ്കുമാര്‍ പാല്‍ എന്നിവരാണ് ഷൂഷൗട്ടില്‍ ലക്ഷ്യം കണ്ടത്.
ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് വിരമിക്കുന്നു
ജൂലൈ 26 ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സിന് ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിക്കുമെന്നാണ് മലയാളി താരം അറിയിച്ചിരിക്കുന്നത്. 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീജേഷ്. 2006ല്‍ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് ഇന്ത്യയ്ക്കായി 328 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഖേല്‍ രത്‌ന, അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍
ന്യൂസിലന്‍ഡിനെ ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. റുതാജ പിസാല്‍, ദീപിക സോറങ്ക്, മുംതാസ് ഖാന്‍, മരിയാന കുജുര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോൾ സ്കോറർമാർ.