ബെവ്‌കോ മദ്യം ലക്ഷദ്വീപില്‍ വില്‍ക്കാന്‍ അനുമതി

മദ്യം വില്‍ക്കാനായി സംസ്ഥാന സര്‍ക്കാര്‍ ബെവ്‌ക്കോയ്ക്ക് അനുമതി നല്‍കി ഉത്തരവിറക്കി. ലക്ഷദ്വീപിലെ ബെഗാരം ദ്വീപിലെ ടൂറിസ്റ്റുകള്‍ക്കായി മദ്യവില്‍പ്പന നടത്താനാണ് തീരുമാനം. മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം സംസ്ഥാന എക്സൈസ് വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ ലക്ഷദ്വീപ് അഡ്മിസ്‌ട്രേഷനുമായി ചര്‍ച്ച നടത്തി. എക്‌സൈസ് കമ്മീഷണറുടെ അപേക്ഷ പരിഗണിച്ച സര്‍ക്കാര്‍ ഒറ്റത്തവണയായി ലക്ഷദ്വീപിലേക്ക് മദ്യവില്‍പ്പന നടത്താന്‍ ബെവ്‌ക്കോയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

ഉഷ്ണതരംഗം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ നശിക്കുന്നുവെന്ന് പഠനം

ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റിന്റെ ഏറിയ പങ്കും കോറല്‍ ബ്ലീച്ചിങ്ങിന് വിധേയമായെന്നാണ് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമായത്. സമുദ്രജലത്തിലെ താപനിലയിലുണ്ടാവുന്ന വര്‍ധനവാണ് കോറല്‍ ബ്ലീച്ചിങ്ങിന് കാരണമാകുന്നത്. ചൂട് കാരണം പവിഴപ്പുറ്റുകള്‍ അവയ്ക്കുള്ളില്‍ വസിക്കുന്ന സൂസാന്തില്ലകളെന്ന ഭക്ഷണ നിര്‍മാതാക്കളായ സൂക്ഷ്മജീവികളെ പുറന്തള്ളുകയും ഇതോടെ നിറം നഷ്ടമാകുന്ന പവിഴപ്പുറ്റുകള്‍ നശിച്ചുപോവുകയും ചെയ്യുന്ന പ്രതിഭാസമാണിത്.

ലക്ഷദ്വീപില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

ഇന്നലെ അര്‍ദ്ധരാത്രി 12.15 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റര്‍ വടക്ക് 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപ് ടൂറിസത്തില്‍ വളര്‍ച്ച

പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ ദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി ടൂറിസം ഓഫീസര്‍ ഇംതിയാസ് മുഹമ്മദ്. ലക്ഷദ്വീപ് ടൂറിസം പാക്കേജുകളെക്കുറിച്ച് അറിയാന്‍ ആളുകള്‍ക്ക് വളരെ ആകാംക്ഷയുണ്ട്. ദേശീയതലത്തില്‍ നിന്ന് മാത്രമല്ല അന്തര്‍ദേശീയ ടൂറിസം വിപണിയില്‍ നിന്നും ദ്വീപിനെക്കുറിച്ചുളള അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഡിസംബറിലാണ് മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചത്.

സുരക്ഷ മുന്‍നിര്‍ത്തി ലക്ഷദ്വീപില്‍ രണ്ട് നാവിക സേനാ താവളങ്ങള്‍ നിര്‍മിക്കാന്‍ തയാറെടുത്ത് ഇന്ത്യ

അഗത്തി, മിനിക്കോയ് ദ്വീപുകളിലാണ് സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്. തെക്കു കിഴക്കന്‍ ഏഷ്യ, വടക്കന്‍ ഏഷ്യ എന്നിവടങ്ങളിലേക്ക് കോടിക്കണക്കിന് മൂല്യമുള്ള ചരക്കു കപ്പലുകളുടെ ഗതാഗതം നടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലില്‍ സ്ഥിതി ചെയ്യുന്ന മിനിക്കോയ്, അഗത്തി ദ്വീപുകള്‍ തന്ത്രപ്രധാനമായ കേന്ദ്രമാണ്. ഇന്തോ-പസഫിക് മേഖലയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ് താവളങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്കും ലക്ഷദ്വീപിലേക്കും കൂടുതല്‍ വിമാന സര്‍വീസുകളുമായി സിയാല്‍

