കല്‍ക്കി 2898 AD OTT റിലീസ് തീയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കൽക്കി ഓഗസ്റ്റ് 22ന് OTT യിലെത്തും. ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോസുമാണ് നടത്തുക. ഓഗസ്റ്റ് 22ന് ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗാണ് ആരംഭിക്കുക. ജൂൺ 27ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തില്‍ 1200 കോടിയിലധികം നേടി. കല്‍ക്കി ഇന്ത്യയില്‍ നിന്ന് മാത്രം 650 കോടിയോളം കളക്ഷൻ നേടി. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി, ശോഭന തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്.

ഇന്ത്യന്‍ 2 ഓഗസ്റ്റ് 9 ന് OTTയിലെത്തും

എസ്. ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തിയ ഇന്ത്യന്‍ 2വിന്റെ OTT റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സിലൂടെ ഓഗസ്റ്റ് ഒമ്പതിനാണ് ചിത്രം OTTയില്‍ എത്തുക. കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യന്‍' വന്‍ ഹിറ്റായിരുന്നു. ഇതിന്റെ രണ്ടാം ഭാഗമെന്ന നിലയിലാണ് ഇന്ത്യന്‍ 2 എത്തിയത് എങ്കിലും പ്രതീക്ഷയ്‌ക്കൊത്ത വിജയം നേടാന്‍ ഈ ചിത്രത്തിന് സാധിച്ചില്ല.

‘ഗുരുവായൂരമ്പല നടയില്‍’ ജൂണ്‍ 27 ന് OTTയിലെത്തും

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തിയ 'ഗുരുവായൂരമ്പലനടയില്‍' OTTയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂണ്‍ 27 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജയ ജയ ജയഹേയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. മെയ് 16ന് തീയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 90 കോടിയോളം രൂപ കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

പാസ്‌വേര്‍ഡ് ഷെയറിങിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഗുണം ചെയ്‌തെന്ന് നെറ്റ്ഫ്‌ളിക്‌സ്

പാസ്‌വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരു അക്കൗണ്ട് ഉപയോഗിക്കുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിലൂടെ പുതിയ വരിക്കാരുടെ എണ്ണം വര്‍ധിച്ചതായി OTT പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കി. ആഗോള തലത്തില്‍ 2024ന്റെ ആദ്യ പാദത്തില്‍ 93 ലക്ഷം പുതിയ വരിക്കാരെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വര്‍ധനവാണ് ഉണ്ടായത്. ഇതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ മൊത്തം വരിക്കാരുടെ എണ്ണം 26.9 കോടിയായി ഉയര്‍ന്നു.

അശ്ലീല ഉള്ളടക്കം; 18 OTT പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടഞ്ഞ് കേന്ദ്രം

ഒന്നിലധികം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അശ്ലീല ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്ന 18 OTT പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. 19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍, ഈ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമാക്കിയതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. 2000ലെ IT ആക്ട് പ്രകാരമാണ് തീരുമാനം.Read More

സര്‍ക്കാരിന്റെ OTT ‘സി സ്‌പേസ്’ പ്രവര്‍ത്തനമാരംഭിച്ചു

സി സ്‌പേസിന്റെ നിര്‍വഹണ ചുമതല KSDFCക്കാണ്. 60 അംഗ ക്യുറേറ്റര്‍ സമിതിയാണ് പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ 42 സിനിമകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന OTT പ്ലാറ്റ്‌ഫോമാണ് സി സ്‌പേസ്. ഈടാക്കുന്ന തുകയുടെ പകുതിയാണ് പ്രൊഡ്യൂസര്‍ക്ക് നല്‍കുക. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സി സ്‌പേസ് ലഭിക്കും.

ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’ OTT യിൽ സ്ട്രീമിംഗ് ആരംഭിച്ചു

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രം 'ഡങ്കി' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. 2023 ഡിസംബർ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഷാരൂഖ് ഖാന് പുറമെ വിക്കി കൗശൽ, തപ്‌സി പന്നു, ജ്യോതി സുഭാഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ OTTയിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം മലൈക്കോട്ടൈ വാലിബന്‍ മാര്‍ച്ച് ആദ്യവാരം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലെത്തുമെന്ന് ഒടിടി പ്ലേ. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 29.65 കോടിയുടെ കളക്ഷന്‍ നേടിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ദ കേരള സ്റ്റോറിയുടെ OTT റിലീസ് തീയതി പ്രഖ്യാപിച്ചു

ഫെബ്രുവരി 16ന് സീ 5ലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ആദ ശര്‍മ്മയാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം കഴിഞ്ഞ വര്‍ഷം മെയ് 5നായിരുന്നു തീയറ്ററില്‍ റിലീസ് ചെയ്തത്.

അയലാൻ ഫെബ്രുവരി 16ന് OTTയിൽ എത്തും

ശിവകാർത്തികേയനെ നായകനാക്കി ആർ. രവികുമാർ സംവിധാനം ചെയ്ത തമിഴ് ചിത്രം അയലാൻ ഫെബ്രുവരി 16 മുതൽ Sun NXT ൽ സ്ട്രീം ചെയ്യും. രാകുൽ പ്രീത് സിംഗ്, ശരദ് കേൽക്കർ, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.