ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ബാധകം: സുപ്രീംകോടതി

2005ലെ ഗാർഹിക പീഡന സംരക്ഷണ നിയമം മത ഭേദമന്യേ ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്. ജീവനാംശവും, നഷ്ടപരിഹാരവും നൽകുന്നതുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് മതപരമായ ബന്ധമോ, സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും 2005ലെ നിയമം ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.

ബലാത്സംഗക്കേസ്; സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സിദ്ദിഖ്

താരസംഘടനയായ അമ്മയും WCCയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്ന് നടന്‍ സിദ്ദിഖ്. സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടന്റെ വാദം. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. സംഭവം നടന്ന് എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികതയും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം ഒളിവില്‍ പോയ സിദ്ദിഖിനെ പോലീസിന് ഇതുവരെ കണ്ടെത്തനായിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ED അറസ്റ്റ് ചെയ്ത തമിഴ്‌നാട് മുന്‍ മന്ത്രി വി. സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. ഗതാഗത മന്ത്രിയായിരുന്ന കാലത്ത് വിവധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരെയുളള കേസ്. ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.

സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കും

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനുളള നടന്‍ സിദ്ദിഖിന്റെ നീക്കത്തിനെതിരെ സര്‍ക്കാര്‍. ജാമ്യാപേക്ഷക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കും. അതിജീവിതയും സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിലാണ്. സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ തുടരുകയാണ്.

ഷുഹൈബ് വധക്കേസ്: CBI അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തളളിയത്. സംഭവം നടന്ന് അഞ്ച് വര്‍ഷമായി. അന്തിമ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. അതിനാല്‍ CBI അന്വേഷണം എന്ന ആവശ്യത്തില്‍ ഇടപെടാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു.

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണ്: സുപ്രീംകോടതി

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി ഉത്തരവ്. ഇത്തരം ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് ശിക്ഷാര്‍ഹമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വിധി പുറപ്പെടുവിക്കുന്നതില്‍ മദ്രാസ് ഹൈക്കോടതിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

നിലയ്ക്കൽ – പമ്പ റൂട്ടില്‍ സർവീസ് നടത്താൻ KSRTC ക്ക് മാത്രം അധികാരം; സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം

ശബരിമല തീർത്ഥാടകരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്നും നിലയ്ക്കൽ – പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ സർവീസ് നടത്താൻ തങ്ങൾക്ക് മാത്രമാണ് അധികാരമെന്നും അറിയിച്ച് KSRTC സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മണ്ഡല-മകരവിളക്ക് കാലത്ത് നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യ സർവീസ് നടത്താൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷിത്തിന്റെ ലക്ഷ്യം അനാവശ്യ ലാഭമാണെന്നും KSRTC സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമം: പി. സന്തോഷ് കുമാർ MP നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ചട്ടങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് രാജ്യസഭാ MP പി. സന്തോഷ് കുമാർ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. 2019ൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം മതേതരമാക്കുന്നതിനായി സന്തോഷ് കുമാർ രാജ്യസഭയിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. സ്വകാര്യ ബില്ലിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സുപ്രീംകോടതിയില്‍ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.Read More

ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ദേവസ്വം ബോർഡിൻ്റെ പുതിയ കമ്മിഷണറായി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി. പ്രകാശിനെ നിയമിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡിൻ്റെ അധികാരങ്ങൾ കവർന്നെടുക്കുന്നുവെന്നും ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നുവെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ദേവസ്വം ബോർഡ് ആരോപിച്ചു.

ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

രാജ്യത്ത് ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീംകോടതി. കോടതിയുടെ അനുവാദമില്ലാതെ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് വീടുകളും, കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. അതേസമയം, പൊതുറോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ല. ഒക്ടോബർ ഒന്നിന് ബുൾഡോസർ രാജുമായി ബന്ധപ്പെട്ട ഹർജി വീണ്ടും പരിഗണിക്കും. അതുവരെയാണ് ബുൾഡോസർ രാജ് വിലക്കിയിരിക്കുന്നത്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും കൈയ്യേറ്റവും ആരോപിച്ച് വീടുകളും, കെട്ടിടങ്ങളും നിരന്തരമായി പൊളിച്ചുനീക്കിയതോടെയാണ് വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ.