കേന്ദ്ര ബജറ്റ്: വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ
ഓരോ വര്‍ഷവും വിദ്യാഭ്യാസ വായ്പയെടുക്കുന്ന ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇ-വൗച്ചര്‍ നല്‍കും. ഇതിലൂടെ മൂന്ന് ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.
ആദായ നികുതി ഘടന പരിഷ്‌കരിച്ചു
മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000ത്തില്‍ നിന്ന് 75000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിനും ഏഴ് ലക്ഷത്തിനുമിടയില്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ അഞ്ച് ശതമാനം നികുതി നല്‍കണം. ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക വരുമാനം നേടുന്നവര്‍ക്ക് 10 ശതമാനവും 10 മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി അടയ്‌ക്കേണ്ടത്.
കേന്ദ്ര ബജറ്റ്: വില കുറച്ചവ
സ്വര്‍ണത്തിനും വെള്ളിയ്ക്കും കസ്റ്റംസ് തീരുവ ആറ് ശതമാനമാക്കി കുറച്ചതായി ധമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രാമിന് 420 രൂപ വരെ കുറയാന്‍ സാധ്യതയുണ്ട്. മൂന്ന് കാന്‍സര്‍ മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. എക്‌സറേ ട്യൂബുകള്‍ക്കും തീരുവ കുറച്ചു. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും 15 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 25 ധാതുക്കള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിനുള്ള തീരുവയും കുറച്ചു. ലതറിനും തുണിത്തരങ്ങള്‍ക്കും വില കുറയുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം; നൈപുണ്യ നയം വികസിപ്പിക്കും
രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നൈപുണ്യ നയം വികസിപ്പിക്കുന്നതിനായി അഞ്ചു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 1000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ നവീകരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് 500 കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
PM ആവാസ് യോജന പ്രകാരം 3 കോടി വീടുകള്‍ കൂടി
നഗര ഭവന പദ്ധതിക്കായി അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് 2.2 ലക്ഷം കോടി രൂപ കേന്ദ്രവിഹിതമായി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. നഗരമേഖലകളിലെ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മധ്യവര്‍ഗകുടുംബങ്ങള്‍ക്കും ഭവനപദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി ഡോര്‍മറ്ററി പോലെ റെന്റല്‍ ഹൗസിങ് സൗകര്യം ഏര്‍പ്പെടുത്തും.
മുദ്ര ലോണ്‍ ഇരട്ടിയാക്കിയതായി ധനമന്ത്രി
മുദ്ര ലോണ്‍ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ചെറുകിട വ്യവസായ വികസനത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകള്‍ രാജ്യത്തുടനീളം തുറക്കും. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി ക്രെഡിറ്റ് ഗാരന്റി പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പദ്ധതികള്‍
കേന്ദ്ര ബജറ്റില്‍ ആന്ധ്രയ്ക്ക് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചു. ആന്ധ്രയില്‍ മൂലധന നിക്ഷേപം കൂട്ടുമെന്നും ധനമന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതിയും കൊണ്ടു വരും. ഹൈദരാബാദ് -ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോറും പ്രഖ്യാപിച്ചു. ബിഹാറിന് വിമാനത്താവളങ്ങള്‍, എക്‌സ്പ്രസ് വേ, സാമ്പത്തിക ഇടനാഴി എന്നിവ പ്രഖ്യാപിച്ചു. ബിഹാറില്‍ ദേശീയപാത വികസനത്തിന് 26,000 കോടി പ്രഖ്യാപിച്ചു.
ബജറ്റ് അവതരണം തുടങ്ങി; ഇന്ത്യ തിളങ്ങുന്നുവെന്ന് ധനമന്ത്രി
മൂന്നാം തവണയും മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന് നന്ദി അറിയിച്ചു കൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുശക്തമെന്നും പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനായെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും 4 കോടി യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുമെന്നും വ്യക്തമാക്കി. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഏഴാമത്തെ ബജറ്റാണിത്.
പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് അയോധ്യ രാമക്ഷേത്ര നിര്‍മാണവും പ്രാണപ്രതിഷ്ഠയും സംബന്ധിച്ച വിഷയത്തില്‍ ഇരു സഭകളിലും ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് BJP ചീഫ് വിപ്പ് ഡോ. ലക്ഷ്മികാന്ത് ബാജ്‌പേയി ഇരുസഭകളിലെയും പാര്‍ട്ടി അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വിപ്പ് നല്‍കിയിരുന്നു. ഇന്ത്യ സഖ്യത്തിലെ MPമാര്‍ ഇന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ യോഗം ചേരും.
വനിതാ സംവരണ ബിൽ പാസാക്കിയതിന് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതി
പ്രതിസന്ധികൾക്കിടയിലും സമ്പദ്‌വ്യവസ്ഥയില്‍ വളർച്ച കൈവരിക്കാന്‍ ഇന്ത്യക്കായി. മുത്തലാഖ് നിരോധിച്ചത് കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടമാണ്. നരേന്ദ്ര മോദിയുടെ 10 വർഷത്തെ ഭരണത്തിൽ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടിയതായും പാർലമെന്‍റില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.