ചെങ്കടലിൽ ഇന്ത്യയിലേക്ക് വരുന്ന എണ്ണ കപ്പലില്‍ ഹൂതികളുടെ മിസൈൽ പതിച്ചു

റഷ്യയിലെ പ്രിമോർസ്കിൽ നിന്ന് ഇന്ത്യയിലെ വാഡിനാറിലേക്ക് വരികയായിരുന്ന ആൻഡ്രോമിഡ സ്റ്റാർ എണ്ണക്കപ്പലിലാണ് ചെങ്കടലിൽ വെച്ച് മിസൈലുകള്‍ പതിച്ചത്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ അറിയിച്ചു. ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ ഉളള ഹൂതികള്‍ നവംബർ മുതൽ ചെങ്കടൽ, ഏദൻ ഉൾക്കടൽ തുടങ്ങിയവിടങ്ങളിൽ തുടര്‍ച്ചയായി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുകയാണ്.

ചെങ്കടലില്‍ ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലുള്‍പ്പടെ 2 കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം

യെമന്‍ തുറമുഖമായ ഹൊഡെയ്ഡയുടെ പടിഞ്ഞാറ് ചെങ്കടലിന്റെ തെക്ക് ഭാഗത്താണ് ആദ്യത്തെ ആക്രമണം നടന്നത്. യെമനിലെ തെക്കന്‍ തുറമുഖ നഗരമായ ഏഡനിലാണ് രണ്ടാമത്തെ കപ്പല്‍ ആക്രമണത്തിനിരയായത്. പാലസ്തീന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ നവംബര്‍ മുതലാണ് ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം ആരംഭിച്ചത്.

ചെങ്കടലിലെ സംഘര്‍ഷം: ഇന്ത്യയില്‍നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധി

ചെങ്കടലിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കപ്പലുകള്‍ റൂട്ട് മാറിപ്പോവുന്നതിനാല്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. കപ്പലുകള്‍ക്ക് കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റി യൂറോപ്പിലെത്താന്‍ 6500 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ ചെലവ് വര്‍ധിച്ചു. ഇതിന് ആനുപാതികമായി വിലയും കൂടിയതിനാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് വിദേശരാജ്യങ്ങള്‍ കുറച്ചിരിക്കുകയാണ്. ഇതാണ് പ്രതിസന്ധിയാവുന്നത്. Read More

ഹൂതികളുടെ മിസൈൽ ആക്രമണത്തില്‍ എണ്ണ കപ്പലിന് തീ പിടിച്ചു

ഗൾഫ് ഓഫ് ഏദനിൽ മാർലിൻ ലുവാണ്ട എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിനെയാണ് ഹൂതികള്‍ ആക്രമിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ചെങ്കടലിലും പരിസരത്തുമായി ഹൂതികൾ വാണിജ്യ ഷിപ്പിംഗിന് നേരെ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണിത്. ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് സംഭവം നടന്നത്.

ഹൂതികൾക്കെതിരെ വീണ്ടും ആക്രമണം നടത്തി USഉം UKയും

യെമനിലെ എട്ട് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് പെന്റഗൺ അറിയിച്ചു. ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയത്. ലോകത്തെ ഏറ്റവും മികച്ച വാണിജ്യ പാതയായ ചെങ്കടലില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് US പറഞ്ഞു.

യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ ആക്രമിച്ച് USഉം UKയും

ചെങ്കടലില്‍ ഹൂതികള്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നതിന് തിരിച്ചടിയായാണ് യെമനിലെ ഒരു ഡസനിലധികം ഹൂതി കേന്ദ്രങ്ങള്‍ US, UK സേന തകര്‍ത്തത്. വിമാനം, കപ്പൽ, അന്തർവാഹിനി തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഹൂതികളുടെ സൈനിക ശേഷി ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടത്തിയതെന്ന് US അറിയിച്ചു.

ചെങ്കടലില്‍ ഹൂതികളുടെ ആക്രമണം തുടരുന്നു; അയച്ചത് 21 ഡ്രോണുകളും മിസൈലുകളും

തെക്കൻ ചെങ്കടലിൽ അന്താരാഷ്ട്ര കപ്പൽപ്പാതയിലേക്ക് യെമൻ ആസ്ഥാനമായുള്ള ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും US, UK സേന വെടിവെച്ചിട്ടു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നവംബർ 19 ന് ശേഷം ചെങ്കടലില്‍ ഹൂതികൾ നടത്തുന്ന 26ാമത്തെ ആക്രമണമാണിത്.

ഇന്ത്യക്കാര്‍ അടങ്ങിയ ചരക്കുകപ്പല്‍ അറബിക്കടലില്‍ വെച്ച് കൊള്ളക്കാര്‍ തട്ടിയെടുത്തു

15 ഇന്ത്യക്കാരുളള കപ്പല്‍ സൊമാലിയൻ തീരത്ത് നിന്നാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ലൈബീരിയന്‍ പതാകയുള്ള എം.വി. ലില നോർഫോക് എന്ന കപ്പലാണ് തട്ടിയെടുത്തതെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. INS ചെന്നൈയേയും മാരിടൈം പട്രോൾ എയർക്രാഫ്റ്റിനേയും ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചതായും നാവികസേന വ്യക്തമാക്കി.

ചെങ്കടലില്‍ അമേരിക്കയുടെ അവസാന മുന്നറിയിപ്പും അവഗണിച്ച് ഹൂതികള്‍

ചെങ്കടലിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ഹൂതി ഡ്രോൺ ബോട്ട് പൊട്ടിത്തെറിച്ചെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് യുഎസ് നാവികസേന അറിയിച്ചു. യുഎസ്, ബ്രിട്ടൻ, ജപ്പാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾ ഹൂതികൾക്ക് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണം.

ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി US അടക്കമുളള 12 രാജ്യങ്ങള്‍

ചെങ്കടലില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബെൽജിയം, അമേരിക്ക അടക്കമുളള രാജ്യങ്ങള്‍ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഹൂതി വിമതർ ഇസ്രായേല്‍ യുദ്ധത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹൂതികളുടെ കപ്പലുകളുടെ നേര്‍ക്കുളള ആക്രമണം മൂലം ചരക്ക് വിതരണ ശൃംഖല തകരുമെന്ന് വ്യാപക ആശങ്കയുണ്ട്.