LGBTQ വ്യക്തികള്‍ക്ക് ഇനി ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാം

LGBTQ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ഇനി മുതല്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. അക്കൗണ്ട് ഉടമ മരണപ്പെടുന്ന സാഹചര്യത്തില്‍ അക്കൗണ്ടിലെ ബാക്കി തുക സ്വീകരിക്കുന്നതിന് ക്വിയര്‍ റിലേഷന്‍ഷിപ്പിലുള്ള വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും നിയന്ത്രണമുണ്ടാകില്ല. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് വ്യക്തത നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരവുമായി RBI ; സമ്മാനമായി 10 ലക്ഷം രൂപ നേടാം

ബിരുദതലത്തിലുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് RBI ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. RBIയുടെ 90ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ നടക്കുന്ന മത്സരമാണിത്. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയിരിക്കും മത്സരത്തില്‍ ഉണ്ടാകുക. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരങ്ങള്‍ നടക്കും. ഓണ്‍ലൈനായാണ് മത്സരങ്ങള്‍ നടക്കുക.

ആശ്വാസം; റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് 6.5% ആയി തുടരാന്‍ തീരുമാനിച്ചത്. ആറംഗ കമ്മിറ്റിയില്‍ നാല് പേരും തീരുമാനത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് വര്‍ധിച്ചാല്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പകളുടെ പലിശ നിരക്ക് വര്‍ധിക്കും. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി RBI

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപകടം ഒഴിവാക്കുന്നതിനായി സജീവമായ സംവിധാനങ്ങളെല്ലാം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് പേരുകേട്ട ലുല്‍സെക് ഗ്രൂപ്പാണ് ഇന്ത്യന്‍ ബാങ്കുകളെ ലക്ഷ്യമിടുന്നതെന്നാണ് RBI പറയുന്നത്.

കേരള ബാങ്കിനെ റിസർവ് ബാങ്ക് തരംതാഴ്ത്തി

റിസർവ് ബാങ്ക് കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി. നബാർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്കിൻ്റെ നടപടി. വായ്പ നൽകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള ബാങ്കിന് ഇനിമുതൽ 25 ലക്ഷത്തിനു മുകളിൽ വ്യക്തിഗത വായ്പ നൽകാൻ കഴിയില്ല. കേരള ബാങ്കിന്റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസർബാങ്ക് ഏർപ്പെടുത്തിയ അതോറിറ്റിയാണ് നബാർഡ്. ഭരണസമിതിയിൽ രാഷ്ട്രീയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാതിരുന്നതും ആണ് കേരള ബാങ്കിന് തിരിച്ചടിയായത്.

UPI ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് RBI

ബാലന്‍സ് നിശ്ചിത പരിധിയില്‍ താഴെ പോവുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി പണം വരവുവെച്ച് UPI ലൈറ്റില്‍ പണം നിറയ്ക്കാനുള്ള സൗകര്യമാണ് RBI ഏര്‍പ്പെടുത്തിയിരിക്കുന്നത്. UPI ലൈറ്റില്‍ ബാലന്‍സ് നിശ്ചയിക്കാന്‍ ഉപഭോക്താവിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും UPI ലൈറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്ന് RBI അറിയിച്ചു. ഇ-മാന്‍ഡേറ്റ് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.

പണ, വായ്പാനയം പ്രഖ്യാപിച്ച് RBI

മുഖ്യ പലിശനിരക്കില്‍ വീണ്ടും മാറ്റം വരുത്താതെയാണ് RBI പണനയം പ്രഖ്യാപിച്ചത്. ബാങ്കുകള്‍ക്ക് RBI നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഭക്ഷ്യവിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്നതിലും RBI ആശങ്ക രേഖപ്പെടുത്തി.

ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് RBI

RBI ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നടപടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കൊള്ളുന്നത്. മാര്‍ച്ച് അവസാനം RBIയുടെ പക്കല്‍ 822.1 ടണ്‍ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അതില്‍ 413.8 ടണ്‍ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. വരും മാസങ്ങളില്‍ സമാനമായ അളവില്‍ സ്വര്‍ണം രാജ്യത്തേക്ക് എത്തിച്ചേക്കുമെന്നാണ് RBI പറയുന്നത്.

RBIയുടെ ബാലന്‍സ് ഷീറ്റില്‍ 11.08 ശതമാനം വര്‍ധന

2023-24ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാര്യമായ വളര്‍ച്ച കൈവരിച്ചതായി RBI. വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 70.48 ലക്ഷം കോടിയാണ് ബാലന്‍സ് ഷീറ്റ്. ബാങ്കുകളുടെയും കോര്‍പ്പറേറ്റുകളുടെയും മെച്ചപ്പെട്ട ബാലന്‍സ് ഷീറ്റ് വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായെന്നും RBI വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജിഡിപി വളര്‍ച്ച ഏഴു ശതമാനത്തിന് മുകളിലായി.

രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തില്‍ വന്‍ വര്‍ധന

രാജ്യത്തെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാത്ത 78,213 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണ് അണ്‍ക്ലെയ്മ്ഡ് നിക്ഷേപത്തില്‍ ഉണ്ടായതെന്ന് RBIയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ നാളായി നിര്‍ജീവമായ അക്കൗണ്ടുകള്‍ നിരന്തരമായ നിരീക്ഷണത്തില്‍ വെയ്ക്കണമെന്ന് ബാങ്കുകള്‍ക്ക് RBI നിര്‍ദേശം നല്‍കി.