ലക്ഷദ്വീപിലേക്കുള്ള അലയന്‍സ് എയറിന്റെ സര്‍വീസ് ഏഴില്‍ നിന്ന് ഒമ്പതാക്കി ഉയര്‍ത്തുമെന്നും ഗള്‍ഫ് രാജ്യങ്ങളിലെ പല നഗരങ്ങളിലേക്കായി അധിക സര്‍വീസുകള്‍ നടത്തും എന്നുമാണ് സിയാല്‍ അറിയിച്ചിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സും ഇന്‍ഡിഗോയും ആകാശ എയറും 14 പ്രതിവാര സര്‍വീസുകളും അധികമായി നടത്തും. യാത്രാ നിരക്ക് കുറയുമെന്നും ഇക്കൊല്ലം യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സിയാല്‍ വ്യക്തമാക്കി.

ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

പോർട്ട് കണക്ടിവിറ്റി, ടൂറിസം മേഖലയിലെ അടിസ്ഥാന വികസനം, മറ്റു അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കി ലക്ഷദ്വീപിലേക്കുളള ടൂറിസം പ്രോത്സാഹിപ്പിക്കും. മാലദ്വീപുമായുള്ള നയതന്ത്ര തർക്കം നിലനില്‍ക്കുമ്പോള്‍ ലക്ഷദ്വീപിനെപ്പറ്റി കേന്ദ്ര ബജറ്റിൽ പരാമർശിച്ചത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശം സന്ദർശിച്ചതിനു ശേഷം ഇവിടേക്കുളള ടൂറിസ്റ്റുകളുടെ വരവ് കൂടിയിട്ടുണ്ട്.

ലക്ഷദ്വീപിൽ സ്വിഗ്ഗി ഫുഡ് ഡെലിവറി സർവീസ് ആരംഭിക്കുന്നു

ദേശീയ വ്യാപകമായി സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിലും സ്വിഗ്ഗി സേവനങ്ങൾ ആരംഭിക്കുന്നത്. ദ്വീപിൽ പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിക്കുന്ന സ്വിഗ്ഗി സൈക്കിളിൽ മാത്രമാകും ഡെലിവെറികൾ നടത്തുക. സ്വിഗ്ഗി പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രാദേശിക റെസ്റ്റോറന്റുകളുടെ ശാക്തീകരണത്തിനും അവസരം ലഭിക്കും.

ലക്ഷദ്വീപിന് വന്‍ ടൂറിസ്റ്റ് പ്രവാഹം കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് MP മുഹമ്മദ് ഫൈസൽ

സോഷ്യൽ മീഡിയയില്‍‌ "ചലോ ലക്ഷദ്വീപ്" ആഹ്വാനം ഏറ്റുവാങ്ങി ഒട്ടേറെ ആഭ്യന്തര ടൂറിസ്റ്റുകളാണ് യാത്ര ആസൂത്രണം ചെയ്യുന്നത്. ഇതേതുടര്‍ന്ന് ഫ്ലൈറ്റുകളില്‍ സീറ്റുകള്‍ ലഭിക്കാത്ത അവസ്ഥയും താമസിക്കാന്‍ ഹോട്ടൽ മുറികള്‍ ഇല്ലാത്ത അവസ്ഥയും ഉണ്ടാകുന്നു. കൂടാതെ ദ്വീപിന്റെ പരിസ്ഥിതി ദുർബല സാഹചര്യം കൂടി കണക്കില്‍ എടുക്കണമെന്നും പാര്‍ലമെന്‍റ് അംഗം ഫൈസൽ പറഞ്ഞു.

ലക്ഷദ്വീപില്‍ പുതിയ സംരഭവുമായി ടാറ്റ ഗ്രൂപ്പ്

ടാറ്റയുടെ ഉപകമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയാണ് താജ് ബ്രാന്‍ഡിലുള്ള രണ്ട് ഹോട്ടലുകള്‍ ലക്ഷദ്വീപില്‍ ആരംഭിക്കാൻ ഒരുങ്ങുന്നത്. സുഹേലി, കദ്മത് എന്നീ ദ്വീപുകളിലാണ് ഹോട്ടലുകൾ നിര്‍മിക്കുക. ഹോട്ടലുകള്‍ 2026-ഓടെ പ്രവര്‍ത്തനം ആരംഭിക്കും.