AI നിര്‍മിത ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് സൊമാറ്റോ
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കിയിരിക്കുന്ന AI ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ അറിയിച്ചിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ AI നിര്‍മിത ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതായി നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമിടയിലുള്ള വിശ്വാസ ലംഘനത്തിലേക്ക് ഇത് നയിക്കുന്നുവെന്നും കൂടാതെ റീഫണ്ടുകള്‍ വര്‍ധിക്കാനും കുറഞ്ഞ ഉപഭോക്തൃ റേറ്റിങ്ങിനും ഇത് കാരണമാകുന്നുവെന്നും സൊമാറ്റോ CEO ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.
സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി
അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയത്. രാജ്യത്തുടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഡെലിവറി ഫീക്കും GSTക്കും പുറമേയാണ് കമ്പനികള്‍ പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്. നിലവില്‍ ഡല്‍ഹിയിലും ബെംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീ മറ്റു നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
പേടിഎമ്മിന്റെ ടിക്കറ്റ് ബുക്കിങ് ബിസിനസ് സൊമാറ്റോയ്ക്ക് കൈമാറാനൊരുങ്ങുന്നു
ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ പേടിഎം തങ്ങളുടെ സിനിമ ടിക്കറ്റ് ബുക്കിങ് ബിസിനസ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോക്ക് കൈമാറുന്ന ചര്‍ച്ചയുടെ ആദ്യഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന കൈമാറ്റമായിരിക്കും നടക്കുക. പേടിഎം പോലെയുള്ള ഫിന്‍ടെക് സ്ഥാപനങ്ങള്‍ അവരുടെ പ്രധാന ബിസിനസില്‍ ഊന്നല്‍ നല്‍കാന്‍ മറ്റുള്ളവ വില്‍പ്പന നടത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊടുംചൂട്: ഉച്ചകഴിഞ്ഞ സമയങ്ങളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൊമാറ്റോ
തീര്‍ത്തും ആവശ്യമില്ലെങ്കില്‍ ഉച്ചകഴിഞ്ഞുള്ള സമയത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കുക എന്നാണ് സൊമാറ്റോ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടുത്ത ചൂട് കാരണം പല സംസ്ഥാനങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സൂര്യാതപ കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. ഡെലിവറി ജീവനക്കാരുടെ സാഹചര്യങ്ങളെ ചിലര്‍ അംഗീകരിച്ചെങ്കിലും ചിലര്‍ കമ്പിനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി സൊമാറ്റോ
തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരില്‍ നിന്ന് ഈടാക്കിയിരുന്ന പ്ലാറ്റ്‌ഫോം ഫീ 5 രൂപയായാണ് സൊമാറ്റോ വര്‍ധിപ്പിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിലാണ് ആദ്യമായി സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ ഈടാക്കി തുടങ്ങിയത്. അന്ന് പ്ലാറ്റ്‌ഫോം ഫീ രണ്ട് രൂപയായിരുന്നു ഇതാണ് ഇപ്പോള്‍ അഞ്ച് രൂപയാക്കിയിരിക്കുന്നത്. സ്വിഗിയും പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്. അഞ്ചു രൂപയാണ് സ്വിഗിയുടേയും പ്ലാറ്റ്‌ഫോം ഫീ.
GST അടക്കാത്തതിന് Zomato യ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
Zomato യ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ഡെലിവറി ചാർജുകൾക്ക് നികുതി അടക്കാത്തതിനാണ് GST അധികൃതരില്‍ നിന്ന് 402 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അതേസമയം ഡെലിവറി പങ്കാളികൾക്ക് വേണ്ടിയുളളതാണ് ഇതെന്നും അതുകൊണ്ട് ഈ ഇനത്തില്‍ നികുതി നൽകേണ്ടതില്ലെന്നുമാണ് കമ്പനി നിലപാട്.