ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കൊളംബിയ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയയുടെ വിജയം. പരിക്കുമൂലം ലയണല്‍ മെസ്സി ഈ മത്സരത്തില്‍ കളിച്ചിരുന്നില്ല. തോറ്റെങ്കിലും എട്ടു മത്സരങ്ങഴളില്‍ നിന്ന് ആറു വിജയം നേടി 18 പോയിന്റുമായി അര്‍ജന്റീന തന്നെയാണ് ടൂര്‍ണമെന്റില്‍ മുന്നിലുളളത്.

കരാർ ലംഘനം: ഫുട്ബോൾ താരം അൻവർ അലിക്ക് നാല് മാസം വിലക്കും, പിഴയും

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിയെ നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് സസ്പെൻഡ് ചെയ്തു. കാലാവധി കഴിയുന്നതിന് മുന്നേ അൻവർ അലി 2024 ജൂലൈയിൽ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സുമായുള്ള കരാർ അവസാനിപ്പിച്ച്‌ ഡൽഹി FC യിലേക്ക് മടങ്ങി. തുടർന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അലി ട്രാന്‍സ്ഫര്‍ കരാറില്‍ ഈസ്റ്റ് ബംഗാളിലെത്തി. ഇത് നിയമലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. കൂടാതെ ഡൽഹിയും, ഈസ്റ്റ് ബംഗാളും, അൻവർ അലിയും ചേർന്ന് 12.90 കോടി രൂപ പിഴയും നൽകണം. പിഴത്തുകയുടെ പകുതി അൻവർ അലിയാണ് നൽകേണ്ടത്. Read More

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനൊരുങ്ങി സർക്കാർ

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഇന്ന് സ്പെയിനിലേക്ക് യാത്രതിരിക്കും. മാഡ്രിഡില്‍ എത്തുന്ന മന്ത്രി വി. അബ്ദുറഹിമാനും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. മന്ത്രിക്കൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്. സൗഹൃദ മത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായികമന്ത്രി വ്യക്തമാക്കിയത്. അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.

ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

യുറുഗ്വേന്‍ ഫുട്ബോൾ ഇതിഹാസം ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. യുറുഗ്വേയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ (69) നേടിയ താരം എന്ന റെക്കോർഡ് നേട്ടത്തോടെയാണ് സുവാരസ് തന്റെ ശ്രദ്ധേയമായ കരിയറിന് വിരാമമിടുന്നത്. വെള്ളിയാഴ്ച പരാഗ്വേക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരമാകും യുറുഗ്വേ കുപ്പായത്തിൽ 37 കാരനായ സുവാരസിന്റെ അവസാന മത്സരം. 2007ൽ യുറുഗ്വേ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച സുവാരസ് 2010ൽ ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയ ടീമിലും, 2011ലെ കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും അംഗമായിരുന്നു.

യുട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UR എന്ന രണ്ടക്ഷരം വെച്ചാണ് ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാനല്‍ തുടങ്ങിയത്. താരം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഓരോ സെക്കന്റിലും ആയിരക്കണക്കിന് പേരാണ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്. യൂട്യൂബ് ചാനലില്‍ ഫുട്ബോള്‍ മാത്രമായിരിക്കില്ല കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു.

യുവേഫ സൂപ്പര്‍ കപ്പ് കിരീടപ്പോരാട്ടം ഇന്ന്

ഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡ് അറ്റലാന്റയെ നേരിടും. പോളണ്ടിലെ വാഴ്സോ നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. റയല്‍ മാഡ്രിഡ് ജഴ്സിയില്‍ കിലിയന്‍ എംബാപ്പേയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റയല്‍ മാഡ്രിഡും അറ്റലാന്റയും നേര്‍ക്കുനേര്‍ വരുന്ന മൂന്നാമത്തെ മത്സരമാണിത്. ആദ്യ രണ്ട് കളിയിലും റയല്‍ മാഡ്രിഡ് തന്നെയാണ് വിജയിച്ചത്.

