നിയന്ത്രണരേഖയിലെ വെടിവെയ്പ്പ്; വെടിയുണ്ടകള്‍ കൊണ്ട് മറുപടി നല്‍കുമെന്ന് അമിത് ഷാ
ജമ്മുകശ്മീരില്‍ അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പിന്റെ നാളുകള്‍ അവസാനിച്ചു. പാകിസ്ഥാന്‍ ഇപ്പോള്‍ പ്രധാനമന്ത്രി മോദിയെ ഭയപ്പെടുന്നു. ജമ്മുകശ്മീരില്‍ അധികാരത്തിലുള്ള ആളുകള്‍ വരെ പാകിസ്ഥാനെ ഭയപ്പെട്ടിരുന്ന സമയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ പൂര്‍ണമായും മാറിയിരിക്കുന്നു. ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിവെയ്പ്പുണ്ടായാല്‍ വാക്കുകള്‍ കൊണ്ടല്ല വെടിയുണ്ടകള്‍ കൊണ്ട് തന്നെ അതിന് മറുപടി നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൂഞ്ച് ജില്ലയിലെ മെന്ധര്‍ മേഖലയില്‍ നടന്ന BJP പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026 മാര്‍ച്ചോടെ നക്സലിസം തുടച്ചുനീക്കും: അമിത് ഷാ
നക്സലിസവും നക്സലിസം എന്ന ആശയവും രാജ്യത്ത് നിന്ന് പിഴുതെറിഞ്ഞ് സമാധാനം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ നാല് ജില്ലകളിലൊഴികെ രാജ്യത്ത് നക്സലിസം അവസാനിപ്പിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിജയിച്ചു. 2026 മാര്‍ച്ചിന് മുമ്പ് രാജ്യത്തെ നക്‌സലിസം അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകള്‍ അക്രമം അവസാനിപ്പണമെന്നും ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ അജണ്ടയെന്ന് അമിത് ഷാ
ആര്‍ട്ടിക്കള്‍ 370നെ കോണ്‍ഗ്രസും ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണക്കുന്നതിനെ സംബന്ധിച്ച് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ നിലപാട് ആണെന്നാണ് തെളിയിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസും-നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുളള സഖ്യം അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കള്‍ 370 പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പരാമര്‍ശം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസും പാകിസ്ഥാനും മറന്നു പോയെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.
സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അമിത് ഷാ
ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് നടത്താന്‍ സാധിക്കാതെ പോയ സെന്‍സസ് കണക്കെടുപ്പ് ഓരോ കാരണങ്ങളാല്‍ നീട്ടിവെയ്ക്കുക ആയിരുന്നു. ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്ത വഖഫ് ഭേദഗതി ബില്‍ വരും ദിവസങ്ങളില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നര്‍ മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് MP എ ബിമോള്‍ അക്കോയിജം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. അക്രമത്തില്‍ നൂറുകണക്കിനാളുകളുടെ ജീവന്‍ നഷ്ടമായി. ഏകദേശം 60,000 ആളുകള്‍ ഭവനരഹിതരാക്കപ്പെട്ടു. ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചു. ആയതിനാല്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഷായോട് അഭ്യര്‍ത്ഥിച്ചു.
കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലിലാണ് കേരളത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുരസ്കാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന് കേന്ദ്ര അംഗീകാരം ലഭിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. സെപ്റ്റംബർ 10 ന് ഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.
ജമ്മുകശ്മീര്‍ തീവ്രവാദ കേന്ദ്രത്തില്‍ നിന്ന് ടൂറിസ്റ്റ് കേന്ദ്രമായി മാറി: അമിത് ഷാ
നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജമ്മുകശ്മീര്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രദേശം തീവ്രവാദ കേന്ദ്രം എന്നതില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ദ്വി ദിന സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലേക്ക് പോകവെയാണ് ഷായുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള BJPയുടെ പ്രകടന പത്രികയും അദ്ദേഹം പുറത്തിറക്കും.
ലഡാക്കിൽ പുതുതായി അഞ്ച് ജില്ലകൾ
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതുതായി സൃഷ്ടിച്ച ജില്ലകൾ. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകളാണ് നേരത്തെ ലഡാക്കിലുണ്ടായിരുന്നത്. ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം വന്നിരിക്കുന്നത്. ജില്ലകൾ സൃഷിടിക്കുന്നതിലൂടെ പൊതു സേവനങ്ങളുടെ വിതരണം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും വികസിതവും സമൃദ്ധവുമായ ലഡാക്ക് നിർമിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഈ തീരുമാനത്തിന് കാരണമെന്നും അമിത്ഷാ പറഞ്ഞു.
വയനാട് ദുരന്തം; സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
വയനാട് ദുരന്തത്തെക്കുറിച്ച് അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ സംസ്ഥാനം അതീവഗൗരവത്തോടെ എടുക്കാറുണ്ട്. പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നും ഉത്തരവാദിത്വം ആരുടെയും പെടലിക്കിടരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു; ദുരന്തത്തിൽ കേരളത്തെ കുറ്റപ്പെടുത്തി അമിത്ഷാ
ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് ഈ മാസം രണ്ടു തവണ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ജൂലൈ 23നും 24നുമാണ് മുന്നറിയിപ്പ് നൽകിയത്. 20 സെന്റിമീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അതനുസരിച്ച് കേരളം നടപടി സ്വീകരിച്ചിരുന്നെങ്കിൽ ദുരന്ത വ്യാപ്തി കുറക്കാമായിരുന്നു എന്ന് അമിത്ഷാ രാജ്യസഭയിൽ പറഞ്ഞു. മുന്നറിയിപ്പ് ഗൗരവമായി കാണാതെ സംസ്ഥാന സർക്കാർ അലംഭാവം കാട്ടിയെന്നും അമിത്ഷാ കുറ്റപ്പെടുത്തി.