ജമ്മുകശ്മീര്‍ ഭീകരാക്രമണം; തീവ്രവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ
ജമ്മുകശ്മീരിലെ കത്വയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. രാജ്യത്തിനായുള്ള സൈനികരുടെ നിസ്വാര്‍ത്ഥ സേവനം എന്നും ഓര്‍മ്മിക്കപ്പെടും. അവരുടെ ത്യാഗത്തിന് പ്രതികാരം ചെയ്യും. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ട ശക്തികളെ ഇന്ത്യ തോല്‍പ്പിക്കുമെന്നും പ്രതിരോധ സെക്രട്ടറി ഭരത് ഭൂഷണ്‍ ബസു എക്സില്‍ കുറിച്ചു.
2028 ഓടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ
ഈ സാമ്പത്തിക വര്‍ഷത്തിൽ പ്രതിരോധ കയറ്റുമതി 20,000 കോടി രൂപയിലേക്കെത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭങ്ങൾക്ക് നമ്മള്‍ കൂടുതലായി പ്രാധാന്യം നല്‍കുന്നുണ്ട്. പുത്തൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി യുവസംരംഭകർക്ക് നൽകുന്ന സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ 25 കോടി രൂപയായി വർധിപ്പിച്ചതായും രാജ്നാഥ് സിംഗ് പറഞ്ഞു.
ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതിക്കൊരുങ്ങി ഇന്ത്യ
അടുത്ത പത്തു ദിവസത്തിനുള്ളില്‍ മിസൈലുകളുടെ ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി തുടങ്ങും. മാര്‍ച്ച് മാസത്തോടെ ഇവ അയക്കാനാകും എന്നാണ് പ്രതീക്ഷയെന്നും ഡിഫൻസ് റിസർച് ആന്‍റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ചെയര്‍മാന്‍ ഡോ സമീര്‍ വി കാമത്ത് പറഞ്ഞു. ഫിലിപ്പീന്‍സിലേക്ക് ബ്രഹ്മോസ് മിസൈലുകള്‍ അയച്ചിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളില്‍ നിന്നും മിസൈല്‍ വേണമെന്ന ആവശ്യമുയർന്നിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ഇന്ത്യൻ കോസ്റ്റ്ഗാർഡിനായി 14 നിരീക്ഷണ കപ്പലുകള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം
സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രതിരോധ മന്ത്രാലയം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 14 നിരീക്ഷണ കപ്പലുകള്‍ വാങ്ങാനൊരുങ്ങുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസഗോൺ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സുമായി 1,070 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഡ്രോണുകള്‍, വയർലെസ് നിയന്ത്രിത റിമോട്ട് വാട്ടര്‍ റെസ്ക്യൂ ക്രാഫ്റ്റ് ലൈഫ്ബോയ് തുടങ്ങിയവ കപ്പലുകളില്‍ സജ്ജമാക്കും.