ഹോട്ടലുകളില്‍ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: ടൂറിസം വകുപ്പ്

സംസ്ഥാനത്തെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക. ടൂറിസം ഡയറക്ടര്‍ ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പരിശോധിക്കും.

വിനോദസഞ്ചാരികള്‍ക്കായി അറബി ഭാഷാ ഹെല്‍പ്പ്ലൈന്‍ ആരംഭിച്ച് ഇന്ത്യ

അറബ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാനും അവരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനുമായാണ് ടൂറിസം മന്ത്രാലയം ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ടോള്‍ ഫ്രീ നമ്പറായ 1800111363 ലൂടെ സഞ്ചാരികള്‍ക്ക് അറബിയില്‍ യാത്രാ വിവരങ്ങളും സേവനങ്ങളും ലഭിക്കും. ഹിന്ദിയ്ക്കും ഇംഗ്ലീഷിനും പുറമെ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ജാപ്പനീസ്, കൊറിയന്‍, മാന്‍ഡാരിന്‍ (ചൈനീസ്), പോര്‍ച്ചുഗീസ്, റഷ്യന്‍ എന്നിവയാണ് ഹെല്‍പ്പ്ലൈനിലുള്ള ഭാഷകള്‍.

മഴ ശക്തം; കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജൂലൈ 18 വരെ പ്രവേശനം അനുവദിക്കില്ലെന്നാണ് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ ജൂലൈ 18 വരെ ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ രാത്രികാല യാത്രയ്ക്കും ജൂലൈ 25 വരെ ജില്ലയിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാഗപട്ടണത്തുനിന്ന് ലൂര്‍ദ് പള്ളി വരെ; തീര്‍ഥാടന ടൂറിസത്തിന്റെ സര്‍ക്യൂട്ട് മനസ്സിലുണ്ടെന്ന് സുരേഷ് ഗോപി

നാഗപട്ടണത്തുനിന്ന് തുടങ്ങി തൃശ്ശൂരിലെ ലൂര്‍ദ്മാതാവിന്റെ പള്ളി വരെ നീളുന്ന ടൂറിസം സര്‍ക്കീറ്റിന്റെ രൂപരേഖ തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വേളാങ്കണ്ണി, ഡിണ്ടിഗല്‍, മംഗളാദേവി, മലയാറ്റൂര്‍ പള്ളി, ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മ കബറിടം, കാലടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് മനസ്സിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബില്‍ 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് അഞ്ചു വര്‍ഷത്തിനകം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 30 വരെ നീലഗിരിയില്‍ E-പാസ് നിര്‍ബന്ധമാക്കി

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും E-പാസുകള്‍ നല്‍കുന്നുണ്ടെന്നും വിനോദസഞ്ചാരികള്‍ക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് E-പാസ് നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് E-പാസ് ഏര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും E-പാസുകള്‍ ആവശ്യമില്ല.

ആഡംബര ക്രൂസ് ഷിപ്പുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന

കൂടുതല്‍ വിദേശ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് ചൈനയുടെ ഈ തീരുമാനത്തിന്റെ ലക്ഷ്യം. മേയ് 15 മുതലാണ് ഈ സ്‌കീം നിലവില്‍ വരിക. ക്രൂസ് ഷിപ്പുകളില്‍ എത്തുന്നവര്‍ക്ക് 15 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാമെന്ന് നാഷണല്‍ ഇമിഗ്രേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ഷാങ്ഹായ്, ചിങ്ഡാവോ എന്നിവ ഉള്‍പ്പെടുന്ന തിരഞ്ഞെടുത്ത 13 തുറമുഖങ്ങള്‍ വഴിയാണ് വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുക.

കക്കയം ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറന്നു

നൂറ് ദിവസത്തിന് ശേഷമാണ് കക്കയം ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു കേന്ദ്രം അടച്ചിട്ടിരുന്നത്. കക്കയം ഫോറസ്റ്റ് ഓഫീസില്‍ സച്ചിന്‍ ദേവ് MLAയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 20നാണ് എറണാകുളം സ്വദേശിയായ യുവതിയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചത്.

കഴിഞ്ഞ വര്‍ഷം മിസോറാം സന്ദര്‍ശിച്ചത് 1.96 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍

2023ല്‍ മൊത്തം 1,96,880 വിനോദസഞ്ചാരികള്‍ മിസോറാം സന്ദര്‍ശിച്ചു. ഇതില്‍ 1,93,445 പേര്‍ ആഭ്യന്തര സഞ്ചാരികളും 3,435 പേര്‍ വിദേശികളുമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു. 1,162 സഞ്ചാരികളുമായി മിസോറാം സന്ദര്‍ശിക്കുന്ന വിദേശികളുടെ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്തുളളത്. കുന്നുകള്‍, താഴ്‌വരകള്‍, വെള്ളച്ചാട്ടങ്ങള്‍, പൈതൃക ഗ്രാമങ്ങള്‍, വൈവിധ്യമാര്‍ന്ന സസ്യ-ജന്തു ജാലങ്ങള്‍ എന്നിവയാണ് പ്രധാനമായും മിസോറാമിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

നഗരത്തില്‍ പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തി വെനീസ്

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. അഞ്ച് യൂറോയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. വെനീസിന്റെ പ്രവേശന കവാടങ്ങളില്‍ ടിക്കറ്റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെയും നിയമിക്കും. തുടക്കത്തില്‍ തിരക്കുള്ള ദിവസങ്ങളില്‍ മാത്രമായിരിക്കും ടിക്കറ്റ് എടുക്കേണ്ടി വരിക. മറ്റുള്ള ദിവസങ്ങളില്‍ സാധാരണ രീതിയില്‍ തന്നെയായിരിക്കും പ്രവേശം.

അതിര് കടന്ന് ടൂറിസം പ്രവര്‍ത്തനങ്ങള്‍; പുതിയ ഹോട്ടലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ആംസ്റ്റര്‍ഡാം

അമിത ടൂറിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ആംസ്റ്റര്‍ഡാം സിറ്റി കൗണ്‍സില്‍ പുതിയ ഹോട്ടലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ കാരണം ഇവിടുത്തെ പൊതുജനങ്ങളുടെ ജീവിതം തന്നെ ദുസഹമാകുന്ന സാഹചര്യമാണിപ്പോള്‍. ഇനി ആംസ്റ്റര്‍ഡാമില്‍ നിലവിലുള്ള ഒരു ഹോട്ടല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മാത്രമേ പുതിയ ഹോട്ടല്‍ നിര്‍മിക്കാനാവൂ.