SSLC സേ പരീക്ഷ മെയ് 28 മുതൽ

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് അവസരമൊരുക്കാനായി നടത്തുന്ന സേ പരീക്ഷ മെയ് 28 മുതൽ ജൂൺ നാല് വരെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ വിജ്ഞാപനമിറക്കി. SSLC പരീക്ഷയിൽ ഇത്തവണ 99.69 ശതമാനമായിരുന്നു വിജയം.

SSLC പുനര്‍മൂല്യനിര്‍ണയത്തിനുളള അപേക്ഷ ഇന്ന് മുതല്‍ നല്‍കാം

SSLC പരീക്ഷാഫലത്തിന്റെ പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ സൂക്ഷ്മ പരിശോധന, പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നല്‍കാം. ഇന്നു മുതല്‍ മെയ് 15 വരെ sslcexam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കാനാകുക. അതേസമയം ഉപരിപഠനത്തിന് അര്‍ഹതനേടാത്ത റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ ആറു വരെ നടത്തും. ജൂണ്‍ രണ്ടാംവാരമാകും ഇതിന്റെ ഫലം പ്രഖ്യാപിക്കുക.

SSLC പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

4,27,153 പേര്‍ പരീക്ഷ എഴുതിയതില്‍ 99.69 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിളക്കമാര്‍ന്ന വിജയം കൈവരിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും യോഗ്യത നേടാന്‍ കഴിയാതെ പോയവര്‍ നിരാശരാകാതെ അടുത്ത അവസരത്തില്‍ വിജയം സ്വന്തമാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

4,25,563 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71,831 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയിലാണ്(4934). ഇത്തവണ ഏറ്റവും കൂടുതല്‍ വിജയശതമാനം കോട്ടയത്താണ് (99.92). തിരുവനന്തപുരത്താണ്(99.08) ഏറ്റവും കുറവ്. അതേസമയം ഇത്തവണ വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞു.Read More

SSLC പരീക്ഷാ ഫലം ഇന്നറിയാം

SSLC പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷയുടെ ഫലപ്രഖ്യാപനവും ഉണ്ടാകും. ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയർ സെക്കൻഡറി, VHSE പരീക്ഷയുടെ ഫലങ്ങൾ നാളെ പ്രഖ്യാപിക്കും. www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലുടെയും PRD Live മൊബൈൽ ആപ്പിലൂടെയും റിസൾട്ട് അറിയാൻ സാധിക്കും.

SSLC ഫലപ്രഖ്യാപനം നാളെ

2023-24 അധ്യായന വർഷത്തെ SSLC പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. 4,27,105 വിദ്യാർത്ഥികള്‍ ആയിരുന്നു ഈ വർഷം SSLC പരീക്ഷയില്‍ പങ്കെടുത്തത്. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ റിസൾട്ട് പരിശോധിക്കാനാകും. മെയ് 9 നാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയുടെ ഫലപ്രഖ്യാപനം.

SSLC പരീക്ഷാ ഫലം മെയ് 8 ന് പ്രസിദ്ധീകരിക്കും

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് SSLC പരീക്ഷകളുടെ ഫലം മെയ് 8 ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 11 ദിവസം മുന്‍പ് ഫല പ്രഖ്യാപനം നടത്തുന്നതിനുളള ഒരുക്കങ്ങളാണ് നടത്തുന്നതെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. മെയ് 9 ന് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 4,27,105 വിദ്യാർത്ഥികള്‍ ആയിരുന്നു ഈ വർഷം SSLC പരീക്ഷയില്‍ പങ്കെടുത്തത്.

SSLC പരീക്ഷയുടെ ഗ്രേസ് മാർക്ക് നിശ്ചയിച്ചു

ജില്ലാ തലം മുതൽ അന്താരാഷ്ട്ര തലം വരെയുള്ള മത്സരങ്ങളിലെ നേട്ടം കണക്കിലെടുത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് 3 മുതൽ 100 മാർക്കു വരെ നൽകുന്നതാണ്. എട്ടോ ഒമ്പതോ ക്ലാസുകളിലെ സംസ്ഥാന മത്സരങ്ങളിലെ നേട്ടം പത്താം ക്ലാസിൽ പരിഗണിക്കുന്നതിനുളള വ്യവസ്ഥകളും വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശങ്ങളില്‍ ഉണ്ട്. എട്ടാം ക്ലാസിലെ മെറിറ്റിലാണ് അപേക്ഷിക്കുന്നത് എങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാ തലത്തിൽ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്.

മെയ് ആദ്യ ആഴ്ച SSLC പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ ആകുമെന്ന് പ്രതീക്ഷ

SSLC പരീക്ഷയുടെ മൂല്യനിർണയം ഇന്നലെ പൂർത്തിയായി. 70 ക്യാമ്പുകളിലായി 14,000 ത്തോളം അധ്യാപകരാണ് SSLC മൂല്യനിർണയത്തില്‍ ഉണ്ടായിരുന്നത്. ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും അടുത്ത ആഴ്ചയോടെ പൂർത്തിയാകും, 77 ക്യാമ്പുകളിലായി 25,000 ത്തോളം അധ്യാപകരാണ് ഹയർസെക്കൻഡറി മൂല്യനിർണയത്തിനായി പ്രവര്‍ത്തിക്കുന്നത്. മെയ് പത്തിനുളളില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ ആകുമെന്ന് അധികൃതര്‍ അറിയിച്ചു.

പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും

ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പത്താം ക്ലാസ് പ്രവേശനത്തിനായി 'സേവ് എ ഇയര്‍' പരീക്ഷ നടത്തുന്നത്. ചോദ്യ പേപ്പര്‍ സ്‌കൂള്‍ തലത്തില്‍ തന്നെ തയാറാക്കി പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മേയ് 10നു മുന്‍പ് സേ പരീക്ഷ നടത്തണമെന്നാണ് നിര്‍ദേശം.