സാംസങ് ഗാലക്സി ബുക്ക് 4 എഡ്ജ് പുറത്തിറക്കി

സാംസങ്ങിന്റെ കോപൈലറ്റ് കീയോടുകൂടിയ ആദ്യ AI പേഴ്സണല്‍ കംപ്യൂട്ടറാണിത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ എക്സ് എലൈറ്റ് CPU ആണ് ഈ കംപ്യൂട്ടറിന് ശക്തിപകരുന്നത്. ഈ ലാപ്ടോപ്പിനെ ഗാലക്സി ഫോണുമായി ബന്ധിപ്പിച്ചും പ്രവര്‍ത്തിപ്പിക്കാനാവും. ഒപ്പം ലൈവ് ട്രാന്‍സ്ലേറ്റ്, ചാറ്റ് അസിസ്റ്റ്, സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങിയ ഗാലക്സി AI ഫീച്ചറുകളും ഉപയോഗിക്കാം. 14 ഇഞ്ച്, 16 ഇഞ്ച് മോഡലുകളാണ് ഇതിനുള്ളത്. ഇതിന് 16 GB റാമും 1 TB എസ്എസ്ഡി സ്റ്റോറേജുമുണ്ട്.

എന്‍വിഡിയ H100 ചിപ്പുകള്‍ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി യോട്ട ഡാറ്റ സര്‍വീസസ്

അന്താരാഷ്ട്ര AI വ്യവസായ രംഗത്ത് ഉപയോഗിക്കുന്ന ശക്തിയേറിയ ചിപ്പുകളുടെ ശ്രേണിയിലാണ് എന്‍വിഡിയയുടെ H100 ഉളളത്. മുംബൈയിലെ സ്റ്റാര്‍ട്ടപ്പ് ആയ യോട്ട ഡാറ്റ സര്‍വീസസിനുള്ള ആദ്യ ബാച്ചില്‍ 4000 ല്‍ ഏറെ H100 ചിപ്പുകളാണ് എത്തിയിരിക്കുന്നത്. AI രംഗത്ത് ശക്തമായ മുന്നേറ്റത്തിന് ഇന്ത്യയെ സഹായിക്കുന്നത് ആകും H100 ചിപ്പുകളുടെ വരവ്.

2029 ഓടെ മനുഷ്യരുടെ ബുദ്ധിയെ AI മറികടക്കുമെന്ന് എലോണ്‍ മസ്‌ക്

കംപ്യൂട്ടേഷണല്‍ ശക്തി, അല്‍ഗൊരിതം, ഡാറ്റാ പ്രൊസസിങ് തുടങ്ങിയ മേഖലകളില്‍ കമ്പ്യൂട്ടര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ചാറ്റ് GPT യുടെ വരവിന് ശേഷം ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികള്‍‌ ജനറേറ്റീവ് AI രംഗത്ത് വന്‍ പരീക്ഷണങ്ങളിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. അതിവേഗം പരിഷ്‌കരിക്ക പെട്ടുകൊണ്ടിരിക്കുന്ന ജനറേറ്റീവ് AI മോഡലുകള്‍ യാഥാര്‍ത്ഥ്യമാകുന്ന സമയത്താണ് എലോണ്‍ മസ്‌കിന്‍റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി AI അടക്കമുള്ള നിരവധി ഫീച്ചറുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

ഉപയോക്താക്കളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ജെമിനി AI മെസേജ് ഉള്‍പ്പെടെ ആകെ ഒമ്പത് ഫീച്ചറുകളാണ് ഗൂഗിള്‍ കൊണ്ടുവരുന്നത്. ഗൂഗിള്‍ കാഴ്ച വൈകല്യമുള്ളവരെ സഹായിക്കാനുള്ള AI ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചറുകള്‍ നിലവില്‍ ബീറ്റ ടെസ്റ്റിങ്ങിലാണ്.

AIയെ നിയന്ത്രിക്കാനുള്ള കരട് നിയമം ജൂണ്‍ ജൂലായ് മാസങ്ങളിലായി പുറത്തിറക്കുമെന്ന് രാജീവ് ചന്ദ്ര ശേഖര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുക എന്നതും അതോടൊപ്പം AI ദുരുപയോഗം ചെയ്യാതിരിക്കാനുള്ള സംരക്ഷണം ഒരുക്കുക എന്നതുമാണ് കരട് നിയമം കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഇലക്ട്രോണിക്സ്, IT സഹമന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു. AIയെ നിയന്ത്രിക്കുന്നതിനുള്ള നിയമം രൂപീകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ സജീവമായി നടത്തിവരുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷവും മന്ത്രി പറഞ്ഞിരുന്നു.