പാരിസ് ഒളിമ്പിക്‌സ്: സമനിലയല്ല, അര്‍ജന്റീനയ്ക്ക് തോല്‍വി

അസാധാരണ സംഭവവികാസങ്ങള്‍കൊണ്ട് സമ്പന്നമായി പാരിസ് ഒളിമ്പിപിക്‌സിലെ ആദ്യ ഫുട്ബോൾ മത്സരം. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ അര്‍ജന്റീന സമനില നേടിയതായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഗോള്‍ അനുവദിച്ച തീരുമാനം റഫറി പിന്‍വലിക്കുകയായിരുന്നു. കളി സമനിലയെന്ന് പ്രഖ്യാപിച്ച് ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷം ഇന്‍ജുറി ടൈമിലെ അവസാന മൂന്ന് മിനിറ്റ് ഒരിക്കല്‍ക്കൂടി ഇരു ടീമുകളും കളത്തിലിറങ്ങിയെങ്കിലും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മൊറോക്കോ വിജയിച്ചു. മൊറോക്കോയ്ക്കായി സൂഫിയാന്‍ റാഹിമിയാണ് രണ്ട് ഗോളുകളും നേടിയത്.

ഒളിമ്പിക്‌സ് ഫുട്‌ബോള്‍: ഇൻജുറി ടൈമിൽ സമനില നേടി അർജന്റീന

പാരീസ് ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ മൊറോക്കോയ്‌ക്കെതിരെ അർജന്റീനയ്ക്ക് സമനില. ഇൻജുറി ടൈം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെയാണ് അർജന്റീന മൊറോക്കോയ്ക്കെതിരെ സമനില ഗോൾ നേടിയത്. രണ്ടുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ ശക്തമായ തിരിച്ച് വരവ്. മൊറോക്കോയ്ക്കായി സൂഫിയാന്‍ റാഹിമിയാണ് രണ്ട് ഗോളുകളും നേടിയത്. ക്രിസ്റ്റിയന്‍ മെദിനയും ഗിയുലിയാനോ സിമിയോണിയുമാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. ഒളിമ്പിക്‌സ് ഫുട്‌ബോളിലെ മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തി.

പാരിസ് ഒളിമ്പിക്സിൽ ഫുട്ബോൾ മത്സരങ്ങൾക്ക് നാളെ തുടക്കമാകും

പാരിസ് ഒളിമ്പിക്സിന് ജൂലൈ 26ന് തിരശീല ഉയരും. ഉദ്ഘാടനത്തിന് മൂന്ന് നാൾ കൂടിയുണ്ടെങ്കിലും പുരുഷ, വനിത ഫുട്ബോൾ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. അണ്ടർ 23 ടീമുകളാണ് പുരുഷ ഫുട്ബോളിൽ പങ്കെടുക്കുന്നതെങ്കിലും മൂന്ന് സീനിയർ താരങ്ങളും ടീമിലുണ്ട്. ഫുട്ബോളിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്‍റീന മൊറോക്കോയെ നേരിടും. മറ്റൊരു മത്സരത്തിൽ യൂറോകപ്പ് ചാമ്പ്യന്മാരായ സ്പെയിൻ ഉസ്ബക്കിസ്ഥാനെ നേരിടും. ഓഗസ്റ്റ് 10നാണ് ഫുട്ബോൾ മത്സരങ്ങളുടെ ഫൈനൽ.

സ്പാനിഷ് വിങ്ങർ നിക്കോ വില്യംസിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ ഒരുങ്ങുന്നു

ഇത്തവണത്തെ യൂറോ കപ്പിൽ സ്പെയിൻ കിരീടം നേടിയതിൽ നിക്കോ വില്യംസ് ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. ടൂർണമെന്റിന് പിന്നാലെ തന്നെ താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്സയ്ക്ക് താൽപര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെ നിരവധി ബാഴ്സ ആരാധകരാണ് ടിക് ടോക്കിലൂടെ ക്ലബ്ബിന് പണമയച്ചത്. ബാഴ്സ നിക്കോയുമായുള്ള സൈനിങ്ങിന് തൊട്ടടുത്താണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ അത്‌ലറ്റിക്കോ ബിൽബാവോയുടെ താരമായ നിക്കോയ്ക്ക് 58 ദശലക്ഷം യൂറോയാണ് റിലീസ് ക്ലോസ് ഉള്ളത്. നിക്കോയെ ടീമിൽ എത്തിക്കാൻ പല ഇംഗ്ലീഷ് ക്ലബ്ബുകളും ശ്രമിക്കുന്നുണ്ട്.