സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്ത് മുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ നടത്തുക. അതേസമയം വെള്ളിയാഴ്ച്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഓണാവധിക്കായി സ്‌കൂളുകള്‍ 13 ന് അടച്ച് 23ന് വീണ്ടും തുറക്കും.
സംസ്ഥാനത്തെ ഓണപ്പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷയുടെ (ഓണപ്പരീക്ഷ) തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 03 മുതല്‍ 12 വരെയാകും പരീക്ഷകള്‍ നടത്തുക. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച വയനാട്ടിലെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ മാറ്റിവെച്ചു. അവ പിന്നീട് നടത്തും.
കാലവര്‍ഷ ദുരന്തം: ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ PSC പരീക്ഷകളും മാറ്റിവെച്ചു
ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന എല്ലാ PSC പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും PSC പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
LDC പരീക്ഷ: അധിക സര്‍വീസുമായി KSRTC
തിരുവനന്തപുരം ജില്ലയില്‍ PSC നാളെ നടത്തുന്ന LDC പരീക്ഷയ്‌ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി അധിക സര്‍വീസുകളൊരുക്കി KSRTC. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാനും തിരികെ വരാനും ആവശ്യാനുസരണമുള്ള സര്‍വ്വീസുകള്‍ KSRTC ഏര്‍പ്പെടുത്തിയിട്ടുണ്ട്. 607 സെന്ററുകളിലായി 1,39,187 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്‌ക്കെത്തുക എന്നാണ് വിലയിരുത്തല്‍.
തട്ടിപ്പ് തടയാന്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരീക്ഷാസംവിധാനം പരിഷ്‌കരിക്കാനൊരുങ്ങി UPSC
സര്‍ക്കാര്‍ പരീക്ഷകളിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും തട്ടിപ്പുകളും വിവാദമായിരിക്കുന്നതിനിടെ പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുന്നതിന് നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനൊരുങ്ങി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC). പരീക്ഷാവേളയിലെ ആള്‍മാറാട്ടവും തട്ടിപ്പുകളും തടയാന്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍, ഫേഷ്യല്‍ റെക്കഗിനിഷന്‍, AI ഉപയോഗിച്ചുളള CCTV നിരീക്ഷണം, ഇ-അഡ്മിറ്റ് കാര്‍ഡുകളുടെ QR കോഡ് സ്‌കാനിംഗ് എന്നിവയുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് UPSC പദ്ധതിയിടുന്നത്.
NEET-PG പരീക്ഷ ഈ മാസം
ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള NEET- PG പരീക്ഷ ഈ മാസം നടന്നേക്കുമെന്ന് റിപ്പോർട്ട്. പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പായിരിക്കും ചോദ്യപേപ്പർ തയാറാക്കുക. ജൂൺ 23 നായിരുന്നു പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ NEET UG പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുൾപ്പെടെയുള്ള ക്രമക്കേടുകളെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാറ്റിവെയ്ക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ്; CA പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
നിരവധി സംസ്ഥാനങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ നടത്തുന്ന CA പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷാ ഷെഡ്യൂളിലെ മാറ്റം ഇതിനകം ചെയ്ത വിപുലമായ തയ്യാറെടുപ്പുകളെ തടസപ്പെടുത്തുമെന്നും വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മേയ് 2 മുതല്‍ 17 വരെയാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ മേയ് 7, മേയ് 13 തീയതികളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്ന്, നാല് ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം; അപേക്ഷകള്‍ സമര്‍പ്പിക്കാം
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഏപ്രില്‍ 30 വരെ കോമണ്‍ ടെസ്റ്റിന് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയില്‍ തെറ്റ് പറ്റിയാല്‍ മെയ് 2 മുതല്‍ 5 വരെ തിരുത്താനുള്ള അവസരമുണ്ട്. ജൂണ്‍ 12നാണ് പ്രവേശന പരീക്ഷ നടക്കുക. മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് https://www.nta.ac.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
സെറ്റ് പരീക്ഷയ്ക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം
ഹയര്‍സെക്കന്ററി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഏപ്രില്‍ 25 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ സമയത്ത് നല്‍കിയ വിവരങ്ങളില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ 28, 29, 30 തീയതികളില്‍ ചെയ്യാവുന്നതാണ്. ജൂലായ് 28നാണ് പരീക്ഷ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് lbsedp.lbscentre.in/setjul24/ എന്ന സൈറ്റ് സന്ദര്‍ശിക്കുക.
പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും
ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പത്താം ക്ലാസ് പ്രവേശനത്തിനായി 'സേവ് എ ഇയര്‍' പരീക്ഷ നടത്തുന്നത്. ചോദ്യ പേപ്പര്‍ സ്‌കൂള്‍ തലത്തില്‍ തന്നെ തയാറാക്കി പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മേയ് 10നു മുന്‍പ് സേ പരീക്ഷ നടത്തണമെന്നാണ് നിര്‍ദേശം.