കാട്ടിനുള്ളില്‍ കഴുകന്മാര്‍ക്കായൊരു റെസ്റ്റോറന്റ്

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയ്ക്കടുത്തുള്ള കാക്കപ്പാടം, ബന്ദിപ്പൂര്‍, മുതുമല വനമേഖലകളാണ് കഴുകന്മാരുടെ റെസ്റ്റോറന്റായി മാറിയിരിക്കുന്നത്. വാഹനാപകടത്തിലോ അല്ലാതെയോ ചാവുന്ന മൃഗങ്ങളെയാണ് ഈ സ്ഥലങ്ങളില്‍ കൊണ്ടിടുക. അവ കഴുകന്മാര്‍ ഭക്ഷണമാക്കി മാറ്റും. അടുത്തിടെ മാനന്തവാടിയില്‍ നിന്ന് പിടികൂടി ചരിഞ്ഞ തണ്ണീര്‍ക്കൊമ്പനെന്ന കാട്ടാനയെയും കഴുകന്മാര്‍ക്കിട്ടു കൊടുത്തിരുന്നു.

ഗുരുതര വംശനാശഭീഷണി നേരിട്ടിരുന്ന കഴുകന്മാരുടെ എണ്ണം കൂടുന്നു

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി നടത്തിയ കഴുകന്മാരുടെ കണക്കെടുപ്പിലാണ് എണ്ണത്തിൽ വർധനവുണ്ടായതായി കണ്ടെത്തിയത്. ലോങ് ബില്‍ഡ് വള്‍ച്ചര്‍, റെഡ് ഹെഡഡ് വള്‍ച്ചര്‍, ഈജിപ്ഷ്യന്‍ വള്‍ച്ചര്‍, ഹിമാലയന്‍ വള്‍ച്ചര്‍ എന്നീ ഇനങ്ങളെയാണ് സര്‍വേയ്ക്കിടെ കണ്ടെത്തിയത്. കേരളത്തിൽ മുതുമലയിലാണ് ഏറ്റവുമധികം കഴുകന്മാര്‍ വാസമുറപ്പിച്ചിരിക്കുന്നത്.