മുകേഷ്, ജയസൂര്യ,ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരായ പരാതി; 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ്

മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയ നടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പത്ത് മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുപ്പാണ് ഉണ്ടായത്. പ്രത്യേക അന്വേഷണ സംഘമാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. ആറ് കേസുകള്‍ കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തും ആണെന്ന് മൊഴിയെടുത്തതിന് ശേഷം പൊലീസ് പറഞ്ഞു.

IAS കോച്ചിങ് സെന്ററില്‍ വെള്ളം കയറി വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; 2 പേര്‍ കസ്റ്റഡിയില്‍

റാവൂസ് കോച്ചിങ് സെന്റര്‍ ഉടമ, കോര്‍ഡിനേറ്റര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹിയിലെ IAS പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി ഒരു മലയാളി ഉള്‍പ്പടെ മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

KSEB ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി അജ്മലിന്റെ മാതാവ്

KSEB ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിലാണ് പരാതി. വൈദ്യുതി വിച്ഛേദിക്കാന്‍ വീട്ടിലെത്തിയ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് അജ്മലിന്റെ മാതാവ് തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഉദ്യോഗസ്ഥര്‍ എത്തിയാല്‍ അക്രമം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.

ജമ്മു കശ്മീരില്‍ സൈനികര്‍ പോലീസുകാരെ സ്‌റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി

ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എത്തിയ സൈനികര്‍ കുപ്‌വാരയിലെ പോലീസ് സ്റ്റേഷനില്‍ കയറുകയും പോലീസുകാരെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പാരതി. സൈനികരുടെ മര്‍ദനമേറ്റ നാല് പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. മര്‍ദനത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസോ സൈന്യമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കളമശ്ശേരി സ്ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തമ്മനം സ്വദേശി ഡൊമനിക് മാര്‍ട്ടിനെ ഏക പ്രതിയാക്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് സ്‌ഫോടനത്തിന് പ്രേരിപ്പിച്ചതെന്നും സംഭവത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2023 ഒക്ടോബര്‍ 29നാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്‌ഫോടനം നടന്നത്. ഇതില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ആന്ധ്രാ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് NTR പോലീസ്. വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് DCP കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്സ് ADCP ആര്‍. ശ്രീഹരിബാബു എന്നിവരുമായി 9490619342, 9440627089 എന്നീ നമ്പരുകളില്‍ യഥാക്രമം ബന്ധപ്പെടാമെന്നും വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്നും പോലീസ് അറിയിച്ചു.Read More

വടം കഴുത്തില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവം; പോലീസിനെതിരെ കുടുംബം

റോഡിന് കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി മനോജ് കണ്ടിരിക്കില്ല. ബാരിക്കേഡോ റിബണ്‍കെട്ടിയ വലിയ വടമോ ഉപയോഗിച്ചിരുന്നെങ്കില്‍ മനോജ് മരിക്കില്ലായിരുന്നെന്നും സഹോദരി ചിപ്പി പറഞ്ഞു. സഹോദരന്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞത് തെറ്റാണെന്നും ഡോക്ടര്‍ അടക്കം പറഞ്ഞത് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി വടുതല സ്വദേശി മനോജ് ഉണ്ണി (28) മരിച്ചത്.

പാനൂരിലെ ബോംബ് നിര്‍മാണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടായിരുന്നു ബോംബ് നിര്‍മാണം എന്ന് പറയുന്നത്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നുവെന്നും കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കി. അമല്‍ ബാബുവാണ് ബോംബുകള്‍ ഒളിപ്പിച്ചതെന്നും മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബംഗാള്‍ പോലീസിന്റെ FIRനെതിരെ ഹൈക്കോടതിയെ സമീപിച്ച് NIA

പശ്ചിമ ബംഗാള്‍ പോലീസ് ഫയല്‍ ചെയ്ത FIR തള്ളിക്കളയണമെന്നാവശ്യപ്പെട്ട് NIA കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ജയ് സെന്‍ഗുപ്തയുടെ ബെഞ്ച് കേസ് ഇന്ന് പരിഗണിച്ചേക്കും. 2022 ലെ ഭൂപതിനഗര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് NIA അറസ്റ്റ് ചെയ്ത മനോബ്രത ജനയുടെ ഭാര്യ മോനി ജനയാണ് റെയ്ഡിനിടെ NIA ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായും വീട് നശിപ്പിച്ചതായും പരാതി നല്‍കിയത്. അതേസമയം അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ ആള്‍ക്കൂട്ടം ആക്രമിച്ചതായി NIAയും പരാതി നല്‍കിയിട്ടുണ്ട്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

ഗുജറാത്തിലെ രാജ്കോട്ട് സ്വദേശികളായ ജിഗ്‌നേഷ് മലാനി, കശ്യപ് കുമാര്‍ ലലാനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇവര്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ന്യൂക്ലിയര്‍ ബോംബ് കൈയ്യിലുണ്ടെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.