കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു
ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ സ്ഥാപിക്കാനൊരുങ്ങുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകൾക്ക് റഡാർ കൊണ്ട് പ്രയോജനമുണ്ടാവും. റഡാർ കോഴിക്കോട്ട് സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ വയനാട്ടിൽ മഴ കൃത്യമായി അളക്കേണ്ടതിന്റെ ആവശ്യകതയുള്ളതിനാലാണ് റഡാർ വയനാട്ടിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. 150 കിലോമീറ്റർ വരെ പരിധിയിൽ സിഗ്നൽ ലഭിക്കാൻ ശേഷിയുള്ള എസ് ബാൻഡ് റഡറാണ് സ്ഥാപിക്കുക. ഇതിനായി സ്ഥലം കണ്ടെത്തി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു: നാളെ മുതൽ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് മഴയ്ക്ക് ശമനം. അടുത്ത ദിവസങ്ങളിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ജില്ലയിലെ ഇന്നത്തെ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു.
കള്ളക്കടല്‍; കേരള, തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം
കേരള തീരത്തും, തമിഴ്നാട് തീരത്തും 18-07-2024 ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. ഇതുകൂടാതെ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ 18-07-2024 രാത്രി 11.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും INCOIS മുന്നറിയിപ്പ് നല്‍കി.
UAEയില്‍ കനത്ത ചൂട് ; താപനില 50 ഡിഗ്രിയ്ക്ക് മുകളില്‍
UAEയില്‍ താപനില കുതിച്ചുയരുന്നു. അബുദാബിയിലെ അല്‍-ഐന്‍ നഗരത്തിലെ സ്വീഹാനില്‍ ഇന്നലെ 50.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. അറേബ്യന്‍ ഉപദ്വീപിനെ ബാധിക്കുന്ന ഉഷ്ണതരംഗം UAEയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും തന്മൂലം മരുഭൂമിയിലും ഉള്‍നാടന്‍ തീരപ്രദേശങ്ങളിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാമെന്നും ഇത് 5 ദിവസത്തേക്ക് തുടരാമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കള്ളക്കടല്‍; കേരള, തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള, തമിഴ്നാട് നാളെ രാത്രി 08.30 മുതല്‍ 21-06-2024 രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ശക്തമായ പൊടിക്കാറ്റ്: മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തി
കനത്ത ചൂടിന് ആശ്വാസമായി എത്തിയ മഴയ്ക്ക് ഒപ്പമാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും മഴയും പൊടിക്കാറ്റും കാരണം ദൂരക്കാഴ്ച കുറവായതിനാൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വിമാന സർവീസുകളും ലാൻഡിംഗുകളും ഉടൻ ആരംഭിക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകളും വൈകി.
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണമെന്നും ബോട്ട്, വള്ളം തുടങ്ങിയവ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
അസ്ഥിരമായ കാലാവസ്ഥ; 17 വിമാനങ്ങള്‍ റദ്ദാക്കി ദുബായ് വിമാനത്താവളം
ദുബായില്‍ നിന്ന് പുറപ്പെടുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിലേക്ക് എത്തുന്ന എട്ട് വിമാനങ്ങളുമാണ് കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങള്‍ അടുത്ത എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചു വിട്ടു. അതേസമയം UAEയിലെ അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് ആന്ധ്രയില്‍
ആന്ധ്രാ പ്രദേശിലെ നന്ദ്യാലിലാണ് ഇന്നലെ രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപെടുത്തിയത്. 44.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. ആന്ധ്രയിലെ അനന്ദപുര്‍ (44.4°C), കുര്‍നൂല്‍ (44.3°C), കുഡ്ഡപ (43.2°C) എന്നിവിടങ്ങളിലും അതികഠിനമാണ് ചൂട്. തിരുപ്പതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 42.4 ഡിഗ്രി സെല്‍ഷ്യസ് ആണ്. താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.