വേതന വര്‍ധനവ് ആവശ്യപ്പെട്ട് സാംസങ്ങില്‍ അനിശ്ചിതകാല തൊഴിലാളിസമരം

ദക്ഷിണകൊറിയയിലെ സാംസങ് ഇലക്ട്രോണിക്സിലാണ് തൊഴിലാളികള്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച മരമാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയിരിക്കുന്നത്. വേതന വര്‍ധനവ്, ജോലിയിലെ കാര്യക്ഷമതയ്ക്ക് അനുസൃതമായ ബോണസ്, യൂണിയന്റെ സ്ഥാപകദിനത്തില്‍ അവധി തുടങ്ങിയവയാണ് സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍. കമ്പനിയുടെ രണ്ടാംപാദ പ്രവര്‍ത്തന ലാഭത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്.

രണ്ടാമത്തെ സൈനിക ചാര ഉപഗ്രഹം വിക്ഷേപിച്ച് സൗത്ത് കൊറിയ

ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. റോക്കറ്റില്‍ നിന്ന് സൈനിക ചാര ഉപഗ്രഹം വിജയകരമായി വേര്‍പ്പെടുത്തിയതായി സൗത്ത് കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഒന്നിലധികം രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൗത്ത് കൊറിയയുടെ ഈ നീക്കം. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായുള്ള കരാരിന്റെ അടിസ്ഥാനത്തില്‍ 2025ഓടെ അഞ്ച് ചാര ഉപഗ്രഹങ്ങള്‍ ദക്ഷിണ കൊറിയ വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണകൊറിയ

ജപ്പാന്‍ കടലിലേക്കാണ് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഖര-ഇന്ധന എഞ്ചിനുള്ള പുതിയ തരം ഇന്റര്‍മീഡിയറ്റ് റേഞ്ച് ഹൈപ്പര്‍സോണിക് മിസൈലാണ് വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയ ഈ വര്‍ഷം ഇതുവരെ നടത്തിയ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. ഉത്തര കൊറിയ മിസൈല്‍ വിക്ഷേപിച്ചതായി ജപ്പാനും സ്ഥിരീകരിച്ചു.

സൗത്ത് കൊറിയയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി AI നിര്‍മിത ഡീപ്പ് ഫേക്ക് വീഡിയോകള്‍ വ്യാപിക്കുന്നു

തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി AI നിര്‍മിത ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും രാജ്യത്ത് പ്രചരിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി ഡീപ്പ് ഫേക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന പുതിയ തിരഞ്ഞെടുപ്പ് നിയമത്തിന്റെ ലംഘനമാണ് ഇത്. ജനുവരി 29 മുതല്‍ കഴിഞ്ഞയാഴ്ച വരെ 129 AI നിര്‍മിത ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി നാഷണല്‍ ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; സെമിഫൈനലില്‍ ഇന്ന് ദക്ഷിണ കൊറിയ ജോര്‍ദാനെ നേരിടും

ഇന്ന് വൈകിട്ട് ആറ് മണിക്ക് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഏഷ്യന്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയും ജോര്‍ദാനും ഏറ്റുമുട്ടിയ മത്സരം സമനിലയിലാണ് പിരിഞ്ഞത്. ഇഞ്ചുറി ടൈമിലാണ് ദക്ഷിണ കൊറിയ സമനില ഗോള്‍ നേടിയത്. ഫിഫ റാങ്കിങ്ങില്‍ ജോര്‍ദാന്‍ 87ാം സ്ഥാനത്തും ദക്ഷിണ കൊറിയ 23ാം സ്ഥാനത്തുമാണ്.

ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി കഴിക്കുന്നത് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്‍റ് പാസാക്കി

വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ കരുത്ത് കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കൊറിയക്കാര്‍ നൂറ്റാണ്ടുകളായി നായകളുടെ മാംസം കഴിക്കുന്നത്. പുതിയ തലമുറ മൃഗസംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് ബില്‍ കൊണ്ടുവരുന്നതിനുളള പ്രചോദനം. 2022ലെ കണക്കനുസരിച്ച് 1600 റസ്റ്റോറന്റുകളാണ് പട്ടിയിറച്ചി വില്‍ക്കുന്നത്.

ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന്‍റെ കഴുത്തില്‍ കുത്തേറ്റു

തുറമുഖ നഗരമായ ബൂസാനില്‍ വെച്ചാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ തലവന്‍ ലീ ജേ മ്യൂങ്ങിന് കുത്തേറ്റത്. മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങാനെന്ന വ്യാജേന അക്രമി ലീയുടെ അടുത്തെത്തുകയായിരുന്നു. ദക്ഷിണ കൊറിയയില്‍ 2027 ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീ മത്സരിക്കുമെന്നാണ് കരുതുന്നത്.