സൗത്ത് കൊറിയയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി AI നിര്‍മിത ഡീപ്പ് ഫേക്ക് വീഡിയോകള്‍ വ്യാപിക്കുന്നു

തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി AI നിര്‍മിത ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും രാജ്യത്ത് പ്രചരിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി ഡീപ്പ് ഫേക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന പുതിയ തിരഞ്ഞെടുപ്പ് നിയമത്തിന്റെ ലംഘനമാണ് ഇത്. ജനുവരി 29 മുതല്‍ കഴിഞ്ഞയാഴ്ച വരെ 129 AI നിര്‍മിത ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി നാഷണല്‍ ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

SPB യുടെ ശബ്‌ദം AI ഉപയോഗിച്ച് പുനസൃഷ്ടിച്ചതിനെതിരെ കുടുംബം രംഗത്ത്

അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ ശബ്‌ദം ഡീപ്ഫേക്ക് സാങ്കേതിക വിദ്യയിലൂടെ അനുമതി ഇല്ലാതെ പുനസൃഷ്ടിച്ചതിന് തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിർമ്മാതാക്കൾക്കും സംഗീതസംവിധായകർക്കും SPB യുടെ മകൻ എസ്.പി കല്യാൺ വക്കീൽ നോട്ടീസ് അയച്ചു. അദ്ദേഹത്തിന്റെ ശബ്‌ദം അനശ്വരമായി നിലനിർത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ ഇത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിൽ നിരാശയുണ്ടെന്നും എസ്.പി കല്യാൺ പറഞ്ഞു.

വാക്കുകളില്‍ നിന്ന് വീഡിയോ നിര്‍മിക്കുന്ന സാങ്കേതിക വിദ്യയുമായി OpenAI

ChatGPT നിര്‍മാതാക്കളായ OpenAIയുടെ CEO സാം ആള്‍ട്ട്മാന്‍ എക്‌സിലൂടെയാണ് വാക്കുകളില്‍ നിന്ന് വീഡിയോ നിര്‍മിക്കുന്ന പുതിയ AI മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. സോറ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മോഡലിന് വാക്കുകളില്‍ നിന്ന് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സൃഷ്ടിക്കാനാകും. ഒന്നിലധികം കഥാപാത്രങ്ങള്‍, കൃത്യമായ ചലനങ്ങള്‍, വിശദമായ പശ്ചാത്തലം എന്നിവ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ സോറക്ക് കഴിയുമെന്ന് OpenAI പറയുന്നു.

AI ഗവേഷണങ്ങൾക്കായി UK 100 മില്യൺ പൗണ്ട്സ് ചെലവഴിക്കുന്നു

AI യുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും അതിന്റെ പരിശീലനങ്ങൾക്കുമായി UK 100 മില്യൺ പൗണ്ട്സ് ചെലവഴിച്ച് പദ്ധതി തയ്യാറാക്കാൻ ഒരുങ്ങുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ AI യുടെ ഉപയോഗം പ്രയോജനപ്പെടുത്തുക, AI യുടെ നേട്ടങ്ങളെയും അപകടസാധ്യതകളെയും കുറിച്ച് ആളുകൾക്ക് മനസിലാക്കി കൊടുക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്.

ഉപയോക്താക്കള്‍ക്കായി AI ഷോപ്പിംഗ് അസിസ്റ്റന്റിനെ അവതരിപ്പിച്ച് ആമസോണ്‍

ഉപയോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കഴിഞ്ഞ ആഴ്ചയാണ് റൂഫസ് എന്ന AI ഷോപ്പിംഗ് അസിസ്റ്റന്റിനെ ആമസോണ്‍ അവതരിപ്പിച്ചത്. റൂഫസ് ചാറ്റ്‌ബോട്ട് ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയും ഉല്‍പ്പന്നങ്ങള്‍ താരതമ്യം ചെയ്യുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ആമസോണ്‍ വ്യക്തമാക്കി. നിലവില്‍ usലെ ആമസോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമെ സേവനം ലഭ്യമാവുകയുള്ളു.