തിക്കും തിരക്കും; വേണാട് എക്‌സ്പ്രസില്‍ 2 സ്ത്രീകള്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ ആളുകള്‍ക്ക് ദുരിതയാത്ര. തിരക്കു കാരണം ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന രണ്ട് സ്ത്രീകള്‍ കഴഞ്ഞു വീണു. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ഓണാവധി കഴിഞ്ഞതിനാല്‍ വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. ട്രെയിനിന്റെ സമയക്രമം മാറ്റിയതും വന്ദേഭാരതിനായി ട്രെയിന്‍ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കിയെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. യാത്രാ ദുരിതം മാറാന്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും എറണാകുളം വഴി മെമു സര്‍വീസ് ആരംഭിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുളള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇന്ത്യയുടെയും നേപ്പാളിന്റെയും സാംസ്‌കാരിക പൈതൃകത്തെ അറിയാന്‍ ഈ യാത്ര സഹായിക്കുമെന്നും താമസത്തിനും യാത്രയ്ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും ഇന്ത്യന്‍ റെയില്‍വേ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അയോധ്യ, സീതാമര്‍ഹി, ജനക്പൂര്‍, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാ പാക്കേജ്.
ഉത്സവകാല തിരക്ക്: ബെംഗളൂരു – കൊച്ചുവേളി റൂട്ടിൽ പൂജ സ്പെഷ്യൽ ട്രെയിൻ
പൂജ അവധിയെ തുടർന്നുള്ള തിരക്ക് പ്രമാണിച്ച് ബെംഗളൂരു - കൊച്ചുവേളി റൂട്ടിൽ പ്രതിവാര പൂജ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചു. ഒക്ടോബർ ഒന്ന് മുതൽ നവംബർ ആറ് വരെയാണ് സർവീസ്. കൊച്ചുവേളി - ബെംഗളൂരു സ്പെഷ്യൽ ഒക്ടോബർ ഒന്ന്, എട്ട്, 15, 22, 29, നവംബർ അഞ്ച് തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 6:05ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10:55ന് ബെംഗളൂരുവിൽ എത്തിച്ചേരും. ഒക്ടോബർ രണ്ട്, 9, 16, 23, 30 നവംബർ 6 തീയതികളിലാണ് ബെംഗളൂരുവിൽ നിന്ന് തിരികെ കൊച്ചുവേളിയിലേക്കുള്ള സർവീസ്. ഉച്ചയ്ക്ക് 12:45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 6:45ന് കൊച്ചുവേളിയിലെത്തും.
ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് അനുമതി
ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചു. ബ്രോഡ്ഗേജ് ഇരട്ടപ്പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിങ്ങനെ 5 സ്റ്റേഷനുകളാണ് ചെങ്ങന്നൂര്‍ പമ്പാ റൂട്ടില്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. പാതയുടെ ആകെ ദൂരം 59. 23 കിലോമീറ്ററായിരിക്കും. ട്രാക്കിന്റെ പരമാവധി വേഗത 200 കിലോമീറ്ററുമാകും. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയ്ക്ക് 6450 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഓണത്തിരക്ക്; കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍
ഓണത്തോട് അനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് സെപ്റ്റംബര്‍ 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേക്ക് AC സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്കു 12.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 9.30നാണ് ചെന്നൈയിലെത്തുക. തിരിച്ച് സെപ്റ്റംബര്‍ 17ന് ചെന്നൈയില്‍ നിന്ന് ഉച്ചയ്ക്കു 3ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.50ന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
ഉത്സവകാല സീസണുകളിൽ ട്രയിനിലെ തിരക്ക് പ്രമാണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തും. ഈ മാസം 20നും ഡിസംബര്‍ രണ്ടിനും ഇടയില്‍ കൊച്ചുവേളി - ഹസ്രത്ത് നിസാമുദീന്‍ റൂട്ടില്‍ ഇത്തരത്തിലെ ആദ്യ ട്രെയിൻ സര്‍വീസ് നടത്തും. പ്രതിവാര സ്പെഷ്യലായിട്ടാകും സർവീസ്. കൊച്ചുവേളി - നിസാമുദീന്‍ സർവീസ് സെപ്റ്റംബർ 20, 27, ഒക്ടോബർ 4, 11, 18, 25, നവംബർ 1, 8, 15, 22, 29 തീയതികളിലാണ്.
നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി: വിജ്ഞാപനം ഇറങ്ങി
നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും മാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് വരുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവില്‍ വരും. ഇതോടെ ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റ്‌ലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും.
എറണാകുളം – ഷൊര്‍ണൂര്‍ ലൈനില്‍ ‘കവച്’ സുരക്ഷാസംവിധാനം നടപ്പാക്കും
ഓട്ടോമാറ്റിക് സിഗ്നലിങ്ങിന് ഒപ്പമാണ് 'കവച്' സുരക്ഷാസംവിധാനവും നടപ്പാക്കുന്നത്. രണ്ട് തീവണ്ടികള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിയ്ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്. 67.99 കോടി രൂപ മതിപ്പ് ചെലവിലാണ് പദ്ധതി നടപ്പാക്കുക. 540 ദിവസമാണ് പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്. ഇതോടെ കേരളത്തില്‍ ആദ്യമായി കവച് സംവിധാനം നടപ്പിലാക്കുന്ന മേഖലയായി എറണാകുളം - ഷൊര്‍ണൂര്‍ ലൈന്‍ മാറും.
ഓണത്തിരക്ക്; ഇന്ന് മുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്
ഓണം പ്രമാണിച്ച് എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിലായിരിക്കും ട്രെയിന്‍ ഓടുക. സെപ്റ്റംബര്‍ നാല്, ആറ് തീയതികളില്‍ എറണാകുളത്ത് നിന്നും അഞ്ച്, ഏഴ് തീയതികളില്‍ യെലഹങ്കയില്‍ നിന്ന് തിരികെയും സര്‍വീസ് നടത്തും. ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജങ്ഷനില്‍ നിന്നും പുറപ്പെടുന്ന എറണാകുളം-യെലഹങ്ക ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06101) തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ അടക്കമുള്ള സ്റ്റേഷന്‍ കടന്ന് രാത്രി 11 മണിയോടെ യെലഹന്‍ങ്കയിലെത്തും. പുലര്‍ച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുക.
കനത്ത മഴ; നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
ദക്ഷിണ റെയില്‍വെ മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാര്‍തി അബാ എക്‌സ്പ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാര്‍ എക്‌സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, തിരുനെല്‍വേലി-പുരുലിയ എക്‌സ്പ്രസ് എന്നിവയുടെ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.